കേന്ദ്ര സർക്കാരിൻറെ വിവിധ പ്രസ്സുകളിൽ അച്ചടിച്ച 500 രൂപ നോട്ടുകൾ പൂർണമായും റിസർവ്വ് ബാങ്കിലേക്ക് എത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ. ഫ്രീ പ്രസ് ജേണൽ എന്ന വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത് വിട്ടത്. അച്ചടിച്ചതും ആർബിഐക്ക് ലഭിച്ചതുമായ നോട്ടുകളുടെ എണ്ണത്തിൽ വലിയ പൊരുത്തക്കേടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ കാണാതായ നോട്ടുകളുടെ മൂല്യം 88,032.5 കോടി രൂപയാണ്.
2015-2016 സാമ്പത്തിക വർഷം മൂന്ന് സർക്കാർ നോട്ട് അച്ചടി പ്രസ്സുകളിലായി പുതുതായി രൂപകൽപന ചെയ്ത 500 രൂപയുടെ 8,810.65 ദശലക്ഷം നോട്ടാണ് പുറത്തിറക്കിയത്. എന്നാൽ റിസർവ് ബാങ്കിന് ലഭിച്ചത് 7260 ദശലക്ഷം മാത്രമാണെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ബാക്കിയുള്ള നോട്ടുകൾ നഷ്ടപ്പെട്ടതായും വെബ്‌സൈറ്റിലെ വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു.
വിവരാവകാശ പ്രവർത്തകൻ മനോരഞ്ജൻ റോയ് റിസർവ് ബാങ്കിന് നൽകിയ വിവരാവകാശ രേഖക്ക് ലഭിച്ച മറുപടിയിലാണിതുള്ളത്. നാസിക് മിൻറിൽ പുതുതായി രൂപകൽപന ചെയ്ത 500 രൂപ നോട്ടിന്റെ 375.450 ദശലക്ഷം അച്ചടിച്ചതിൽ 2015 ഏപ്രിലിനും 2016 ഡിസംബറിനും ഇടയിൽ ലഭിച്ചത് ആർബിഐയിൽ എത്തിയത് 345 ദശലക്ഷം മാത്രം.
ആകെ അച്ചടിച്ചത്
നാസിക്കിലെ കറൻസി നോട്ട് പ്രസ് നൽകിയ വിവരാവകാശ മറുപടിയിൽ 2015-2016 സാമ്പത്തിക വർഷം (ഏപ്രിൽ 2015-മാർച്ച് 2016 വരെ) രഘുറാം രാജൻ ആർബിഐ ഗവർണറായിരിക്കെ 500 രൂപയുടെ 210.000 ദശലക്ഷം നോട്ടുകൾ ആർബിഐക്ക് നൽകിയതായി ഫ്രീ പ്രസ് ജേണൽ റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരുവിലെ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ 500 രൂപയുടെ 5,195.65 ദശലക്ഷം നോട്ടുകളും, നാസിക്കിലെ ദേവാസ് ബാങ്ക് നോട്ട് പ്രസ് 2016-2017 ൽ 1,953.000 ദശലക്ഷം നോട്ടുകളും ആർബിഐക്ക് വിതരണം ചെയ്തിട്ടുണ്ട്.
രാജ്യസുരക്ഷയ്ക്ക് ഭീഷണി
റിസർവ് ബാങ്ക് നോട്ട് മുദ്രൻ (പി) ലിമിറ്റഡ്, ബെംഗളൂരു, കറൻസി നോട്ട് പ്രസ്സ്, നാസിക്, ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സ് എന്നീ മൂന്ന് ഗവൺമെന്റ് മിന്റുകളിലായാണ് ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിക്കുന്നത്. ഇവിടെ അച്ചടിച്ച നോട്ടുകൾ റിസർവ് ബാങ്കിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്.
അതേസമയം ഇത്രയും അധികം നോട്ടുകൾ കാണാതായത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മനോരഞ്ജൻ റോയ് വെബ്‌സൈറ്റിനോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്ക്കും ഇഡിക്കും അദ്ദേഹം കത്തയച്ചിട്ടുണ്ടെന്നും ഫ്രീ പ്രസ്സ് ജേണലിൻറെ വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...