വീട്ടിലെ മറ്റ് അംഗങ്ങളുടെ ആരോഗ്യം പരിപാലിക്കാൻ ചെയ്യുന്നതൊക്കെ സ്ത്രീകൾ അവരുടെ ജീവിതത്തിലും പ്രാവർത്തികമാക്കേണ്ടതുണ്ട്. ഓഫീസ് ജോലിയും വീട്ടുജോലിയും ഒക്കെയായി പല സ്ത്രീകൾക്കും അവരുടെ ആരോഗ്യം വേണ്ടത്ര ശ്രദ്ധിക്കാൻ സാധിക്കാതെ പോകാറുണ്ട്. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ നാല് സ്ത്രീകളില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി എന്‍.എഫ്.എച്ച്.എസ്.(2015-16) നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. ഗ്രാമത്തിലുള്ള സ്ത്രീകളാണ് നഗരത്തിലുള്ളവരെക്കാൾ പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്.
ആരോഗ്യകരമായ സമീകൃതാഹാരം എല്ലാവർക്കും അത്യാവശ്യമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ ശരീരം ഒന്നിലധികം ശാരീരിക പരിവർത്തനങ്ങളിലൂടെ കടന്നുപോകുമ്പോൾ അവർക്ക് പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ അത്യാവശ്യമാണ്. ആരോഗ്യകരമായ ഭാവിക്കായി എല്ലാ സ്ത്രീകളും എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം...
സ്ത്രീകൾക്ക് ആവശ്യമായ 5 പോഷകങ്ങൾ
ഇരുമ്പ്
ആർത്തവവും ആർത്തവചക്രവും കാരണം സ്ത്രീകൾക്ക് ശരീരത്തിൽ നിന്ന് ധാരാളം ഇരുമ്പ് നഷ്ടപ്പെടും. വളർച്ചയ്ക്കും ശരീര കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിനും ചില ഹോർമോണുകൾ സൃഷ്ടിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. ഇരുമ്പിന്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകും.
ഇരുമ്പ് അടങ്ങിയ ഭക്ഷണം: പരിപ്പ്, സീഫുഡ്, ബീൻസ്, പച്ചക്കറികൾ
വിറ്റാമിൻ ബിയും ഫോളിക് ആസിഡും
വൈറ്റമിൻ ബി ശരീരത്തിൽ പുതിയ കോശങ്ങൾ സൃഷ്ടിക്കാൻ ആവശ്യമാണ്. അതേസമയം ഫോളിക് ആസിഡ് ഗർഭകാലത്ത് ന്യൂറൽ ട്യൂബ് രൂപപ്പെടുത്താൻ സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ തലച്ചോറും സുഷുമ്നാ നാഡിയും വികസിപ്പിക്കാൻ സഹായിക്കുന്നു.
ഭക്ഷണം: പരിപ്പ്, ബീൻസ്, ചീര, ഓറഞ്ച് ജ്യൂസ്
വിറ്റാമിൻ ഡി
അടുത്തകാലത്തായി ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകൾക്കും വൈറ്റമിൻ ഡിയുടെ കുറവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത സ്രോതസ്സ് എന്ന് പറയുന്നത് സൂര്യനാണ്. എല്ലുകൾക്കും പ്രതിരോധശേഷിക്കും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും കോശ വളർച്ചയ്ക്കും വിറ്റാമിൻ ഡി പ്രധാനമാണ്.
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം: മുട്ടയുടെ മഞ്ഞക്കരു, ചീസ്, ഫോർട്ടിഫൈഡ് പാൽ
കാൽസ്യം
ശരീരത്തിലെ അസ്ഥികളുടെ ആരോഗ്യം വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ ശരീരത്തിൽ കാൽസ്യവും സമ്പുഷ്ടമായിരിക്കണം. പ്രായം കൂടുന്തോറും അസ്ഥികളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെ ശ്രദ്ധ വേണം. അസ്ഥികളുടെ ആരോഗ്യത്തിന് കാൽസ്യം അടങ്ങിയ ഭക്ഷണണങ്ങൾ പരമാവധി കഴിക്കാൻ ശ്രമിക്കണം.
കാൽസ്യം അടങ്ങിയ ഭക്ഷണം: പാൽ, ചീസ്, തൈര്
മഗ്നീഷ്യം
പേശികളും ഞരമ്പുകളും ശരിയായി പ്രവർത്തിക്കാനും, രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കുന്നു.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണം: പരിപ്പ്, ചീര, ഓട്സ്, പാലുൽപ്പന്നങ്ങൾ, മത്തങ്ങ വിത്തുകൾ, അവോക്കാഡോ.
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്ത്രീകളുടെ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്നതിനുമായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യാവകാശം നൽകുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. സ്ത്രീ ശാക്തീകരണത്തിനൊപ്പം ഈ ദിവസം നിങ്ങളുടെ ആരോഗ്യ കാര്യത്തിലും ഒരൽപ്പം ശ്രദ്ധ കൊടുക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...