ചരിത്ര പ്രസിദ്ധമായ മണ്ണാറശാല ആയില്യം ഇന്ന്

ദര്‍ശന സായൂജ്യം തേടി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.  

Ajitha Kumari | Updated: Nov 1, 2018, 11:55 AM IST
ചരിത്ര പ്രസിദ്ധമായ മണ്ണാറശാല ആയില്യം ഇന്ന്

രിത്രപ്രസിദ്ധമായ മണ്ണാറശാല ആയില്യം ഇന്ന്. നാഗദൈവങ്ങള്‍ക്ക് പ്രധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം നാള്‍ എങ്കിലും തുലാമാസത്തിലെ ആയില്യം 'മണ്ണാറശാല ആയില്യം' എന്നാണ് അറിയപ്പെടുന്നത്.

ദര്‍ശന സായൂജ്യം തേടി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അമ്മ ഉമാദേവി അന്തര്‍ജനമാണ് ആയില്യ പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്. ഒക്ടോബർ 30 ചൊവ്വാഴ്ച പുണർതം നാളിലായിരുന്നു മണ്ണാറശാല ഉത്സവത്തിനു തുടക്കമായത്.

പുലര്‍ച്ചെ നാല് മണിക്ക് തന്നെ നട തുറന്നു. നിര്‍മാല്യ ദര്‍ശനത്തിനും അഭിഷേകത്തിനും ശേഷമുള്ള പൂജകള്‍ക്ക് കുടുംബ കാരണവരാണ് കാര്‍മ്മികത്വം വഹിക്കുക. നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തിയുള്ള വിശേഷാല്‍ പൂജകളാണ് ആയില്യം നാളിലെ പ്രധാന ചടങ്ങ്. വിപുലമായ സൗകര്യങ്ങള്‍ ആണ് ആയില്യം മഹോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്.

ദമ്പതികളായിരുന്ന വസുദേവനും ശ്രീദേവിയും സന്താനദുഃഖം ഉള്ളിലൊതുക്കി ഈശ്വരഭജനവുമായി കഴിയുകയായിരുന്നു. ഇല്ലത്തിനടുത്തുള്ള കാവിലെ നാഗരാജാവിനെ ആയിരുന്നു ഇവർ പൂജിച്ചു പോന്നിരുന്നത്. ഈ സമയത്താണ്‌ ചുറ്റുമുളള വനത്തില്‍ കാട്ടുതീ പടർന്നത്.  അഗ്നിയില്‍ പെട്ട് മരണവെപ്രാളത്തിൽ വന്ന നാഗങ്ങളെ കണ്ടു  ദമ്പതികള്‍ പരിഭ്രമിച്ചുവെങ്കിലും തങ്ങളാൽ ആവുന്ന വിധത്തിൽ പരിചരിച്ചു സംരക്ഷിച്ചു. 

സർപ്പ പ്രീതിയാൽ ശ്രീദേവി അന്തർജ്ജനം ഗർഭവതിയാവുകയും രണ്ടു കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. ഒരാൾ മനുഷ്യശിശുവും മറ്റെയാൾ അഞ്ചുതലയുളള സര്‍പ്പശിശുവും ആയിരുന്നു. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക്‌ കടന്നു. സർപ്പശിശു ഇല്ലത്തെ നഗരാജാവായി വാഴുകയും ചെയ്തു. ഇവിടെ നാഗരാജാവ്‌ ചിരംജീവിയായി വാഴുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നു. നിലവറയില്‍ കുടികൊള്ളുന്ന നാഗരാജാവിനെ വര്‍ഷത്തിലൊരിക്കല്‍ നേരിട്ടുകാണാന്‍ മാതാവിന്‌ അവസരം നല്‍കിയതിന്‍റെ ഓര്‍മയ്ക്കായാണ് ആയില്യം നാള്‍ പൂജ‍.

ഇവിടുത്തെ പ്രത്യേക വഴിപാടാണ് ഉരുളി കമിഴ്‌ത്തൽ. സന്താനഭാഗ്യത്തിനാണ് ഈ വഴിപാട് നടത്തുന്നത്. വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രത്തിലെത്തുന്ന ദമ്പതികള്‍ക്കു ഓട്ടുരുളി ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. താളമേളവാദ്യങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന്‌ ചുറ്റും മൂന്ന്‌ തവണ പ്രദക്ഷിണം വെച്ച്‌ ഉരുളി നാഗരാജാവിന്‍റെ നടയിൽ സമർപ്പിക്കണം . തുടര്‍ന്ന്‌ ദമ്പതികള്‍ ഇല്ലത്തു ചെന്ന്‌ അമ്മയെ ദര്‍ശിച്ച്‌ ഭസ്മം വാങ്ങി അനുഗ്രഹം തേടണം. നടയ്ക്കു വച്ച ഉരുളി പിന്നീട്‌ അമ്മ നിലവറയില്‍ കമഴ്ത്തിവെയ്ക്കും. കുട്ടിയുണ്ടായിക്കഴിഞ്ഞാൽ ആറാം മാസം വന്ന്, ഉരുളി നിവർത്തണമെന്നാണു വിശ്വാസം. 

ഇവിടുത്തെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് സ്ത്രീയാണ് മുഖ്യ പൂജാരിണി എന്നതാണ്. "മണ്ണാറശാല അമ്മ" എന്നറിയപ്പെടുന്ന പൂജാരിണി ഭക്‌തർക്കു നാഗദൈവങ്ങളുടെ പ്രതിരൂപമാണ്. പുലർച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. കന്നി, തുലാം, കുംഭ മാസങ്ങളിലെ ആയില്യവും ശിവരാത്രിയുമാണ് ഇവിടുത്തെ പ്രധാന ആഘോഷദിനങ്ങൾ. മണ്ണാറശാല ആയില്യത്തിനു നടത്തുന്ന എഴുന്നള്ളത്തു പ്രധാനപ്പെട്ട ചടങ്ങാണ്.