ഗുണ്ടൽപേട്ടിലെ വസന്തകാലം; ചുരം താണ്ടി സൂര്യകാന്തി പൂക്കളുടെ സൗന്ദര്യത്തിലേക്ക് ഒരു യാത്ര

ഗോപാലസ്വാമി ക്ഷേത്രവും പരിസരവും എപ്പോഴും നിശബ്ദമാണ്. അമ്പലത്തിനുള്ളിലും എപ്പോഴും നല്ല തണുപ്പും.മേല്‍ക്കുരയ്ക്കു മുകളിൽ കുടനിർത്തിവച്ചത് പോലെയാണ് മേഘങ്ങൾ. 

Written by - രജീഷ് നരിക്കുനി | Last Updated : Aug 6, 2022, 12:31 PM IST
  • കോടമഞ്ഞ് പൊതിയുന്ന ചുരം താണ്ടി സൂര്യകാന്തി പൂത്തുലഞ്ഞു നില്‍ക്കുന്ന മനോഹര കാഴ്ചകളിലേക്ക് ഒരു യാത്ര
  • ഗോപാൽ സ്വാമി ഹിൽസിൽ പ്രവേശനത്തിന് ചില നിബന്ധനകളുണ്ട്. ഹിൽസിന്റെ താഴ്വാരത്ത് വരെ മാത്രമേ വാഹനം അനുവദിക്കുകയുള്ളു.
  • ഗോപാലസ്വാമി ക്ഷേത്രവും പരിസരവും എപ്പോഴും നിശബ്ദമാണ്. അമ്പലത്തിനുള്ളിലും എപ്പോഴും നല്ല തണുപ്പും.മേല്‍ക്കുരയ്ക്കു മുകളിൽ കുടനിർത്തിവച്ചത് പോലെയാണ് മേഘങ്ങൾ.
ഗുണ്ടൽപേട്ടിലെ വസന്തകാലം; ചുരം താണ്ടി സൂര്യകാന്തി പൂക്കളുടെ സൗന്ദര്യത്തിലേക്ക് ഒരു യാത്ര

ചാറ്റൽ മഴയുടെ ലാളനയേറ്റ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കോഴിക്കോട്ട് നിന്നാണ് ഞങ്ങൾ യാത്ര ആരംഭിച്ചത്. കോടമഞ്ഞ് പൊതിയുന്ന ചുരം താണ്ടി സൂര്യകാന്തി പൂത്തുലഞ്ഞു നില്‍ക്കുന്ന മനോഹര കാഴ്ചകളാണ് ലക്ഷ്യം. ചാറ്റൽ രൂപത്തിൽ നിന്ന് ചന്നംപിന്നം താളത്തിലേക്ക് ചുവടുമാറ്റി മഴ ശക്തികാട്ടിയതോടെ 100 രൂപയുടെ പ്ലാസ്റ്റിക് കോട്ടിൽ അഭയം തേടി യാത്ര തുടർന്നു. ഒരു ബുള്ളറ്റിലും എക്സ്പ്ലസ്സിലുമായിരുന്നു യാത്ര. യാത്രയെന്നത് അത്രമേൽ പ്രിയവും ലഹരിയുമായിരുന്നതിനാൽ പ്രതിസന്ധികൾ ഞങ്ങൾക്ക് ഒരു പ്രശ്നമല്ലാതായി. ചുരത്തിനടുത്തേക്ക് എത്താറായപ്പോൾ മഴ കുറച്ചുകൂടി കേമത്തം കാട്ടി. റോഡ് കാണാതായതോടെ അൽപം വേഗം കുറച്ച് അതീവ ശ്രദ്ധയോടെയാണ് ചുരം കയറാൻ തുടങ്ങിയത്. മുന്നാം വളവിൽ നിന്നും ഒരു കട്ടൻ അടിച്ചശേഷം ഒന്ന് ഉള്ളുചൂടാക്കി വീണ്ടും ചുരം കയറിത്തുടങ്ങി.

