ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് മുട്ട. അതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും അത് പോലെ മറ്റ് ഗുണങ്ങളും മനുഷ്യ ശരീരത്തിന് പലതരത്തിലുള്ള പോഷകങ്ങൾ ആണ് നൽകുന്നത്. അതിനാൽ തന്നെ ഇന്ന് പലവീടുകളിലെയും ഭക്ഷണത്തിലെ ഒരു പ്രധാന ഭക്ഷണമാണ് മുട്ട. സ്ഥിര ഭക്ഷണത്തിൽ ഒരു നേരമെങ്കിലും ഇത് ഉൾപ്പെടുത്തുന്നതിനാൽ തന്നെ പലരും ഇത് വീട്ടിൽ കൂടുതലായി വാങ്ങിച്ചു വെക്കാറുണ്ട്.
ചിലർ അത് പുറത്തു തന്നെ വെക്കും എന്നാൽ ഭൂരിഭാഗവും ഫ്രിഡ്ജിൽ ആണ് സൂക്ഷിച്ചു വെക്കുന്നത്. യഥാർത്ഥത്തിൽ മുട്ട എവിടെ സൂക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും ഫ്രിഡ്ജിൽ കൂടുതൽ ദിവസം വെച്ച മുട്ട ആരോഗ്യത്തിന് നല്ലതാണോ എന്നിങ്ങനെ പല സംശയങ്ങൾ നമുക്കുണ്ടാകാറുണ്ട്. അതിനു പിന്നിലെ കാര്യങ്ങൾ ആണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.
ALSO READ: ശരീരത്തിൽ ഈ പോഷകങ്ങളുടെ കുറവുണ്ടോ? പരിഹാരമുണ്ട്
ഫ്രിഡ്ജിൽ വച്ചാൽ മുട്ടയുടെ ഗുണം കുറയുമോ എന്നാണ് നമ്മുടെ പ്രധാന സംശയം. ദീർഘദിവസം മുട്ട പുറത്ത് വച്ചാൽ ചീത്തയായി പോകുന്നമെന്നതിനാൽ ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. കൃത്യമായ രീതിയിൽ പായ്ക്ക് ചെയ്ത് വേണം മുട്ട ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കുവാൻ. മൂന്നാഴ്ചയാണ് ഒരു മുട്ടയുടെ ആയുസ് ആയി കണക്കാക്കുന്നത് . അതിൽ കൂടുതൽ ദിവസം മുട്ടകൾ ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുന്നതും അവ കഴിക്കാതിരിക്കുന്നതുമാണ് നല്ലത്. മൂന്നാഴ്ചയ്ക്ക് ശേഷം മുട്ടയുടെ ഗുണങ്ങൾ കുറയാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ആദ്യത്തെ രണ്ടാഴ്ച വരെ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ദോഷകരമല്ല.
അതുപോലെ ഒരിക്കൽ ശീതികരിച്ച മുട്ട പിന്നീട് പുറത്ത് വച്ച് ഉപയോഗിക്കാൻ പാടില്ല. പലപ്പോഴും നമ്മൾ ചെയ്യുന്ന ഒരു കാര്യമാണ് ഫ്രിഡ്ജിൽ നിന്നും പുറത്ത് എടുത്തതിന് ശേഷം അത് തിരികെ വെക്കാൻ മറന്നു പോകുന്നത്. വെള്ളത്തിൻ്റെ അംശവും അതുപോലെ അന്തരീക്ഷത്തിലെ താപനിലയും കാരണം ഇങ്ങനെ ഫ്രിഡ്ജിൽ നിന്ന് എടുത്ത് പുറത്ത് വയ്ക്കുന്ന മുട്ട എളുപ്പത്തിൽ ചീത്തയായേക്കാം. ഫ്രിഡ്ജിൽ നിന്ന് പുറത്തെടുക്കുന്ന മുട്ടകൾ അരമണിക്കൂറിനുള്ളിൽ തിരികെ വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അതിൽ കൂടുതൽ സമയം പുറത്തിരിക്കുന്ന മുട്ടകൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.
ഫ്രിഡ്ജിൽ മുട്ടകൾ ഏകദേശം 4 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ല മാർഗം. സാധാരണയായി 3 മുതൽ 5 ആഴ്ച വരെ അത്തരത്തിൽ സൂക്ഷിക്കുന്ന മുട്ടകൾ ഫ്രഷ് ആയി ഇരിക്കും. മാളുകളിൽ നിന്നോ അല്ലെങ്കിൽ കടയിൽ നിന്നോ ആണ് മുട്ട വാങ്ങിക്കുന്നതെങ്കിൽ മുട്ടയുടെ കവറിൽ അവയുടെ കാലഹരണ തീയതി നോക്കി അത് അനുസരിച്ച് കഴിക്കാനും ശ്രമിക്കുക.
മുട്ടകൾ നിശ്ചിത താപനിലയിൽ സൂക്ഷിക്കുന്നത് അവയുടെ പുതുമ നിലനിർത്തുകയും കേടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈർപ്പരഹിതമായ അന്തരീക്ഷത്തിൽ മുട്ടകൾ സൂക്ഷിക്കുക, കാരണം വളരെയധികം ഈർപ്പം മുട്ടകളെ നശിപ്പിക്കും. വാങ്ങുന്ന അതേ പാക്കേജിംഗിൽ തന്നെ മുട്ടകൾ സൂക്ഷിക്കുക. ഈ ഘട്ടങ്ങൾ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് പുതിയതും സുരക്ഷിതവുമായ മുട്ടകൾ സൂക്ഷിക്കാൻ കഴിയും.
പ്രോട്ടീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, ഇരുമ്പ്, മറ്റ് പ്രധാന പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ മുട്ട ദിവസവും കഴിക്കുന്നതിലൂടെ നമുക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കും. ശക്തമായ ഹൃദയം, എല്ലുകൾ, രോഗപ്രതിരോധ ശേഷി, തലച്ചോറിന്റെ ആരോഗ്യം എന്നിവ നിലനിർത്താൻ മുട്ട സഹായിക്കുന്നു. പ്രമേഹം, ഹൃദ്രോഗം, അണുബാധ, നേത്രരോഗങ്ങൾ എന്നിവ പരിഹരിക്കാൻ മുട്ട സഹായകരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...