നാഗ്പൂര്‍: ബാബറി മസ്ജിദ് രാമ ജൻമഭൂമി തർക്കത്തില്‍ സുപ്രീം കോടതി വിധിയ്ക്കായുള്ള കാത്തിരിപ്പിലാണ് രാജ്യം മുഴുവന്‍.
കേസില്‍ വിധി അനുകൂലമായാലും പ്രതികൂലമായാലും സാമുദായിക സൗഹൃദം നിലനിർത്തുന്നതിന് മുൻ കൈയെടുക്കാന്‍ ആർഎസ്എസ് നേതൃയോഗത്തിൽ കഴിഞ്ഞ ദിവസം ധാരണയായിരുന്നു.
ഇപ്പോഴിതാ, അയോധ്യ വിധി എന്തായാലും അതിനെ ബഹുമാനിക്കണമെന്ന നിലപാടിലാണ് മുസ്ലീം സംഘടനകള്‍.
മുസ്ലീം സംഘടനയിലെ ഭരണാധികാരികളും പുരോഹിതന്മാരും അധികാരികളും ചേര്‍ന്ന് ഞായറാഴ്ച നടത്തിയ യോഗത്തിലാണ് തീരുമാനം.
അഖിലേന്ത്യാ മുസ്ലീം മജ്‌ലിസ്-ഇ-മുഷവരത് പ്രസിഡന്‍റ് നവൈദ് ഹമിദിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് വിധി എന്തായാലും സമാധാനവും ഐക്യവും നിലനിർത്തണമെന്ന് തീരുമാനമായത്.
ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്‍റ് അർഷാദ് മദാനി, മുൻ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്‌സൺ വജാത്ത് ഹബീബുള്ള, മുൻ എംപി ഷാഹിദ് സിദ്ദിഖി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡന്‍റ് സദത്തുല്ല ഹുസൈനി, പാർലമെന്‍റ് അംഗങ്ങളായ ഡോ. ജാവേദ്, ഇമ്രാൻ ഹസൻ എന്നിവരും പങ്കെടുത്തു.
കേസില്‍ സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും
നല്ല രീതിയില്‍ എടുക്കണമെന്ന് യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
ക്ഷമയോടും സഹിഷ്ണുതയോടും കൂടി വേണം ജനങ്ങള്‍ വിധിയെ അഭിമുഖീകരിക്കാനെന്നും പ്രകോപനങ്ങള്‍ ഒഴിവാക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.
കൂടാതെ, പ്രകോപനപരമായ പ്രകടനങ്ങൾ, പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതിന് സംഘടന പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഒക്ടോബര്‍ 16ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. ഭൂമിത്തര്‍ക്ക കേസില്‍ നീണ്ട 40 ദിവസമാണ് വാദം കേള്‍ക്കാനായി സുപ്രീംകോടതി വിനിയോഗിച്ചത്.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലുണ്ടായിരുന്നത്.
നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17ന് വിരമിക്കും. അതിന് മുന്‍പ് അയോധ്യ ഭൂമി തര്‍ക്ക കേസിൽ വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷ.
ജസ്റ്റീസ് ഇബ്രാഹീം ഖലീഫുല്ലയുടെ അദ്ധ്യക്ഷതയിലുള്ള മധ്യസ്ഥ സമിതിയുടെ നീക്കം പരാജയമാണെന്നു കണ്ടാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് ഓഗസ്റ്റ് ആദ്യവാരം മുതല്‍ കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ ആരംഭിച്ചത്.
2.77 ഏക്കർ തർക്ക ഭൂമി മൂന്നു തുല്യ ഭാഗങ്ങളായി വിധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന അപ്പീലുകളിലാണ് സുപ്രീംകോടതി വാദം കേട്ടത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നിവര്‍ക്കാണ് ഭൂമി തുല്യമായി വിഭജിച്ചു നല്‍കാന്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്.