ഭീകരര്‍ ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുക; അന്ത്യശാസനം നല്‍കി സൈന്യം

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്‌ സൈന്യമാണെന്നാണ് സൈനിക മേധാവികള്‍ പറയുന്നത്.

Last Updated : Feb 19, 2019, 11:50 AM IST
ഭീകരര്‍ ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുക; അന്ത്യശാസനം നല്‍കി സൈന്യം

ശ്രീനഗർ: ഭീകരര്‍ക്ക്‌ അന്ത്യശാസനവുമായി സൈന്യം.  ഇത് അവസാനമുന്നറിയിപ്പാണ്. ഇനി മാപ്പില്ലെന്നും, തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്നും കമാൻഡർ കൻവാൾ ജീത് സിംഗ് ധില്ലൻ വ്യക്തമാക്കി. 

കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക. ഇതാണ് സൈന്യം ഭീകരര്‍ക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം. സൈനിക മേധാവികള്‍ സംയുക്തമായി ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്‌. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്‌ സൈന്യമാണെന്നാണ് സൈനിക മേധാവികള്‍ പറയുന്നത്.

കശ്മീരിലെ അമ്മമാരോട് ആരുടേയെങ്കിലും മക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കാനും അവരോട് കീഴടങ്ങാന്‍ പറയണമെന്നും സൈനിക മേധാവി പറഞ്ഞു. ആരെങ്കിലും തോക്കെടുത്താല്‍ ഇനി നോക്കിനില്‍ക്കില്ലെന്നും വെടിവെച്ചു കൊല്ലൂമെന്നും അദ്ദേഹം പറഞ്ഞു.

 

 

പുൽവാമ ഭീകരാക്രമണം നടന്ന് നൂറ് മണിക്കൂറുകൾക്കുള്ളിൽ കശ്മീർ താഴ്‍വരയിലെ ജയ്ഷ് ഇ മുഹമ്മദ് നേതൃത്വത്തെ നശിപ്പിച്ചെന്ന് സൈന്യം പറഞ്ഞു. ജമ്മു കശ്മീർ പൊലീസിന്‍റെയും സിആർപിഎഫിന്‍റെയും സൈന്യത്തിന്‍റെയും മേധാവികൾ സംയുക്തമായി ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശക്തമായ മുന്നറിയിപ്പ് സൈന്യം നല്‍കിയത്.

ജമ്മു കശ്മീരിൽ വലിയ ഓപ്പറേഷന് തന്നെ കരസേന തയ്യാറെടുക്കുന്നു എന്ന് തന്നെയാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. താഴ്‍വരയിൽ ഭീകരക്യാംമ്പുകളിലേക്ക് പോകുന്ന എല്ലാവരെയും ഇല്ലാതാക്കാനുള്ള ഓപ്പറേഷന് സജ്ജരാകുകയാണ് കരസേന. 

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സൈന്യത്തിന് തിരിച്ചടിക്കാൻ സർവസ്വാതന്ത്ര്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ തിരിച്ചടിക്ക് സൈന്യം ഒരുങ്ങുന്നത്. 

പാകിസ്ഥാന്‍റെയും ഐഎസ്ഐയുടെയും സഹായത്തോടെയാണ് പുൽവാമ ആക്രമണം ആസൂത്രണം നടന്നതെന്ന് സൈന്യം ആവർത്തിച്ചു. ഇതിന് ഇന്ത്യയുടെ പക്കൽ തെളിവുണ്ടെന്നും സൈന്യം വ്യക്തമാക്കി.

ജയ്ഷെ മുഹമ്മദ് കശ്മീർ കമാൻഡർ കമ്രാനും ഗാസി റഷീദും ഇന്നലെ സൈന്യത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇതോടൊപ്പം ഒരു മേജറടക്കം നാല് സൈനികരും ഇന്നലത്തെ ആക്രമണത്തിൽ വീരമൃത്യു വരിച്ചു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. മേജര്‍ വി എസ് ദണ്ഡിയാൽ, ഹവീല്‍ദാര്‍മാരായ ഷിയോ റാം, അജയ് കുമാര്‍, ഹരി സിംഗ് എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. 

Trending News