Menstrual pain: ആർത്തവദിനങ്ങളിലെ വേദന ഒഴിവാക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ആർത്തവദിനങ്ങളിൽ പലർക്കും ആദ്യ ദിവസങ്ങളിലോ 2-3 ദിവസം വരെയോ ശക്തമായ വയറുവേദനയും ശരീര വേദനയും ഉണ്ടാകുന്നു

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 03:27 PM IST
  • ചില ഭക്ഷണങ്ങൾ ആർത്തവ വേദന കഠിനമാകുന്നതിന് കാരണമാകും
  • അതുകൊണ്ട് ആർത്തവ സമയങ്ങളിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
  • ടിന്നിലടച്ച ഭക്ഷണങ്ങൾ, കാപ്പി, എരിവ് കൂടിയ ഭക്ഷണങ്ങൾ, കൊഴുപ്പുള്ള ഭക്ഷണങ്ങൾ, മധുരം കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം
Menstrual pain: ആർത്തവദിനങ്ങളിലെ വേദന ഒഴിവാക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ആർത്തവ ദിനങ്ങൾ പല സ്ത്രീകൾക്കും വേദനയും സമ്മർദ്ദവും നൽകുന്ന നാളുകളാണ്. വയറുവേദനയും ശരീര വേദനയും പലരെയും വളരെ ബുദ്ധിമുട്ടിക്കും. വയറുവേദന, തലവേദന, കൈകാലുകൾക്ക് മരവിപ്പ്, സ്തനങ്ങളിലെ വേദന, ഛർദ്ദി, വിഷാ​ദം, ദേഷ്യം എന്നിങ്ങനെ പല ശാരീരിക അവസ്ഥകളിലൂടെയും മാനസിക ഘട്ടങ്ങളിലൂടെയുമാണ് പല സ്ത്രീകളും ആർത്തവ ദിനങ്ങളിൽ കടന്നുപോകുന്നത്. ആർത്തവ രക്തം പുറത്തു കളയാൻ ഗർഭപാത്രത്തിലെ പേശികൾ സങ്കോചിക്കും. ഇതാണ് അതികഠിനമായ വേദനയ്ക്ക് കാരണം. രക്തത്തോടൊപ്പം ഗർഭപാത്രത്തിലെ പുറത്തുള്ള ആവരണം കൂടി പോകുന്നുണ്ട്. ഈ സമയങ്ങളിൽ ശരീരത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ആർത്തവ സമയത്തെ വേദനകൾക്ക് കാരണമാകുന്നു.

കൃത്യമായ ആർത്തവം ആരോ​ഗ്യമുള്ള സ്ത്രീയുടെ ലക്ഷണമാണെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. എങ്കിലും, ക്രമരഹിതമല്ലാതെ കൃത്യമായ ഇടവേളകളിൽ തന്നെ ആർത്തവം ഉണ്ടാകുകയാണെങ്കിലും പലർക്കും ആദ്യ ദിവസങ്ങളിലോ 2-3 ദിവസം വരെയോ ശക്തമായ വയറുവേദനയും ശരീര വേദനയും ഉണ്ടാകുന്നു. ആർത്തവ ദിനങ്ങളിലെ വേദന ഓരോരുത്തരുടെയും ആരോ​ഗ്യസ്ഥിതി ഭക്ഷണ ക്രമീകരണം എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. 

ALSO READ: Liver Failure Symptoms: കരൾ രോഗങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും

ആർത്തവ വേദന കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ പലതരത്തിലുള്ള വേദന സംഹാരികൾ കഴിക്കുന്നവരുണ്ട്. എന്നാൽ, ഡോക്ടറുടെ നിർദേശം കൂടാതെ ഇത്തരം മരുന്നുകൾ കഴിക്കുന്നത് പിന്നീട് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. അതിനാൽ ആർത്തവ ദിനങ്ങളിലെ വേദനയ്ക്ക് മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. മരുന്നുകൾ അല്ലാതെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് വഴിയും വേദനയെ ലഘൂകരിക്കാൻ സാധിക്കും.

