മൺസൂൺ കാലാവസ്ഥയിൽ രോഗങ്ങളും അണുബാധകളും വേഗത്തിൽ പകരുന്നു. ഈർപ്പം നിറഞ്ഞ കാലാവസ്ഥ ബാക്ടീരിയകൾക്കും വൈറസുകൾക്കും പകരുന്നതിന് അനുകൂലമായ അന്തരീക്ഷമാണ്. മൺസൂൺ കാലത്തെ സാധാരണ ആരോഗ്യപ്രശ്നങ്ങളാണ് ചുമ, ജലദോഷം, പനി തുടങ്ങിയ വൈറൽ അണുബാധകൾ.
എന്നിരുന്നാലും ഔഷധസസ്യങ്ങളുടെ ശരിയായ ഉപയോഗത്തിലൂടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും മഴക്കാലവുമായി ബന്ധപ്പെട്ട രോഗങ്ങളെ അകറ്റാനും കഴിയും. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാനും നമ്മുടെ പ്രതിരോധ സംവിധാനത്തെ മികച്ചതാക്കാനും സഹായിക്കുന്ന ഫലപ്രദമായ ആയുർവേദ ഔഷധങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1. തുളസി: തുളസി ആയുർവേദത്തിൽ നിരവധി മരുന്നുകളിൽ ചേർക്കുന്നുണ്ട്. ഈ സസ്യത്തിന് ശക്തമായ ആന്റിമൈക്രോബയൽ, ആന്റി വൈറൽ, ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളുണ്ട്. ഇത് മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. തുളസി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ദഹനത്തെ മികച്ചതാക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് ചുമ, ജലദോഷം, പനി എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നു.
2. ചിറ്റമൃത്: ചിറ്റമൃത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ച ഒരു ആയുർവേദ സസ്യമാണ്. ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കുന്നതിനും കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ്. മഴക്കാലത്തും അതിനുശേഷവും നിങ്ങളുടെ ഭക്ഷണത്തിൽ ചിറ്റമൃത് ഉൾപ്പെടുത്തുന്നത് പനി, ജലദോഷം തുടങ്ങിയ രോഗങ്ങളെ തടയാൻ സഹായിക്കും.
3. അശ്വഗന്ധ: അശ്വഗന്ധ സമ്മർദ്ദത്തെ ചെറുക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മികച്ചതാണ്. മൺസൂൺ സമയത്ത്, അശ്വഗന്ധ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ പ്രതിരോധശേഷിയും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെടുത്താൻ സഹായിക്കും. ഈ സസ്യം വെളുത്ത രക്താണുക്കൾ വർധിപ്പിക്കാൻ സഹായിക്കും. സെല്ലുലാർ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, വീക്കം കുറയ്ക്കുന്നു എന്നിവയും ഇതിന്റെ ഗുണങ്ങളാണ്. പാൽ, സ്മൂത്തികൾ അല്ലെങ്കിൽ ഹെർബൽ ടീ എന്നിവയിൽ അശ്വഗന്ധ പൊടി ഉൾപ്പെടുത്തുന്നത് മഴക്കാലവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം നൽകും.
ALSO READ: Type 2 Diabetes: പ്രമേഹത്തെ നിയന്ത്രണത്തിലാക്കാം മരുന്നുകളില്ലാതെ തന്നെ
4. വേപ്പ്: അസാധാരണമായ ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് വേപ്പ്. ഇതിന് ശക്തമായ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് നമ്മുടെ മൺസൂൺ ഭക്ഷക്രമത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. വേപ്പ് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. രക്തം ശുദ്ധീകരിക്കുന്നു. ദഹനം മികച്ചതാകാൻ സഹായിക്കുന്നു. വേപ്പില തനത് രൂപത്തിലോ വേപ്പില ചേർത്ത വെള്ളമോ പൊടിയായോ കഴിക്കുന്നത് മൺസൂണുമായി ബന്ധപ്പെട്ട വിവിധ അണുബാധകളായ ചർമ്മ അലർജികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ദഹന വൈകല്യങ്ങൾ എന്നിവയെ ചെറുക്കാൻ സഹായിക്കും.
5. മുരിങ്ങ: പോഷകങ്ങളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ശക്തികേന്ദ്രമാണ് മുരിങ്ങ. ഈ സസ്യം വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും കൊണ്ട് സമ്പന്നമാണ്. ഇത് മൺസൂൺ ഭക്ഷണക്രമത്തിൽ ചേർക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. മുരിങ്ങ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും മൊത്തത്തിലുള്ള ക്ഷേമത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. സൂപ്പ്, സലാഡുകൾ, സ്മൂത്തികൾ എന്നിവയിൽ മുരിങ്ങയിലയോ മുരിങ്ങക്കായോ ചേർക്കുന്നത് ശരീരത്തിന് അവശ്യ പോഷകങ്ങൾ നൽകുകയും മഴക്കാലവുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
6. നെല്ലിക്ക: നെല്ലിക്ക വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നെല്ലിക്ക മികച്ചതാണ്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും നെല്ലിക്ക സഹായിക്കുന്നു. നെല്ലിക്ക തനത് രൂപത്തിലോ ജ്യൂസായോ അല്ലെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ പൊടി രൂപത്തിലോ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ സി വർധിപ്പിക്കുന്നതിനും അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...