ശ്രീനഗർ: ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ കശ്മീർ അതിർത്തിയിൽ അവസരം നോക്കി കാത്തിരിക്കുന്നത് 200 ഭീകരരെന്ന് റിപ്പോർട്ട്. നോർത്തേൺ കമാൻഡർ ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്.നിയന്ത്രണ രേഖയിലെ സുരക്ഷാ സ്ഥിതിയെ കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതിർത്തിയിലെ പാകിസ്താൻ മേഖലയിൽ 35 ഓളം തീവ്രവാദ പരിശീലന ക്യാമ്പുകൾ സജീവമാണ്. ഇതിൽ ആറെണ്ണം വമ്പൻ ക്യാമ്പുകളാണ്. പാക് സൈനിക താവളങ്ങളോട് ചേർന്നാണ് ഈ ക്യാമ്പുകൾ. ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് പാക് സൈന്യമാണെന്നും അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റ ശ്രമങ്ങൾ മുൻപുണ്ടായിരുന്നതിനെ അപേക്ഷിച്ച് ഗണ്യമായി കുറയ്‌ക്കാൻ സാധിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഏറെക്കുറെ പാലിക്കപ്പെടുന്നുണ്ട്. ചുരുങ്ങിയ സംഭവങ്ങൾ ഒഴിച്ചാൽ കഴിഞ്ഞ കുറേ കാലത്തിനിടെ അതിർത്തിയിൽ സമാധാന അന്തരീക്ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ പാക് അതിർത്തിയിൽ കാണപ്പെട്ട തുരങ്കത്തെ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. 150 മീറ്റർ നീളമുള്ള കുഴി പാകിസ്താനിൽ നിന്ന് കുഴിച്ചതായാണ് കണക്കാക്കുന്നത്.ഭീകരർക്ക് രാജ്യത്തെത്താൻ വേണ്ടിയാണ് തുരങ്കം സൃഷ്ടിച്ചത് എന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...