അഞ്ചാം ഹെയർപിൻ ലക്ഷ്യമാക്കി ശകടങ്ങൾ കുതിക്കുമ്പോൾ കോടമഞ്ഞ് ഇരയെ ചുറ്റുന്ന പാമ്പിനെപോലെ ഞങ്ങളെ മൂടാൻ തുടങ്ങി. ചാറ്റൽ മഴയ്ക്ക് ഒപ്പം കോടമഞ്ഞും ഇണചേർന്ന തണുപ്പും ഞങ്ങളെ പൊതിഞ്ഞു. ഇങ്ങനെയാണെങ്കിലും വയനാട്ടില് കോടമഞ്ഞ് കുറേശ്ശയായി കുറഞ്ഞുവരുന്നുണ്ടെന്നാണ് പഠനങ്ങൾ. കോടമഞ്ഞു് കുറഞ്ഞാൽ അത് പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധത്തിനു് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഈ ആശങ്കകൾ ഒരു നിമിഷം മനസിലൂടെ കടന്നുപോയി. എങ്കിലും ഒമ്പതാം വളവിൽ കഴ്ചകളെ മറയ്ക്കും വിധമുള്ള കോടമഞ്ഞ് ഞങ്ങളെ പൊതിയാൻ വെമ്പിനിന്നു. അതി മനോഹരമായ കാഴ്ച. തൊട്ടടുത്തുള്ള വസ്തുക്കള്‍ പോലും കാണാനാവാതെ കോടമഞ്ഞിൽ മൂടിയ ചൂരം. ആരും ആഗ്രഹിച്ചു പോകുന്ന കാഴ്ചകൾ. അത്രയ്ക്ക് മനോഹരമാണ് ഈ നിമിഷം....

Gundlupet

ALSO READ: 1200 വർഷം പഴക്കമുള്ള ഗുഹാക്ഷേത്രവും കാഴ്ചകളും; നഗര തിരക്ക് മറക്കാൻ ഒരടിപൊളി സ്ഥലം

ചൂരം കയറി വയനാട്ടിന്റെ പടിക്കെട്ടിൽ പ്രവേശിച്ചതോടെ കോച്ചിപ്പിടിക്കുന്ന തണുപ്പായിരുന്നു. ശക്തമായ മഴയ്ക്ക് ഒപ്പം കാറ്റുകൂടി വീശാൻ തുടങ്ങി. മുന്നോട്ടുപോകും തോറും കാറ്റിന്റെ ചലനങ്ങൾ ഇരട്ടിയായി. ലക്ഷ്യത്തിലേക്ക് ഇനിയും ദൂരമുണ്ട്. സുൽത്താന്‍ ബത്തേരിയിലെ ചീരാലിലെ ഒരു ഹോംസ്റ്റേയിലാണ് താമസിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളത്. അവിടേക്ക് എത്തണമെങ്കിൽ 50 കിലോമീറ്റർ താണ്ടണം. രാത്രി എട്ടരയോടെ ഹോംസ്റ്റേയിലെത്തി. മരവിച്ച ശരീരത്തിനെ ഒന്നുഷാറാക്കാൻ ആ കട്ടൻ ചായ ഏറെ ഉപകാരമായി... ചായയുടെ ലഹരിയിൽ ഉഷാറായി. ഇനിയുള്ള യാത്ര മുത്തങ്ങ കാട്ടിലൂടെയാണ്. വന്യമൃഗങ്ങളുടെ ആവാസ മേഖലയായതിനാൽ രാത്രിയാത്ര ഒഴിവാക്കി. രാവിലെ എഴുന്നേൽക്കണം. ആ പൂപ്പാടം ...മനോഹര കാഴ്ച്ച ... മനക്കോട്ടകൾക്കെട്ടി ...അത്താഴം കഴിച്ച് പുതപ്പിനുള്ളിലേക്ക് നൂണ്ടിറങ്ങി ഞങ്ങൾ നാലുപേരും ഉറങ്ങി.

