ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം പാലിക്കാത്ത ദില്ലിയിലെ അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്ക് ആം ആദ്മി സര്‍ക്കാര്‍ 600 കോടി രൂപ പിഴയിട്ടു.ഫോര്‍ട്ടീസ് എസ്കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ശാന്തി മുകുന്ത് ഹോസ്പിറ്റല്‍, ധര്‍മ്മശിലാ കാന്‍സര്‍ ഹോസ്പിറ്റല്‍, പുഷ്പവതി സിംഘാനിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ അഞ്ച് ആശുപത്രികള്‍ക്കാണ് കെജ്രിവാള് സര്‍ക്കാര്‍ പിഴ ചുമത്തിയത്.
സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരില്‍ 10 ശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്നാണ്. കൂടാതെ ഒപി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരില്‍ 25 ശതമാനം പാവപ്പെട്ടവരില്‍ നിന്ന് സൗജന്യ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളു. ഈ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികള്‍ നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയത്. പിഴ ഈടാക്കാതിരിക്കാന്‍ ഒരു മാസത്തിനുള്ളില്‍ കാരണം കാണിച്ച് വ്യക്തമായ വിശദീകരണം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രാലയം ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2007ല്‍ ആരംഭിച്ച ആശുപത്രികളുടെ പ്രവര്‍ത്തനം മുതല്‍ ഇന്നുവരെയുള്ള പിഴയാണ് ഇപ്പോള്‍ ഈടാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ 1960 മുതല്‍ 1990 വരെയുള്ള കാലയളവില്‍ 43 സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ഈ നിബന്ധനയോടെ ഭൂമി നല്‍കിയിട്ടുണ്ട്.