ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ഇന്ത്യൻ റെയിൽവേ ഞായറാഴ്ച 700 ലധികം ട്രെയിനുകൾ റദ്ദാക്കി. ജൂൺ 19ന് പുറപ്പെടേണ്ടിയിരുന്ന 673 ട്രെയിനുകൾ പൂർണമായും 46 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ശനിയാഴ്ച ബന്ദിനിടെ ബീഹാറിലെ തരേഗാന റെയിൽവേ സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടു. പഞ്ചാബിലെ ലുധിയാന റെയിൽവേ സ്റ്റേഷൻ ആക്രമിച്ചു. അഗ്നിപഥ് പ്രതിഷേധത്തിന്റെ നാലാം ദിവസവും റെയിൽവേ സ്റ്റേഷനുകൾക്കും ട്രെയിനുകൾക്കും നേരെ പ്രതിഷേധക്കാർ ആക്രമണം തുടരുകയാണ്. പശ്ചിമ ബംഗാൾ, ഹരിയാന, രാജസ്ഥാൻ, ഒഡീഷ, ഉത്തർപ്രദേശ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ റോഡുകളും റെയിൽവേ ട്രാക്കുകളും പ്രതിഷേധക്കാർ തടഞ്ഞു.
റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് പരിശോധിക്കേണ്ടതെങ്ങനെ?
ഘട്ടം 1: enquiry.indianrail.gov.in/mntes വെബ്സൈറ്റ് വഴി യാത്രാ തീയതി തിരഞ്ഞെടുക്കുക
ഘട്ടം 2: സ്‌ക്രീനിന്റെ മുകളിലെ പാനലിൽ ട്രെയിനുകളെ സംബന്ധിച്ച വിവരങ്ങൾക്കായി ക്ലിക്ക് ചെയ്യുക
ഘട്ടം 3: ക്യാൻസൽഡ് ട്രെയിനുകൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: സമയവും റൂട്ടുകളും മറ്റ് വിശദാംശങ്ങളും അടങ്ങിയ ട്രെയിനുകളുടെ പൂർണ്ണമായ ലിസ്റ്റ് കാണുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ALSO READ: Agnipath Protests : ബിഹാറിൽ ബന്ദ് ആഹ്വാനം ചെയ്ത് വിദ്യാർഥി സംഘടനകൾ; പിന്തുണയുമായി ആർജെഡി
കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ടിങ് പദ്ധതിക്കെതിരെ നാലാം ദിവസവും പ്രതിഷേധം തുടരുകയാണ്. ബിഹാറിൽ ആരംഭിച്ച പ്രക്ഷോഭം ഏഴ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. പ്രതിഷേധം കനക്കുന്ന ബിഹാറിൽ ഉപമുഖ്യമന്ത്രി റെണു ദേവിയുടെയും ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജെയ്വാളിന്റെ വീടുകൾക്ക് നേരെ കല്ലേറുണ്ടായി. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ പ്രക്ഷോഭകാരികൾ ട്രെയിനുകൾക്ക് തീവെക്കുകയും റെയിൽവെ സ്റ്റേഷനുകൾ അടിച്ച് തകർക്കുകയും ചെയ്തിരുന്നു.
ബിഹാറിന് പുറമെ ഉത്തർ പ്രദേശ്, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും അഗ്നിപഥ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്. തെലങ്കാനയിൽ സെക്കന്ദരാബാദിൽ പ്രതിഷേധക്കാർ ട്രെയിൻ തീവച്ച് നശിപ്പിച്ചു. തുടർന്നുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഹരിയാനയിൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...