Dry Eyes Syndrome: കണ്ണുകൾ വരണ്ടതാകുന്നോ? കാരണങ്ങളും പ്രതിവിധിയും അറിയാം...

Dry Eyes Syndrome: കണ്ണുനീർ ഉത്പാദനം കാര്യക്ഷമമല്ലാത്തതിനാലോ അമിതമായ ബാഷ്പീകരണം മൂലമോ ആണ് ഡ്രൈ ഐ സിൻഡ്രോം ഉണ്ടാകുന്നത്. ഇത്  കണ്ണുകളിൽ വേദന, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 10:24 AM IST
  • കണ്ണുനീരിന്റെ ഘടനയിലെ അസന്തുലിതാവസ്ഥ, കണ്ണുകളെ ലൂബ്രിക്കേറ്റ് ചെയ്യാനുള്ള കഴിവില്ലായ്മ, മരുന്നുകൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളാൽ ഡ്രൈ ഐ സിൻഡ്രോം ഉണ്ടാകാം
  • വരണ്ടതോ പൊടി നിറഞ്ഞതോ കാറ്റുള്ളതോ ആയ കാലാവസ്ഥയിൽ ജീവിക്കുന്നത് ഡ്രൈ ഐ സിൻഡ്രോം ബാധിക്കാൻ സാധ്യത വർധിപ്പിക്കുന്നു
Dry Eyes Syndrome: കണ്ണുകൾ വരണ്ടതാകുന്നോ? കാരണങ്ങളും പ്രതിവിധിയും അറിയാം...

ഡ്രൈ ഐ സിൻഡ്രോം, സാധാരണയായി സീറോഫ്താൽമിയ എന്നറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള 100 ദശലക്ഷത്തിലധികം ആളുകളെ ഈ നേത്രരോ​ഗം ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാഴ്ചക്കുറവ്, തിമിരം അല്ലെങ്കിൽ കണ്ണുമായി ബന്ധപ്പെട്ട മറ്റ് അണുബാധകൾ എന്നിവയെ സംബന്ധിച്ച് ആളുകൾ നേത്രരോ​ഗ വി​ദ​ഗ്ധരെ സന്ദർശിക്കാറുണ്ട്. എന്നാൽ അവർക്ക് ഡ്രൈ ഐ സിൻഡ്രോം ഉണ്ടെന്ന് അറിയുമ്പോൾ ആശ്ചര്യപ്പെടുന്നു. കാരണം, ഭൂരിഭാ​ഗം ആളുകൾക്കും ഈ രോ​ഗത്തെ സംബന്ധിച്ച് വ്യക്തമായ അവബോധം ഇല്ല. കണ്ണുനീർ ഉത്പാദനം കാര്യക്ഷമമല്ലാത്തതിനാലോ അമിതമായ ബാഷ്പീകരണം മൂലമോ ആണ് ഡ്രൈ ഐ സിൻഡ്രോം ഉണ്ടാകുന്നത്. ഇത്  കണ്ണുകളിൽ വേദന, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു. ഡ്രൈ ഐ സിൻഡ്രോമിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അമൃത്സർ ഐ ക്ലിനിക്കിലെ കോർണിയ വിദഗ്ധൻ ഡോ.ദേവേഷ് ശർമ്മ വിശദമാക്കുന്നു.

ഡ്രൈ ഐ സിൻഡ്രോമിന്റെ കാരണങ്ങൾ

കണ്ണുനീരിന്റെ ഘടനയിലെ അസന്തുലിതാവസ്ഥ, കണ്ണുകളെ ലൂബ്രിക്കേറ്റ് ചെയ്യാനുള്ള കഴിവില്ലായ്മ, മരുന്നുകൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളാൽ ഡ്രൈ ഐ സിൻഡ്രോം ഉണ്ടാകാം.

പരിസ്ഥിതി: വരണ്ടതോ പൊടി നിറഞ്ഞതോ കാറ്റുള്ളതോ ആയ കാലാവസ്ഥയിൽ ജീവിക്കുന്നത് ഡ്രൈ ഐ സിൻഡ്രോം ബാധിക്കാൻ സാധ്യത വർധിപ്പിക്കുന്നു.

പ്രായം: ഡ്രൈ ഐ സിൻഡ്രോമിന്റെ സാധാരണ കാരണങ്ങളിലൊന്ന് സ്വാഭാവിക പ്രായമാകൽ പ്രക്രിയയാണ്. സ്ത്രീകളിൽ ആർത്തവവിരാമ സമയത്ത് ഇത് വളരെ സാധാരണമാണ്.

