ആരോഗ്യം ശ്രദ്ധിക്കണം; അമിത് ഷായോട് അക്ഷയ്ക്ക് പറയാനുള്ളത്..

ജാമിയാ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന നരനായാട്ടിന്‍റെ വീഡിയോ ലൈക് ചെയ്ത ബോളിവുഡ് ചലച്ചിത്ര താരം അക്ഷയ് കുമാറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രതിഷേധം കനക്കുകയാണ്. 

Last Updated : Dec 19, 2019, 12:17 PM IST
  • അമിത് ഷായെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചാല്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനാവും പറയുകയെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു
ആരോഗ്യം ശ്രദ്ധിക്കണം; അമിത് ഷായോട് അക്ഷയ്ക്ക് പറയാനുള്ളത്..

ന്യൂഡല്‍ഹി: ജാമിയാ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന നരനായാട്ടിന്‍റെ വീഡിയോ ലൈക് ചെയ്ത ബോളിവുഡ് ചലച്ചിത്ര താരം അക്ഷയ് കുമാറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രതിഷേധം കനക്കുകയാണ്. 

'കനേഡിയന്‍ കുമാറിനെ ബഹിഷ്‌കരിക്കുക' (boycott canedian kumar) എന്ന ഹാഷ് ടാഗോടെയാണ് താരത്തിനെതിരെ പ്രതിഷേധം നടക്കുന്നത്.

ആയിരക്കണക്കിന് ട്വീറ്റുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഹാഷ് ടാഗിനൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. തീവ്ര ഹിന്ദുത്വ ട്വിറ്റർ ഹാൻഡിലായ 'ദേശി മോജിതോ' പോസ്റ്റ് ചെയ്ത വീഡിയോയാണ് താരം ലൈക്ക് ചെയ്തത്. 

ലൈക്ക് ചെയ്ത കനേഡിയൻ പൗരനായ അക്ഷയ് പിന്നീട് ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വിശദീകരിച്ചിരുന്നു.

ട്വിറ്ററില്‍ വിദ്യാര്‍ഥികളുടെ സമരത്തെക്കുറിച്ചുള്ള പോസ്റ്റിനുതാഴെ താന്‍ ലൈക്ക് ചെയ്തത് അറിയാതെ സംഭവിച്ചതാണെന്നും ‘അബദ്ധം’ മനസിലായ ഉടൻ തിരുത്തിയെന്നും താരം പറഞ്ഞിരുന്നു. 

തീവ്രഹിന്ദുത്വ നിലപാടുകളും മുസ്‍ലിം-ന്യൂനപക്ഷ വിരോധവും മാത്രം പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ ഹാന്റിലാണ് ദേശി മോജിതോ. 

വിദ്വേഷം പ്രചരിപ്പിക്കാനുദ്ദേശിച്ചുള്ള സന്ദേശങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ഇതിന് നല്‍കിയ പിന്തുണയുടെ പേരില്‍ അക്ഷയ്കുമാര്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്നത്. 

അതിനിടെ, 'ഞാൻ അക്ഷയിനെ പിന്തുണക്കുന്നു' എന്ന ഹാഷ് ടാഗിൽ സംഘ്പരിവാർ നടനുവേണ്ടി രംഗത്തുവന്നിരുന്നു. 

ഇപ്പോഴിതാ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരില്‍ കണ്ടാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ അല്ല താന്‍ സംസാരിക്കുകയെന്ന് പറഞ്ഞു വീണ്ടും വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് താരം. 

അമിത് ഷായെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചാല്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനാവും പറയുകയെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു

'അമിത് ഷാ ജിയോട് പറയാനാഗ്രഹിക്കുന്ന ഒരേയൊരു കാര്യം ആരോഗ്യത്തെ കുറിച്ചാണ്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം എന്നാണ്. കാരണം രാജ്യത്തെ ഏറ്റവും പ്രധാന വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം' -അക്ഷയ് കുമാര്‍ പറഞ്ഞു.

ആരോഗ്യം സംരക്ഷിക്കാന്‍ വൈകിട്ട് 6.30ന് ശേഷം ഭക്ഷണം കഴിക്കരുതെന്നും സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം കഴിക്കരുതെന്ന് നമ്മുടെ പൗരാണിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറയുന്നു. 

വാര്‍ത്താ ചാനലായ ആജ് തക് ദില്ലിയില്‍ സംഘടിപ്പിച്ച 'അജണ്ട ആജ് തക് 2019′ എന്ന സംവാദ പരിപാടിയില്‍ സംസാരിക്കവെയാണ് അക്ഷയുടെ പ്രതികരണം. 

അക്ഷയ് പങ്കെടുത്തതിന് തൊട്ടുപിന്നാലെയുള്ള സെഷനില്‍ പങ്കെടുക്കേണ്ടത് അമിത് ഷാ ആയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു അവതാരകയുടെ ചോദ്യം.

നോട്ട് നിരോധനമടക്കം നരേന്ദ്രമോദി സർക്കാറിന്റെ നിലപാടുകളെ പരസ്യമായി പിന്തുണച്ച അക്ഷയ് ബോളിവുഡിൽ സമീപകാലത്ത് ഏറ്റവുമധികം 'ദേശസ്‌നേഹ' സിനിമകളിൽ നായകനായ നടനാണ്.

Trending News