ലഖ്നൗ: ബംഗളൂരുവില്‍ മതനിന്ദ നടത്തിയതിന്‍റെ പേരില്‍ അറസ്റ്റിലായ നവീനെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച മുസ്ലീം സംഘടനാ നേതാവ് ഷഹ്സെബ് റിസ്വി അറസ്റ്റില്‍.
ഉത്തര്‍പ്രദേശ് പോലീസാണ് റിസ്വിയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മാധ്യമ ഉപദേഷ്ടാവായ ശലഭ് മണി ത്രിപാഠിയാണ് ഇക്കാര്യം അറിയിച്ചത്.
നവീനെ കൊലപ്പെടുത്തുന്നവര്‍ക്ക് 51 ലക്ഷം രൂപയാണ് പാരിതോഷികമായി ഷഹ്സെബ് റിസ്വി വാഗ്ദാനം ചെയ്തിരുന്നത്.
പ്രവാചകനെയും മതത്തെയും അപമാനിച്ച നവീനെ കൊലപ്പെടുത്തുന്നവര്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്നായിരുന്നു റിസ്വിയുടെ പ്രഖ്യാപനം. ഇതിനായി സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ സംഭാവന നല്‍കണമെന്നും റിസ്വി വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു.
ആഹ്വാനത്തിന് പിന്നാലെ ഉത്തര്‍ പ്രദേശ് പോലീസ് ഇയാളുടെ പേരില്‍ കേസെടുത്തിരുന്നു. പിന്നാലെയാണ് പോലീസ് നടപടി.
Also read: #Bangaloreriots: SDPIയെ നിരോധിക്കണം, കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് കര്‍ണാടക
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153A,505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് റിസ്വിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ റിസ്വിക്കെതിരെ പോലീസ് FRI രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, പ്രവാചകനെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അറസ്റ്റിലായ നവീന്‍ കുറ്റം സമ്മതിച്ചതായി ഡി.ജെ ഹള്ളി പൊലീസ് വെളിപ്പെടുത്തി.
ആഗസ്റ്റ് 12ന് ഇയാളെ അറസ്റ്റ് ചെയ്തശേഷം ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തില്‍ നവീന്‍ കുറ്റം നിഷേധിച്ചിരുന്നു. വിവാദ പോസ്റ്റ് താനിട്ടതല്ലെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമായിരുന്നു ഇയാളുടെ വാദമെന്ന് ബംഗളൂരു ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.ഡി. ശരണപ്പ പറഞ്ഞു.
പുലികേശി നഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരീ പുത്രനാണ് അറസ്റ്റിലായ നവീന്‍. എം.എല്‍.എയുടെ ബന്ധുവാണെങ്കിലും നവീന്‍ ബി.ജെ.പി അനുഭാവിയാണെന്ന് തെളിയിക്കുന്ന എഫ്.ബി പോസ്റ്റുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.