കശ്മീര്‍ ശാന്തം, സുരക്ഷ നിരീക്ഷിച്ച് അജിത് ഡോവല്‍‍!!

ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ശ്രീനഗറിലെത്തിയിരിയ്ക്കുകയാണ്. 

Last Updated : Aug 6, 2019, 04:17 PM IST
കശ്മീര്‍ ശാന്തം, സുരക്ഷ നിരീക്ഷിച്ച് അജിത് ഡോവല്‍‍!!

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ശ്രീനഗറിലെത്തിയിരിയ്ക്കുകയാണ്. 

കശ്മീരിലെ സുരക്ഷാക്രമീകരണങ്ങളിലും, പുതിയതായി പ്രഖ്യാപിച്ച രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെ രൂപീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും അദ്ദേഹം വിവിധ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

കശ്മീരില്‍ നടക്കുന്ന നിര്‍ണ്ണായകമായ തീരുമാനങ്ങളില്‍, കശ്മീരിലെ ജനങ്ങള്‍ക്ക്‌ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. വിഘടനവാദികള്‍ അടക്കമുള്ളവരില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ അതിനെ ശക്തമായി നേരിടാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. 

അതേസമയം, ഡല്‍ഹി മോഡല്‍ ഭരണമായിരിക്കും ജമ്മു-കശ്മീരിലും നടപ്പിലാക്കുക എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് പൂര്‍ണ്ണമായും കേന്ദ്ര നിയന്ത്രണത്തിലായിരിക്കും. കൂടാതെ, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും മറ്റുസംവിധാനങ്ങളെയും കേന്ദ്രം നിയന്ത്രിക്കുമെന്നും സൂചനയുണ്ട്.

അതേസമയം, ജമ്മു-കശ്മീര്‍ കനത്ത സുരക്ഷയിലാണ്. ഇന്‍റർനെറ്റും മൊബൈൽ സേവനങ്ങളും ഇപ്പോഴും താഴ്‍വരയിൽ നിരോധിക്കപ്പെട്ട നിലയിലാണ്. കൂടാതെ, പ്രതിഷേധ പ്രകടനങ്ങൾ തടയാൻ നിരോധനാജ്ഞയും നടപ്പാക്കിയിട്ടുണ്ട്. 

ജമ്മു-കശ്മീരിൽ സ്ഥിതി ശാന്തമാണ് എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നിർണായക നീക്കം നടന്നിട്ടും, പ്രതിഷേധ പ്രകടനങ്ങളൊന്നും സംസ്ഥാനത്ത് നടന്നതായി റിപ്പോര്‍ട്ടില്ല. നിരോധനാജ്ഞ കർശനമായി നടപ്പാക്കുന്നുണ്ടെന്നും, ജനങ്ങളുടെ അവശ്യ സേവനങ്ങൾക്ക് മുടക്കം വന്നിട്ടില്ലെന്നുമാണ് ആഭ്യന്തരമന്ത്രാലയം പുറത്തു വിടുന്ന റിപ്പോര്‍ട്ട്.

''സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ സമാഹരിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾക്കും ക്ഷാമമില്ല. അടുത്ത 3 മാസത്തേയ്ക്ക് വേണ്ടത്ര അവശ്യവസ്തുക്കൾ ശേഖരിച്ചു വച്ചിട്ടുണ്ട്. അരി, ഗോതമ്പ്, മട്ടൺ, മുട്ട എന്നീ ഭക്ഷ്യവസ്തുക്കൾക്ക് പുറമേ പെട്രോളും ഡീസലും വേണ്ടത്ര ശേഖരിച്ചിട്ടുണ്ട്'', പ്ലാനിംഗ് കമ്മീഷൻ അറിയിച്ചു.  

43,000 സൈനികരെക്കൂടി ജമ്മു-കശ്മീരിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അർധസൈനികർ ഇപ്പോൾ സുരക്ഷാ ചുമതലയ്ക്കായി ജമ്മു-കശ്മീരിലുണ്ട്.

അതേസമയം, ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം കരുതൽ തടങ്കലിലാണ്. കൂട്ടം കൂടുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്. പ്രതിഷേധപ്രകടനങ്ങളോ റാലികളോ സംസ്ഥാനത്തെവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പാക് അധീന കശ്മീരിൽ പ്രതിഷേധ റാലികളും മറ്റും നടന്നിരുന്നെങ്കിലും, താഴ്‍വര ശാന്തമാണ്.

 

Trending News