Bengaluru Mysuru Expressway: പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ട് ഒരാഴ്ച തികയും മുന്‍പ് വെള്ളത്തില്‍ മുങ്ങി ബെംഗളൂരു- മൈസൂരു അതിവേഗ പാത. ശനിയാഴ്ച രാവിലെ ബെംഗളൂരു നഗരത്തില്‍ പെയ്തിറങ്ങിയ മഴയാണ് അതിവേഗ പാതയെ വെള്ളത്തിൽ മുക്കിയത്.
Also Read: Amit Shah: ജനങ്ങൾ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കണം, അദാനി വിഷയത്തില്‍ മൗനം വെടിഞ്ഞ് അമിത് ഷാ
ശനിയാഴ്ച രാവിലെയുണ്ടായ മഴയിൽ, രാമനഗരയ്ക്കും ബിഗ്ഗാട്ടിക്കും ഇടയിലുള്ള സംഗബസവന്ന ദൊഡ്ഡി അണ്ടർപാസില്‍ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെടുകയായിരുന്നു. വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങിയതോടെ കനത്ത ഗതാഗതക്കുരുക്കാണ് പാതയില്‍ അനുഭവപ്പെട്ടത്.
Also Read: Hindu New Year 2023: 3 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!!
ബെംഗളൂരു- മൈസൂരു അതിവേഗ പാത മാർച്ച് 12 ന് പ്രധാനമന്ത്രിയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. 118 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ പുതിയ അതിവേഗ പാത. സംസ്ഥാനത്ത് ഉടന്‍ തന്നെ നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടക സര്‍ക്കാരിന്‍റെ നേട്ടങ്ങളില്‍ ഒന്നാമതായി ഉയര്‍ത്തിക്കാട്ടാന്‍ BJP ലക്ഷ്യമിട്ട പാതയാണ് ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങി ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരിയ്ക്കുന്നത്.
അതേസമയം, ഗ്രാമവാസികൾ അഴുക്കുചാലുകൾ അടച്ചതാണ് വെള്ളപ്പൊക്കമുണ്ടാകാൻ കാരണമെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്. "അഴുക്കുചാലുകൾക്ക് പ്രത്യേക സ്ഥലം നൽകിയിരുന്നു. എന്നാൽ, ഗ്രാമവാസികൾ ചാലുകൾ ചെളി ഉപയോഗിച്ച് അടച്ചു. ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്." എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ ബി ടി ശ്രീധർ പറഞ്ഞു. കൂടാതെ, ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികളും റോഡപകടങ്ങൾ തടയാൻ റോഡ് സുരക്ഷാ ഓഡിറ്റും നടത്തുന്നുണ്ടെന്ന് ശ്രീധർ വ്യക്തമാക്കി.
ചെളി നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും റോഡ് എത്രയും വേഗം തുറക്കുമെന്നും ഹൈവേ അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലും കനത്ത മഴയെത്തുടർന്ന് ഇതേ ഭാഗത്ത് വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ റോഡ് സന്ദർശിച്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രശ്‍നം പഠിക്കാനും ശാസ്ത്രീയ പരിഹാരം വേണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
ദേശീയപാത 275 വികസിപ്പിച്ച് 8,480 കോടി ചെലവിലാണ് ഈ അതിവേഗ പാത നിര്‍മിച്ചത്. ബെംഗളുരുവില്‍ നിന്ന് മൈസൂരു വരെയുള്ള മൂന്നു മണിക്കൂര്‍ യാത്ര ഈ പാത വന്നതോടെ വെറും 75 മിനിറ്റായി ചുരുങ്ങുമെന്നതാണ് അതിവേഗ പാതയുടെ പ്രത്യേകത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...