മരുന്നുകൾ: ആന്റി ഹിസ്റ്റാമൈൻസ്, ആന്റീഡിപ്രസന്റ്സ്, ചില രക്തസമ്മർദ്ദ മരുന്നുകൾ, ഗർഭനിരോധന ഗുളികകൾ തുടങ്ങിയ മരുന്നുകളുടെ പാർശ്വഫലമായി ഡ്രൈ ഐ സിൻഡ്രോം ഉണ്ടാകാം.

കമ്പ്യൂട്ടറിന്റെ ഉപയോഗം: കൂടുതൽ നേരം കമ്പ്യൂട്ടർ ഉപയോ​ഗിക്കുന്നത് ഡ്രൈ ഐ സിൻഡ്രോമിന്റെ മറ്റൊരു കാരണമാണ്. കണ്ണുകൾക്ക് വിശ്രമം ഇല്ലാത്തതും പ്രത്യേകിച്ച് ദിവസം മുഴുവൻ കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കിയിരിക്കുന്നതും ഡ്രൈ ഐ സിൻഡ്രോമിലേക്ക് നയിക്കുന്നു.

രോഗങ്ങൾ: വരണ്ട കണ്ണുകൾ ല്യൂപ്പസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, റോസേഷ്യ അല്ലെങ്കിൽ സ്ജോഗ്രെൻസ് സിൻഡ്രോം തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാണ്.

കോൺടാക്റ്റ് ലെൻസ്: ചില സന്ദർഭങ്ങളിൽ, കോൺടാക്റ്റ് ലെൻസിന്റെ ദീർഘകാല ഉപയോഗം ഡ്രൈ ഐ സിൻഡ്രോമിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നേത്രരോഗങ്ങൾ: ചില നേത്രരോഗങ്ങൾ കണ്ണുകൾക്ക് വരൾച്ചയും പോറലും അനുഭവപ്പെടുന്നതിന് കാരണമായേക്കാം. അതായത് ബ്ലെഫറിറ്റിസ്, കൺപോളകളുടെ ചുറ്റുമുള്ള വീക്കം എന്നിവയിലേക്ക് നയിക്കാം.

വരണ്ട കണ്ണുകളുടെ ലക്ഷണങ്ങൾ:

കണ്ണുകളിൽ എന്തോ കുത്തുന്നത് പോലെയോ പോറലുള്ളതുപോലെയോ തോന്നും
കണ്ണുകളിൽ ഒരു മണൽ തരി കിടക്കുന്നത് പോലെയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സം അനുഭവപ്പെടുന്നതായോ തോന്നും
കുറച്ച് സമയം വായിക്കുമ്പോഴേക്കും കണ്ണുകൾക്ക് ക്ഷീണം അനുഭവപ്പെടുന്നു
കണ്ണുകൾ അടഞ്ഞിരിക്കുമ്പോൾ സുഖം തോന്നുന്നു

രോഗനിർണയം: കണ്ണുകളുടെ സമഗ്രമായ പരിശോധനയിലൂടെ ഡ്രൈ ഐ സിൻഡ്രോം എളുപ്പത്തിൽ കണ്ടെത്താനാകും. കൺപോളകളുടെയും കോർണിയയുടെയും പരിശോധനയും കണ്ണീരിന്റെ അളവും ഗുണനിലവാരവും അളക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ, ഈ അവസ്ഥയുടെ കൃത്യമായ കാരണം നിർണ്ണയിക്കാൻ കണ്ണുകളുടെ ബാഹ്യ പരിശോധനയും രോ​ഗിയുടെ ക്ലിനിക്കൽ ചരിത്രവും വളരെ പ്രധാനമാണ്.

ചികിത്സ: വരണ്ട കണ്ണുകൾ ഉള്ള മിക്ക ആളുകളും നേരിടുന്ന അവസ്ഥയാണ്. രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുകയും അവയുടെ വിന്യാസം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം. രോഗലക്ഷണങ്ങൾക്ക് കാരണമായ ഘടകങ്ങൾ നിർണ്ണയിക്കുന്നതിനും കണ്ണുകൾ ഈർപ്പമുള്ളതാക്കുന്നതിനുമായി കണ്ണുകളുടെ സൂക്ഷ്മപരിശോധനയിലൂടെയാണ് ചികിത്സ സാധാരണയായി ആരംഭിക്കുന്നത്.