പിറ്റേന്ന് രാവിലെ 9 മണിയ്ക്ക് ഞങ്ങൾ യാത്രതുടർന്നു. സൂര്യനോടുള്ള പ്രണയ ചാപല്യങ്ങൾ ഒളിപ്പിച്ച് മന്ദസ്മിതവുമായി പൂത്തുലഞ്ഞ് നിൽക്കുന്ന  സൂര്യകാന്തി പൂക്കളെ കാണാൻ ഇനിയും 50 കിലോമീറ്റർ സഞ്ചരിക്കണം. അതിൽ 29 കിലോമീറ്റർ കൊടുംകാടിലൂടെയാണ്. ഒരു തുള്ളി വെള്ളം പോലും കിട്ടാനിടയില്ല. അതൊക്കെ ആലോചിച്ചപ്പോൾ പ്രഭാതഭക്ഷണം മുത്തങ്ങയിൽ നിന്ന് കഴിക്കാമെന്ന് തീരുമാനിച്ചു. ബന്ദിപൂർ വനം താണ്ടിയുള്ള യാത്രയിൽ ചിലപ്പോൾ കാട്ടാനകളെയും മാനിനെയും കടുവയെയുമൊക്കെ കാണാം. വന്യമൃഗങ്ങളുടെ ആക്രമണം സാധ്യതയുള്ള ഇടങ്ങളിൽ അപായ സൂചക ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

തെളിഞ്ഞ കാലാവസ്ഥ യാത്ര സുഖകരമാക്കി. ഇടയ്ക്ക് പുള്ളിമാനിനെ കണ്ടപ്പോൾ ഞങ്ങൾ വാഹനം നിർത്തി. വീണ്ടും മുന്നോട്ട്. കാട്ടാനകളുടെ ചിന്നവിളി ഉൾക്കാടുകളിൽ നിന്നും കേൾക്കുന്നുണ്ടെങ്കിലും വാഹനം നിർത്താതെ യാത്ര തുടർന്നു.

deer

കലങ്ങി മറിഞ്ഞ് ഒഴുകുന്ന നദികൾ ഉൾക്കാടുകളിൽ മഴ ശക്തമാണെന്ന മുന്നറിയിപ്പ് നൽകി. റോഡരികിൽ കാണാനാവുന്ന ചെറു കുളങ്ങളെല്ലാം നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. ഭക്ഷണത്തിനായി വഴിവക്കിൽ കുരങ്ങൻ കാത്തിരിക്കുന്നുണ്ട്.  ബന്ദിപൂർ കടക്കാൻ 40 മിനിറ്റ് സമയമെടുത്തു.വനം കഴിഞ്ഞ് അല്പദൂരം പിന്നിടുമ്പോഴക്കും സൂര്യകാന്തിയും ചെത്തിപ്പൂവും പൂത്തുലഞ്ഞ് നില്‍ക്കുന്ന അതി മനോഹരമായ കാഴ്ചകൾ നമ്മളെ മാടി വിളിക്കും.  നോക്കെത്താ ദൂരത്ത് തലയുയർത്തി തെളിഞ്ഞിരിക്കുന്ന പൂ പാടങ്ങൾ....

floer
 
സൂര്യകാന്തിപ്പൂവിന് അനുയോജ്യമായ മണ്ണാണ് ഗുണ്ടൽപേട്ടിലെത്. പ്രധാനമായും എണ്ണ ഉൽപ്പാദനത്തിനാണ് ഇവകൊണ്ട് പോകുന്നത്. ജൂലൈ ആഗസ്റ്റ് മാസത്തിലാണ് സൂര്യകാന്തിയുടെ വിളവെടുപ്പ്. സീസൺ അനുസരിച്ചാണ് വിത്തിറക്കൽ. കാലാവസ്ഥ അനുകൂലമായാൽ നല്ല വിളവും മികച്ച വരുമാനവും ലഭിക്കും.

