Qatar: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയിൽ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് ഖത്തര്‍ കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. നാവിക ഉദ്യോഗസ്ഥരുടെ ജയില്‍ ശിക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിയ്ക്കുകയാണ്.
Also Read: Death Sentence of Indians: 8 ഇന്ത്യൻ നാവികരുടെ വധശിക്ഷ ഒഴിവാക്കി ഖത്തർ
ചാരവൃത്തിക്കേസില്‍ വധശിക്ഷ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ മുന്‍ നാവികര്‍ക്ക് 3 മുതല്‍ 25 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചിരിയ്ക്കുകയാണ് ഖത്തര്‍ കോടതി. കേസില്‍ കുറ്റാരോപിതരായ 8 പേരില്‍ ഒരാള്‍ക്ക് 25 വര്‍ഷവും നാലു പേര്‍ക്ക് 15 വര്‍ഷവും രണ്ടുപേര്‍ക്ക് 10 വര്‍ഷവും ഒരാള്‍ക്ക് 3 വര്‍ഷം വീതവുമാണ് തടവ് വിധിച്ചിരിക്കുന്നത്. ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന പൂര്‍ണേന്ദു തിവാരിക്കാണ് 25 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. മറ്റുവള്ളവര്‍ ഈ കമ്പനിയിലെ കീഴ്ഉദ്യോഗസ്ഥരുമായിരുന്നു.
പ്രധാനപ്പെട്ട ഇന്ത്യന്‍ പടക്കപ്പലുകളിലടക്കം കമാന്‍ഡറായി പ്രവര്‍ത്തിച്ച പൂര്‍ണേന്ദു തിവാരി 2019ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ കമ്പനിയായ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മുന്‍ നാവികസേനാ ഉദ്യോസ്ഥരെയാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30ന് ഖത്തര്‍ തടവിലാക്കിയത്. ഖത്തര്‍ നാവികസേനക്കായി പരിശീലനം നല്‍കുന്നതിന് കരാറുണ്ടായിരുന്നതാണ് ഈ കമ്പനി. ചാരവൃത്തിക്കേസിലായിരുന്നു അറസ്റ്റ്.
ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്.
മുങ്ങിക്കപ്പല്‍ നിര്‍മാണ രഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 2022 ഓഗസ്റ്റ് മുതൽ നാവികർ ഖത്തറിൽ തടവിലാണ്. പൂര്‍ണേന്ദുവിനെ തിരികെ കൊണ്ടുവരാന്‍ സഹോദരി കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സമൂഹമാധ്യമമായ എക്സി(അന്ന് ട്വിറ്റര്‍)ലൂടെയായിരുന്നു അവര്‍ സംഭവം ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
വധശിക്ഷ റദ്ദാക്കുക എന്ന പ്രധാന ദൗത്യം പൂര്‍ത്തിയായതോടെ ജയിലിൽ കഴിയുന്നവരെ നാട്ടിലെത്തിച്ച് ഇവിടെ ജയിൽ ശിക്ഷ അനുഭവിപ്പിക്കാൻ സാധിക്കുമോ എന്നാണ് ഇപ്പോള്‍ ആലോചന. ശിക്ഷിക്കപ്പെടുന്നവരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യയും ഖത്തറും തമ്മിൽ 2015ൽ ഒപ്പുവച്ച കരാർ മൂലം ഒരു പക്ഷേ ഇത് സാധ്യമായേക്കും.
ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുന്ന ഇന്ത്യയിലെയും ഖത്തറിലെയും പൗരന്മാർക്ക് അവരുടെ രാജ്യത്ത് ശിക്ഷ അനുഭവിക്കാൻ ഈ കരാർ അനുവദിക്കുന്നു. 2015 മാർച്ചിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഇന്ത്യാ സന്ദർശന വേളയിലാണ് കരാറിൽ ഒപ്പുവെച്ചത്.എന്നാൽ വധശിക്ഷ നേരിടുന്ന തടവുകാരെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല.അതിനാല്‍ 8 ഇന്ത്യന്‍ നാവികരുടെ ജയില്‍ ശിക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഇനിയും കാത്തിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.