മഞ്ഞൾ

ധാരാളം ഔഷധ​ഗുണങ്ങൾ ഉള്ള സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ശരീരത്തിലെ വീക്കം കുറയ്ക്കാനും ആർത്തവം മൂലമുള്ള വേദനയും അസ്വസ്ഥതയും കുറയ്ക്കാനും മഞ്ഞൾ സഹായിക്കുന്നു. ചെറുചൂട് വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾപൊടി ചേർത്ത് കുടിക്കുന്നത് ആർത്തവ ദിനങ്ങളിലെ വയറുവേദന കുറയ്ക്കാൻ സഹായിക്കും.

ഓട്സ്

ആർത്തവ ദിനങ്ങളിൽ പ്രഭാത ഭക്ഷണമായി ഓട്സ് കഴിക്കുന്നത് നല്ലതാണ്. ഓട്സിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തിന് നല്ലതാണ്. ഓട്സ് കഴിക്കുന്നത് ശരീരത്തിന് ആവശ്യത്തിന് ഊർജ്ജവും നൽകുന്നു. ഓട്സ് കഴിച്ചാൽ കൂടുതൽ നേരം വയറുനിറഞ്ഞിരിക്കുന്നതായി തോന്നുന്നതിനാൽ അധികഭക്ഷണം കഴിക്കുന്നതും ഒഴിവാകും.

ഇഞ്ചി

ഇഞ്ചിയിൽ അടങ്ങിയ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആർത്തവവുമായി ബന്ധപ്പെട്ട പേശി വേദന കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം ഒരു കഷ്ണം ഇഞ്ചി ചവച്ചരച്ച് കഴിക്കുന്നതോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതോ നല്ലതാണ്. ഇവ ദഹനം മെച്ചപ്പെടുത്താനും വയറുവേദനിക്കാതിരിക്കാനും സഹായിക്കുന്നു. ചായയിൽ ഇഞ്ചി ചതച്ചിട്ട് കുടിക്കുന്നതും നല്ലതാണ്. ഇത് ശരീരത്തിന് ഉന്മേഷം നൽകും.

മാതളം

ആർത്തവ സമയത്ത് ശരീരത്തിൽ നിന്ന് രക്തം നഷ്ടപ്പെടുന്നു. ഈ സമയത്ത് ശരീരത്തിന് വളരെ ക്ഷീണം തോന്നും. ശരീരത്തിൽ രക്തത്തിന്റെ അളവ് മികച്ചതായി നിർത്തുന്നത് മാതളം സഹായിക്കും. ആർത്തവ സമയത്ത് പഴങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഓറഞ്ച് കഴിക്കുന്നതും ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ആർത്തവ വേദന കുറയ്ക്കാൻ വളരെ നല്ലതാണ്. ഉണക്കമുന്തിരി രാത്രിയിൽ കുതിർത്ത് വച്ച് രാവിലെ കുടിക്കുന്നതും ആർത്തവ വേദന ഇല്ലാതാക്കാൻ സഹായിക്കും.

ALSO READ: ഏലയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം; അറിയാം ഏലയ്ക്കയുടെ അ‍ഞ്ച് ആരോ​ഗ്യ​ഗുണങ്ങൾ

ആർത്തവ സമയത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങൾ ആർത്തവ വേദന കഠിനമാകുന്നതിന് കാരണമാകും. അതുകൊണ്ട് ആർത്തവ സമയങ്ങളിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം. ടിന്നിലടച്ച ഭക്ഷണങ്ങൾ, കാപ്പി, എരിവ് കൂടിയ ഭക്ഷണങ്ങൾ, കൊഴുപ്പുള്ള ഭക്ഷണങ്ങൾ, മധുരം കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News