ഒരേദിശയിലേക്ക് തല ഉയർത്തിനിൽക്കുന്ന സൂര്യകാന്തിപൂക്കൾ, ഇളം കാറ്റ് തലോടുമ്പോൾ അവ പതുക്കെ നമ്മേ നോക്കി പുഞ്ചിരിക്കും. തേൻ തുകുന്ന വണ്ടുകൾ പുമ്പോടിയിൽ നൃത്തമാടുന്നു. പ്രകൃതി ഒരുക്കുന്ന മനോഹര കാഴ്ചകൾ ഒരിക്കലെങ്കിലും നമ്മള്‍ കണ്ടിരിക്കണം. സൂര്യകാന്തിയ്ക്ക് ഒപ്പം മറ്റു പൂക്കളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പൂത്തുലഞ്ഞ് നിൽക്കുന്ന ചെട്ടിപ്പൂക്കൽ അഥവാ ജമന്തി പൂക്കൾ. സൂര്യകാന്തി പൂവിനോട് ചേർന്നു തന്നെയാണ് ചെട്ടിപ്പൂക്കളും ഇവിടെ കൃഷി ചെയ്യുന്നത്.

sun

രാവിലെയും വൈകീട്ടുമായിട്ടാണ് പൂക്കളുടെ വിളവെടുപ്പ്. രാവിലെ 9ന് മുമ്പ് തൊഴിലാളികൾ വിളവെടുപ്പായി എത്തും. പിന്നെ വൈകുന്നേരം വെയിൽ ശമിച്ചതിനുശേഷവും...സൂര്യകാന്തിപൂവിന്റെ ഭംഗി ആസ്വദിക്കാൻ ഇവിടെ എത്തുന്ന ഭൂരിഭാഗം പേരും കേരളത്തിൽ നിന്നുള്ളവരാണ്. കോവിഡ് കാലത്തിന് ശേഷമുള്ള ഈ മനോഹര കാഴ്ചകൾ നഷ്ടപ്പെടുത്താൻ ആരും ഒരിക്കലും ആഗ്രഹിക്കില്ല. ഗുണ്ടൽ പേട്ട് എത്തുംവരെ ഹൈവേയുടെ ഇരുഭാഗത്തുമായി ഈ മനോഹരമായ കാഴ്ചകൾ നമ്മുടെ കണ്ണിന് കുളിർമയേകും.

ഗുണ്ടൽപേട്ടയിൽ നിന്നും 14 കിലോമീറ്റർ അകലെയുള്ള ഗോപാൽ സ്വാമിപേട്ട ഹിൽസാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. ഊട്ടിറോഡിലൂടെ  അല്പദൂരം സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞ്  ഹിമവദ് റോഡിലേക്ക് കയറിവേണം അവിടെയ്ക്ക് പോകാൻ. ഗോപാൽ സ്വാമിപേട്ടിലേക്കുള്ള യാത്രയിലും നമുക്ക് വിളവെടുക്കാറായ സൂര്യകാന്തികൾ കാണാം. ഒപ്പം ദൂരത്തായി തല ഉയർത്തി നില്‍ക്കുന്ന കുന്നുകളും. പച്ചപ്പിന്റെ അതിമനോഹരമായ കാഴ്ചകളാണ് പ്രകൃതി ഇവിടെ സഞ്ചാരികൾക്കായി ഒരുക്കി വച്ചിരിക്കുന്നത്.

ഗോപാൽ സ്വാമി ഹിൽസിൽ പ്രവേശനത്തിന് ചില നിബന്ധനകളുണ്ട്. ഹിൽസിന്റെ താഴ്വാരത്ത് വരെ മാത്രമേ വാഹനം അനുവദിക്കുകയുള്ളു. മുകളിലേക്ക് എത്തണമെങ്കിൽ കർണാടക ആർ.ടി.സി ബസ്സിലോ അവർ ഏർപ്പെടുത്തിയ ജീപ്പിലോ മാത്രമേ യാത്ര അനുവദിക്കുകയുള്ളു. കുത്തനെയുള്ള കയറ്റമാണ്. ഫസ്റ്റ് ഗിയറിൽ മാത്രം വാഹനങ്ങൾ മുരണ്ടുവിറച്ച് കയറുന്ന കയറ്റം. അത്രയ്ക്ക് കുത്തനെയാണ് അവിടെയ്ക്കുള്ള യാത്ര. ഒരാൾക്ക് 70 രൂപയാണ് ടിക്കറ്റ് നിരക്ക്.  രാവിലെ 8.30 മുതൽ വൈകിട്ട് 4 മണിവരെ മാത്രമേ ഇവിടെയ്ക്ക് ആളുകളെ കടത്തി വിടുകയുള്ളു. മലമുകളിലായി ഒരു ശ്രീകൃഷ്ണന്റെ അമ്പലവും സ്ഥിതിചെയ്യുന്നുണ്ട്.

