ദില്ലി: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ ഏറെക്കുറേ അപ്രസക്തമാക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നേതൃമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ കുറച്ച് കാലമായി കോൺഗ്രസിനുള്ളിലെ ചർച്ചയാണെങ്കിലും, പാർട്ടിയിലെ അടിസ്ഥാന പ്രശ്നങ്ങൾ ഒന്നുപോലും പരിഹരിക്കാൻ ആയിട്ടില്ല എന്ന് ഈ തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. ഉത്തർ പ്രദേശിലും പഞ്ചാബിലും കോൺഗ്രസിന്റെ എല്ലാം അടിത്തറയും നഷ്ടപ്പെട്ടു.
2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ടായിരുന്നു ആ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിനെ നിയന്ത്രിച്ചത്. സ്വന്തം സഹോദരന്‍ രാഹുല്‍ ഗാന്ധി, സിറ്റിങ് മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനിയോട് ദയനീയ പരാജയം ഏറ്റുവാങ്ങുന്നത് കണ്ടുനില്‍ക്കേണ്ടി വന്നു അന്ന് പ്രിയങ്കയ്ക്ക്.
എന്നാല്‍ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു പ്രിയങ്കയ്ക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യം. 2020 ല്‍ പ്രിയങ്കയെ ഉത്തര്‍ പ്രദേശിന്റെ പരിപൂര്‍ണ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. അതിന് പിറകെ, ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് വലിയ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടേയും കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ അടിമുടി തകര്‍ന്ന് തരിപ്പണമായ കാഴ്ചയാണ് രാജ്യം ഇപ്പോള്‍ കാണുന്നത്.
2017 ല്‍ ഏഴ് സീറ്റുകളായിരുന്നു കോണ്‍ഗ്രസിനെങ്കില്‍, ഇത്തവണ (ഒടുവിൽ വിവരം ലഭിക്കുന്പോൾ) അത് വെറും അഞ്ച് സീറ്റുകളില്‍ ഒതുങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പുതിയ പ്രതീക്ഷ എന്ന് വിശേഷിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രിയങ്ക ഗാന്ധി, വലിയ പരാജയമാണെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത്. വിഷയങ്ങളില്‍ ഇടപെടുക എന്നതിനപ്പുറും, അതിന്റെ തുടര്‍ച്ചകളില്‍ പങ്കാളിയാകാതെ മാറി നില്‍ക്കുക എന്നതാണ് പ്രിയങ്കയുടെ ഏറ്റവും വലിയ പാളിച്ചയായി കോണ്‍ഗ്രസിനുള്ളിലെ തന്നെ ഒരു വിഭാഗം വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധിയും ഇങ്ങനെ തന്നെയാണ് എന്നതും കോണ്‍ഗ്രസ് നേരിട്ട വലിയ പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു.
ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ തന്ത്രങ്ങള്‍ പാളിയപ്പോള്‍, പഞ്ചാബില്‍ സംഭവിച്ചത് രാഹുല്‍ ഗാന്ധിയുടെ പിഴവുകള്‍ ആയിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങും നവജ്യോത് സിങ് സിധുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല എന്ന് മാത്രമല്ല, അത് വഷളാക്കുകയായിരുന്നു ചെയ്തത്. വലിയ പ്രതിച്ഛായയുണ്ടായിരുന്ന അമരീന്ദര്‍ സിങ് പാര്‍ട്ടി വിട്ടുപോവുക കൂടി ചെയ്തതോടെ പരാജയം ഏറെക്കുറേ ഉറപ്പായി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചരണ്‍ജിത് സിങ് ചന്നിയെ തന്നെ നിശ്ചയിച്ചതോടെ സിധു വീണ്ടും കലാപകാരിയായി. കൃത്യമായ പദ്ധതികളോടെ, ജനഹിതം പരിഗണിച്ച് തിരഞ്ഞെടുപ്പിനിറങ്ങിയ ആം ആദ്മി പാര്‍ട്ടി ഈ സാഹചര്യങ്ങള്‍ എല്ലാം ഫലപ്രദമായി മുതലെടുക്കുക കൂടി ചെയ്തതോടെ പഞ്ചാബ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാക്കപ്പെട്ടു.
ഇത്തവണ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സംസ്ഥാവനമായിരുന്നു ഉത്തരാഖണ്ഡ്. ബിജെപിയ്ക്കുള്ളില്‍ അത്രയേറെ പ്രതിസന്ധികളായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. മൂന്ന് തവണ മുഖ്യമന്ത്രിമാരെ മാറ്റി പ്രതിഷ്ഠിക്കേണ്ടിയും വന്നു അവര്‍ക്ക്. പല എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന്റെ മുന്നേറ്റം പ്രവചിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വോട്ടെണ്ണിക്കഴിയുമ്പോള്‍ അവിടേയും കണ്ടത് ബിജെപിയുടെ തേരോട്ടം മാത്രമാണ്.
ദേശീയ രാഷ്ട്രീയത്തില്‍ ഇനി എന്താണ് കോണ്‍ഗ്രസിന്റെ പ്രസക്തി എന്നത് നിര്‍ണായക ചോദ്യമാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ ഇനി അവശേഷിക്കുന്നത് രാജസ്ഥാനിലും ഛത്തീസ്ഢിലും മാത്രമാണ്. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും തമിഴ്‌നാട്ടിലും ഭരണത്തില്‍ പങ്കാളികളാണെന്ന് മാത്രമേ ഉള്ളു. അവിടങ്ങളില്‍ ഒരു നിര്‍ണായക സ്വാധീനമാകാന്‍ പോലും കോണ്‍ഗ്രസിന് ഇനി സാധ്യമാണോ എന്നതും ചോദ്യമാണ്.
കോണ്‍ഗ്രസിനുള്ളിലെ കലാപകാരികള്‍ ഇനി നിശബ്ദത പാലിക്കില്ല എന്ന് തന്നെ കരുതേണ്ടിവരം. ജി23 നേതാക്കള്‍ ഈ തിരഞ്ഞെടുപ്പ് ഫലത്തോട് എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്ന് കാണാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.