കൃത്രിമ കണ്ണുനീർ: കണ്ണുകളുടെ വരൾച്ചയും പോറലും കുറയ്ക്കുന്ന ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകളാണ് ഇവ.

കണ്ണുനീർ സംരക്ഷിക്കൽ: കണ്ണുനീർ ഒഴുകാൻ സാധാരണയായി സഹായിക്കുന്ന കണ്ണീർ നാളങ്ങൾ (ഭാഗികമായോ പൂർണ്ണമായോ) അടച്ചുകൊണ്ട് ഇത് ചെയ്യാം. ഇത് പ്രകൃതിദത്തവും കൃത്രിമവുമായ കണ്ണുനീർ സംരക്ഷിക്കാൻ സഹായിക്കുന്നു.

സങ്കീർണതകൾ: ദീർഘകാലം ചികിത്സിച്ചില്ലെങ്കിൽ, അണുബാധയ്ക്കും കാഴ്ച വൈകല്യത്തിനും ഇത് കാരണമാകും. ഡ്രൈ ഐ സിൻഡ്രോം ലോകത്ത് വർധിച്ചുവരുന്ന ആരോഗ്യ പ്രശ്‌നമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഇക്കാര്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഈ രോഗം ബാധിക്കാനുള്ള സാധ്യത പ്രായത്തിനനുസരിച്ച് വർധിക്കുന്നു. അതിനാൽ, ഡ്രൈ ഐ സിൻഡ്രോം ബാധിച്ച ആളുകളുടെ എണ്ണം വരും വർഷങ്ങളിൽ വർധിക്കുമെന്ന് കണക്കാക്കുന്നു. ഡ്രൈ ഐ സിൻഡ്രോം ബാധിച്ച രോഗികൾക്ക് നിരവധി ലളിതമായ ഹോംകെയർ ടിപ്പുകൾ ഉണ്ട്

നേരിട്ടുള്ള വായു പ്രവാഹങ്ങൾ ഒഴിവാക്കുക: ഈ അവസ്ഥയിൽ നിന്ന് അകന്ന് നിൽക്കാൻ കണ്ണുകളുമായി ഹെയർ ഡ്രയർ, കാർ ഹീറ്റർ, എയർ കണ്ടീഷണറുകൾ അല്ലെങ്കിൽ ഫാനുകൾ എന്നിവയുമായി നേരിട്ട് സമ്പർക്കം വരുന്നത് ഒഴിവാക്കണം.

പുറത്തേക്ക് പോകുമ്പോൾ കൂളിങ് ഗ്ലാസുകൾ ധരിക്കുക: പൊടിപടലങ്ങൾ നിങ്ങളുടെ കണ്ണിൽ പ്രവേശിക്കുന്നത് തടയാൻ സൺഗ്ലാസുകളോ സംരക്ഷണ ഗ്ലാസുകളോ ധരിക്കുന്നത് നല്ലതാണ്. കൂടാതെ, നല്ല നിലവാരമുള്ള സൺഗ്ലാസുകൾക്ക് കഠിനമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ സാധിക്കും.

ഹോം ഹ്യുമിഡിഫയറുകൾ ഉപയോഗിക്കുക: ശൈത്യകാലത്ത്, ഒരു ഹ്യുമിഡിഫയർ ഉപയോ​ഗിക്കുന്നത് ഇൻഡോർ വായുവിൽ ഈർപ്പം ചേർക്കാൻ സഹായിക്കും. ചില ആളുകൾ പ്രത്യേകം രൂപകല്പന ചെയ്ത ഗ്ലാസുകൾ ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റും ഈർപ്പം ഉണ്ടാക്കുന്നു. ഇത് അധിക ഈർപ്പം സൃഷ്ടിക്കും.

കണ്ണടയ്ക്കാൻ ഓർക്കുക: കമ്പ്യൂട്ടറിൽ കൂടുതൽ നേരം ജോലി ചെയ്യുന്നവർ ബോധപൂർവ്വം കണ്ണടയ്ക്കുന്നത് ശീലമാക്കുക. അൽപ്പസമയം വീതം കണ്ണുകൾക്ക് വിശ്രമം നൽകുക.

കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കുക: കണ്ണുകൾ തിരുമ്മുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയേയുള്ളൂ. ചൊറിച്ചിൽ അല്ലെങ്കിൽ പ്രകോപനം അനുഭവപ്പെട്ടാൽ കണ്ണുകൾ തിരുമ്മുന്നതിന് പകരം, തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News