ഉയരം കൂടുമ്പോൾ കടുപ്പം കൂടുമെന്ന് ലാലേട്ടൻ പറഞ്ഞതില്‍ ഇവിടെ ഒരു തിരുത്തുണ്ട്.  ഉയരം കൂടുമ്പോൾ തണുപ്പ് കൂടുന്ന അവസ്ഥയാണ് ഇവിടെ. ഒരോ ഹെയർപിന്‍  കഴിയുമ്പോഴേക്കും തണുപ്പ് നമ്മേ പൊതിയും. മുകളിൽ എത്തിയാൽ സ്വർഗ്ഗത്തിൽ എത്തിയ അവസ്ഥയാണ്. മേഘങ്ങള്‍ നമ്മേ തലോടും. നട്ടുച്ചവെയിലാണെങ്കിലും തണുപ്പിക്കുന്ന കുളിർ കാറ്റ്. മുകളിൽ നിന്നും താഴേക്ക് നോക്കുമ്പോള്‍ കാണുന്ന കാഴ്ചകൾ അതിലും അതിമനോഹരമാണ്.  നിറഞ്ഞോഴുകുന്ന കബനി നദിവരെ ഇവിടെ നിന്നും നമുക്ക് കാണാം.

temple

ഗോപാലസ്വാമി ക്ഷേത്രവും പരിസരവും എപ്പോഴും നിശബ്ദമാണ്. അമ്പലത്തിനുള്ളിലും എപ്പോഴും നല്ല തണുപ്പും.മേല്‍ക്കുരയ്ക്കു മുകളിൽ കുടനിർത്തിവച്ചത് പോലെയാണ് മേഘങ്ങൾ. ഒരു പൊട്ട് പോലെ വാഹനങ്ങൾ താഴ്വാരത്ത് കൂടി സഞ്ചരിക്കുന്നത് നമുക്ക്  ഇവിടെ നിന്നും കാണാന്‍ കഴിയും. രാത്രി ഒരു വാച്ചർ മാത്രമാണ് കാവലിനായി ഇവിടെ ഉണ്ടാകുക.  ആനയും കാട്ടുപോത്തും കടുവയുമെല്ലാം രാത്രി ആയാൽ ഇവിടെ എത്തും. അതു കൊണ്ട് തന്നെ സുരക്ഷയുടെ ഭാഗമായാണ് അഞ്ച് മണിയ്ക്ക് ശേഷം അവിടെ ആരെയും നിർത്താൻ അനുവദിക്കാത്തത്.

team

കാഴ്ച്ചകള്‍ എല്ലാം ആസ്വദിച്ച് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ഞങ്ങളുടെ മടക്കം.തിരിച്ച് ചുരത്തിലെത്തിയപ്പോൾ ഒമ്പതാം വളവിൽ കോടമഞ്ഞ് വിരുന്നോരുക്കി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. 358 കിലോമീറ്റർ യാത്ര പൂർത്തിയാക്കാൻ കൂടെ ഉണ്ടായവർ ലിഷാസ്,ദിൽഷാദ്,ഷാഹിൽ എന്നിവരായിരുന്നു. മഴയും,തണുപ്പും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചായും ഈ വഴിയുള്ള യാത്ര ഏറെ ഇഷ്ടമാകും...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News