മരണകാരണമായേക്കാവുന്ന അതിമാരക വൈറസ് ആണ് ചന്ദിപുര വൈറസ്. ഗുജറാത്തിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ഈ വൈറസ് കുട്ടികളിൽ വേഗം പടർന്നുപിടിക്കുന്നതായാണ് റിപ്പോർട്ട്. ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധിച്ച് ഇതുവരെ എട്ട് പേർ മരിച്ചതായി ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു.
സംസ്ഥാനത്ത് പലയിടത്തും ചന്ദിപുര വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പേടിക്കേണ്ട സാഹചര്യമില്ല, ജാഗ്രത വേണം. ഇത് ഒരു പുതിയ വൈറസ് അല്ല. 1965ൽ മഹാരാഷ്ട്രയിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധിച്ച മണൽ ഈച്ചയുടെ കടി ഏൽക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. പ്രധാനമായും ഒമ്പത് മാസം മുതൽ 14 വയസുവരെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
വൈറസ് ബാധയെ തുടർന്ന് കുട്ടികൾക്ക് പനി, തലവേദന എന്നിവ ഉണ്ടാകാം. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ കോമയിലേക്ക് പോകുന്നതിനും മരണത്തിന് കാരണമാകുന്നതുമായ വൈറസാണിത്. നിലവിൽ ഗുജറാത്തിൽ കുട്ടികളിൽ ഈ വൈറസ് ബാധ വർധിക്കുകയാണ്. സംസ്ഥാനത്ത് രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇതുവരെ എട്ട് മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വൈറസ് ബാധിക്കുന്നതെങ്ങനെ?
റാബ്ഡോവിറിഡോ വിഭാഗത്തിൽപ്പെട്ട വെസിക്കുലോവൈറസ് ജനുസിൽപ്പെട്ടതാണ് ഈ വൈറസ്. ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയിലെ ചന്ദിപുര ജില്ലയുടെ പേരിലാണ് ഇത് ചന്ദിപുര വൈറൽ എൻസെഫലൈറ്റിസ് (സിഎച്ച്പിവി) എന്ന് അറിയപ്പെടുന്നത്. ഇത് പകർച്ചവ്യാധിയല്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
ALSO READ: ഗുജറാത്തിൽ ആറുപേരുടെ മരണത്തിനിടയാക്കിയ വൈറസ്, ബാധിക്കുന്നത് നാഡീവ്യൂഹത്തെ; എന്താണ് ചന്ദിപുര വൈറസ്?
ചന്ദിപുര വൈറസ് ബാധയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതെങ്ങനെ?
ഏതെങ്കിലും തരത്തിലുള്ള വൈറസ് ബാധയുണ്ടായാൽ ഒരാൾക്ക് സുരക്ഷ ഉറപ്പാക്കുന്നത് പ്രയാസമാണ്. എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ സാധിക്കും. അതിനാൽ അണുബാധയ്ക്കുള്ള സാധ്യത പരമാവധി കുറയ്ക്കുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. പരിസര ശുചിത്വം പാലിക്കുകയെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. വൃത്തിഹീനമായ ചുറ്റുപാടുകൾ വൈറസ് വാഹകരായ ജീവികളുടെ വളർച്ചയ്ക്കും വൈറസ് ബാധ വർധിക്കുന്നതിനും കാരണമാകും.
ചന്ദിപ്പുര വൈറസ് കൂടുതലായും ബാധിക്കുന്നത് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്ന പ്രദേശങ്ങളിലാണ്. അതിനാൽ, പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. കുട്ടികളെ മാലിന്യം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ നിന്ന് അകറ്റി നിർത്തുക. വൃത്തിഹീനമായ പ്രദേശങ്ങളിൽ കുട്ടികളെ തുടരാൻ അനുവദിക്കരുത്.
ഫുൾ സ്ലീവ് വസ്ത്രങ്ങൾ ധരിപ്പിക്കാൻ ശ്രദ്ധിക്കുക. ഇത് വൈറസ് വാഹകരായ പ്രാണികളിൽ നിന്നുള്ള കടിയേൽക്കാതെ കുട്ടികളെ സംരക്ഷിക്കും. ശരീരം പൂർണമായും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉത്തമം. കൊതുക്, ഈച്ച തുടങ്ങിയ ജീവികളെ അകറ്റുന്ന തൈലം, ഓയിൽമെന്റ് തുടങ്ങിയവ പുരട്ടുക. ഇത് പ്രാണികളുടെ കടിയേൽക്കുന്നതിൽ നിന്ന് സംരക്ഷണം നൽകും. കൊതുക് നിർമാർജ്ജനത്തിന് പ്രാധാന്യം നൽകുക. ഉറങ്ങുമ്പോൾ കൊതുക് വലകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പ്രതിരോധശേഷി വർധിപ്പിക്കാൻ പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ ശീലമാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.