ബംഗളുരു: കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന കര്‍ണാടകയിലെ എംഎല്‍എമാര്‍ ഒറ്റ രാത്രി കൊണ്ട് മറുകണ്ടം ചാടിയെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന ആരോപണം. അതേസമയം, ആ ആരോപണത്തിന് മറുപടിയുമായി തങ്ങള്‍ക്കൊപ്പമുളള മുഴുവന്‍ എംഎല്‍മാരെയും റോഡിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം.
ആ 118 എംഎല്‍എമാരും ഇവിടെയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നു. വിധാന്‍ സൗധക്ക് മുന്നിലാണ് കോണ്‍ഗ്രസ് ജെഡിഎസ് ധര്‍ണ.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും അനിശ്ചിത്വത്തിനൊടുവില്‍ ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. കര്‍ണാടക സംസ്ഥാനത്തിന്‍റെ 23 മത്തെ മുഖ്യമന്ത്രിയായാണ് ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കര്‍ണാടക രാജ്ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വജുഭായി വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുന്‍പും വന്ന ശേഷവും മെയ് 17-ന് ബെംഗളൂരു നഗരത്തിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് ഒരു ലക്ഷം പേരെ സാക്ഷി നിര്‍ത്തി താന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതി വരെ നീണ്ടതോടെ വളരെ ലളിതമായ ചടങ്ങായി സത്യപ്രതിജ്ഞ ചടങ്ങ് മാറി.