ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയെ തുടർന്നാണ് യാത്ര താൽക്കാലികമായി നിർത്തിയത്. കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് കോൺഗ്രസിന്റെ തീരുമാനം. ശ്രീനഗറിലേക്കുള്ള വഴിയിൽ ബനിഹാൽ തുരങ്കം പിന്നിട്ടു കഴിഞ്ഞപ്പോൾ യാത്രയിലേക്ക് വൻ ജനക്കൂട്ടം എത്തി. എന്നാൽ ഇത് നിയന്ത്രിക്കാൻ മതിയായ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മുന്നറിയിപ്പില്ലാതെ സിആര്‍പിഎഫിനെ പിന്‍വലിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പിന്നീട് ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് രാഹുല്‍ ഗാന്ധിയെ മാറ്റിയ ശേഷം യാത്ര തൽക്കാലത്തേക്ക് നിർത്തിവെയ്ക്കുകയായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ജനക്കൂട്ടം എത്തിയതിനെ തുടർന്ന് 30 മിനിറ്റോളം രാഹുൽ ഗാന്ധിക്ക് അനങ്ങാനായില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തുടർന്നാണ് രാഹുലിനെ സുരക്ഷാ വാഹനത്തിൽ കയറ്റി യാത്ര അവസാനിപ്പിച്ചത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുല്ലയും യാത്രയ്ക്കൊപ്പം ചേർന്നിരുന്നു. ഇരുവർക്കും സുരക്ഷ നൽകുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന് കെ.സി.വേണുഗോപാൽ ആരോപിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിക്കാത്തതിനാലാണ് ഭാരത് ജോഡോ യാത്ര നിർത്തിയതെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. താൽക്കാലികമായാണ് നിർത്തിയതെന്നും യാത്രയുമായി മുന്നോട്ടുപോകുമെന്നും രാഹുൽ വ്യക്തമാക്കി.
ഗുരുവായുരപ്പൻ്റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും ഗുരുവായൂരിൽ
തൃശ്ശൂർ: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികയും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂർഎത്തിയത്.
ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗമാണ് സംഘം ശ്രീവത്സത്തിലെത്തിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് ശ്രീവത്സം അതിഥി മന്ദിരത്തിൽ ഇരുവരെയും സ്വീകരിച്ചു.
ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാടയണിയിച്ചു. തുടർന്ന് ദേവസ്വം ഭരണസാരഥികൾക്കൊപ്പം ആനന്ദും രാധികയും ക്ഷേത്രത്തിലെത്തി. സോപാനത്തിന് മുന്നിൽ നിന്ന് ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. ആനന്ദ് ഭണ്ഡാരത്തിൽ കാണിക്കയുമർപ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടിൽ വെച്ച്പ്രസാദ കിറ്റ് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ആനന്ദിനും രാധികയ്ക്കും നൽകി.
ദേവസ്വം ഉപഹാരമായി മ്യൂറൽ പെയിൻ്റിങ്ങും ഇരുവർക്കുമായി സമ്മാനിച്ചു. തുടർന്ന് ശ്രീ ഗുരുവായുരപ്പൻ്റെ ഗജവീരൻമാരുടെ താവളമായ പുന്നത്തൂർ ആനക്കോട്ടയും സംഘം സന്ദർശിച്ചു. കൊമ്പൻ ഇന്ദ്ര സെന്നിന് ഇരുവരും പഴം നൽകി. ഏതാനം മിനിട്ട് ആനക്കോട്ടയിൽ ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്. ജനുവരി 19 വ്യാഴാഴ്ച മുംബെയിലായിരുന്നു ആനന്ദിൻ്റെയും രാധികയുടെയും വിവാഹത്ത നിശ്ചയം നടന്നത്. രാധിക കഴിഞ്ഞ സെപ്റ്റംബറിൽ മുകേഷ് അംബാനിക്കൊപ്പം ക്ഷേത്ര ദർശ്നം നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...