അതികഠിനമായ ചൂട് കാലാവസ്ഥയെയാണ് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ആഗോളതാപനം ഇതിന് ഒരു പ്രധാന കാരണമാണെന്ന് നമുക്ക് അറിയാം. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം രൂക്ഷമായിരിക്കുന്നതിനാൽ, ചൂട് കൂടുന്നതിനനുസരിച്ച് സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്താണ് ഹീറ്റ് സ്ട്രോക്ക്?
അമിതമായി ചൂട് ഏൽക്കുന്നതിനെ തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ഹീറ്റ് സ്ട്രോക്ക്. വെയിലിൽ പുറത്ത് ദീർഘനേരം തുടരുന്നതിന്റെ ഫലമായി ഹീറ്റ് സ്ട്രോക്ക് ഉണ്ടാകും. ശരീര താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുമ്പോൾ, ഒരു വ്യക്തി ഈ അവസ്ഥയിലാകാൻ സാധ്യതയുണ്ട്. ഹീറ്റ് സ്ട്രോക്ക് അല്ലെങ്കിൽ സൂര്യാഘാതം ഉടനടി ചികിത്സിച്ചില്ലെങ്കിൽ, തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിക്കുകയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഹീറ്റ് സ്ട്രോക്ക് ലക്ഷണങ്ങൾ
ഉഷ്ണതരംഗം രാജ്യത്തെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹീറ്റ് സ്ട്രോക്ക് അനുഭവപ്പെടുന്നതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് ബോധക്ഷയം. നിർജ്ജലീകരണം ഇതിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. ധാരാളം വെള്ളം കുടിക്കുന്നത് വഴി നിർജ്ജലീകരണം തടയാൻ സാധിക്കും.
ശരീരത്തിന്റെ ഊഷ്മാവ് തണുപ്പിക്കാൻ വിയർപ്പ് സഹായിക്കുന്നു. എന്നാൽ ശരീരത്തിൽ വിയർപ്പ് കുറയുന്നത് ആരോഗ്യം മോശമാകുന്നതിന്റെ സൂചനയാണ്. ഈ ലക്ഷണം നിങ്ങൾ ഒരിക്കലും അവഗണിക്കരുത്. ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പും കുറഞ്ഞ ശ്വാസോച്ഛ്വാസവും ഛർദ്ദി എന്നിവയും സൂര്യാഘാതമേറ്റതിന്റെ ലക്ഷണങ്ങളാണ്.
ഹീറ്റ്‌സ്ട്രോക്ക് പ്രതിരോധവും ചികിത്സയും
സൂര്യാഘാതത്തെ നേരിടാൻ ഏറ്റവും പ്രധാനം ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ്. വേനൽക്കാലത്ത് ശരീരത്തിന് സാധാരണയേക്കാൾ കൂടുതൽ വെള്ളം ആവശ്യമുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് അധികം നേരം നിൽക്കുകയോ ജോലി ചെയ്യുകയോ അരുത്. ഉഷ്ണതരംഗം പോലുള്ള സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. ഇളം നിറമുള്ളതും അയഞ്ഞതും ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക. ശരീര ഊഷ്മാവ് കുറയ്ക്കാൻ ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കുളിക്കുക. സൂര്യാഘാതം ഏറ്റാൽ ഉടൻ വൈദ്യസഹായം തേടുക.
സൂര്യാഘാതം ഏറ്റ ആൾക്ക് വൈദ്യസഹായം ലഭ്യമാകുന്നതിന് ഇടയ്ക്കുള്ള സമയത്ത് പ്രാഥമിക ചികിത്സ ലഭ്യമാക്കണം. ഇതിനായി സൂര്യാഘാതം ഏറ്റ ആളെ സൂര്യപ്രകാശത്തിൽ നിന്ന് മാറി തണലുള്ള സ്ഥലത്ത് എത്തിക്കുക. അധിക വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളത്തിൽ കുളിപ്പിക്കുക. നനഞ്ഞ തുണി ദേഹത്ത് ഇട്ടുകൊടുക്കുക. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കാൻ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...