പാഠം പഠിക്കാത്ത കോണ്‍ഗ്രസ്; ഇനി രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം പോകും? വഴിവയ്ക്കുക ഈ തീരുമാനം

രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഉള്ള ഉറച്ച രാജ്യസഭാ സീറ്റുകളിലേക്ക് ആ സംസ്ഥാനങ്ങളിൽ നിന്ന് ആരേയും കോൺഗ്രസ് പരിഗണിച്ചിട്ടില്ല. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് ഇത് രണ്ടും

Written by - Zee Malayalam News Desk | Last Updated : May 31, 2022, 02:20 PM IST
  • കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാർ ഉള്ള രണ്ടേ രണ്ട് സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തീസ്ഗഢും
  • രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 5 രാജ്യസഭാ സീറ്റുകളിലാണ് കോൺഗ്രസിന് വിജയം ഉറപ്പായിട്ടുള്ളത്
  • രണ്ട് സംസ്ഥാനങ്ങളിലേയും നേതാക്കളെ അവഗണിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി നിർണയം
പാഠം പഠിക്കാത്ത കോണ്‍ഗ്രസ്; ഇനി  രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം പോകും? വഴിവയ്ക്കുക ഈ തീരുമാനം

ദില്ലി: അര നൂറ്റാണ്ടിലധികം കാലം സ്വതന്ത്ര ഇന്ത്യ ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇന്നോ? രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം ഭരണമുള്ള, തുടര്‍ച്ചയായി രണ്ടാം തവണയും കേന്ദ്ര ഭരണത്തില്‍ നിന്ന്മാറ്റി നിര്‍ത്തപ്പെട്ട പാര്‍ട്ടിയായി തകര്‍ന്നടിഞ്ഞിരിക്കുന്നു. ഓരോ ദിവസവും എന്നവണ്ണം കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്നതും മുതിരാത്തതും ആയ നേതാക്കള്‍ കൊഴിഞ്ഞുപോകുന്നു. അതില്‍ വലിയൊരു വിഭാഗവും എത്തിച്ചേരുന്നത് ബിജെപിയിലാണ്.

പാര്‍ട്ടിയെ പുന:രുദ്ധരിക്കാന്‍ രാജസ്ഥാനില്‍ ചിന്തന്‍ ശിബിരമൊക്കെ നടത്തി ഉദയ്പുര്‍ പ്രഖ്യാപനവും നടത്തിയിട്ടും കോണ്‍ഗ്രസിന് രക്ഷയൊന്നും ഇല്ല. ചരിത്രത്തില്‍ നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് പഠിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. 

Read Also: സിബലിന്‍റെ രാജിയോടെ കോൺഗ്രസിന് നഷ്ടമായത് മറ്റൊരു പ്രബല മുഖം; ഈ വർഷത്തെ അഞ്ചാമത്തെ വലിയ കൊഴിഞ്ഞുപോക്ക്

പാര്‍ട്ടിയ്ക്ക് അധികാരമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമേ കൂടുതല്‍ എംപിമാരെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കഴിയൂ എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ അത്, അവിടങ്ങളിലെ സംഘടനാ സംവിധാനത്തേയും പാര്‍ട്ടി അടിത്തറയേയും തകര്‍ത്തിട്ടാണെങ്കില്‍ എന്തായിരിക്കും സ്ഥിതി? രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഇപ്പോള്‍ സംഭവിക്കുന്നത് അതാണ്.

രാജസ്ഥാനില്‍ നിന്ന് മൂന്ന് പേരേയും ഛത്തീസ്ഗഢില്‍ നിന്ന് രണ്ട് പേരേയും കോണ്‍ഗ്രസിന് രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാന്‍ ആകും. കോണ്‍്ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുകളുള്ള രണ്ടേ രണ്ട് സംസ്ഥാനങ്ങളാണ് ഇവ. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍, ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ പോലും ഇല്ല. ആ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടാന്‍ പോകുന്ന സീറ്റുകളുടെ കാര്യമാണ് പറയുന്നത്. 

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ കൂടിയാണിത്. ഇവിടെ നിന്ന് ജനകീയ അടിത്തറയുള്ള ഏതെങ്കിലും നേതാക്കന്‍മാരെ രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നെങ്കില്‍ അത് കോണ്‍ഗ്രസിന് ഗുണം ചെയ്‌തേനെ. എന്നാല്‍ അതിന് പകരം, എല്ലാ സ്ഥാനാര്‍ത്ഥികളും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരായി. സംസ്ഥാന ഘടകങ്ങളുടെ എതിര്‍പ്പ് പൂര്‍ണമായും അവഗണിച്ചുകൊണ്ടാണിത്. അടുത്ത തിരഞ്ഞെടുപ്പില്‍ രണ്ട് സംസ്ഥാനങ്ങളിലും ഈ വിവാദം പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.

ചിന്തന്‍ ശിബിരത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ പരസ്യമായ ലംഘനം കൂടിയാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം എന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പരാതികള്‍ ഇനിയും കോണ്‍ഗ്രസ് നേതൃത്വം പരിഹരിച്ചിട്ടില്ല. പുതിയ വിവാദം കൂടിയാകുമ്പോള്‍ 2023 ലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം പോലുമില്ലാത്ത ഇന്ത്യ എന്ന നിലയിലേക്കും കാര്യങ്ങൾ എത്തിയേക്കാം. കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് ശക്തി പകരുന്നത് കോൺഗ്രസിന്റെ തന്നെ നിലപാടുകളാണെന്ന വിമർശനത്തിന് കൂടുതൽ ശക്തിപകരുന്നതാണിത്.

നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ പൂർണമായും തഴഞ്ഞുകൊണ്ടും കീഴ്പ്പെട്ട് നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടുവന്നും ആണ് സ്ഥാനാർത്ഥി നിർണയം എന്നും ആക്ഷേപമുണ്ട്. ഗുലാബ് നബി ആസാദും ആനന്ദ് ശർമയും തഴയപ്പെട്ടതിന്റെ കാരണം അന്വേഷിക്കേണ്ടതില്ലെന്നാണ് കോൺഗ്രസിലെ തന്നെ അണിയറ സംസാരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News