Patna: ബീഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ പുതുതായി അധികാരത്തിലേറിയ മഹാസഖ്യ സർക്കാര്‍ വിശ്വാസവോട്ട് നേടി. സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്,.
ബിജെപിയുടെ സ്പീക്കർ വിജയ് കുമാർ സിൻഹ രാജിവച്ചതിന് ശേഷമാണ് വിശ്വാസ വോട്ടെടുപ്പിനുള്ള നിയമസഭാ സമ്മേളനം ആരംഭിച്ചത്. നിയമസഭയിൽ ജനതാദൾ (യുണൈറ്റഡ്) അംഗമായ ഡെപ്യൂട്ടി സ്പീക്കർ മഹേശ്വർ ഹസാരിയുടെ നേതൃത്വത്തിലായിരുന്നു വിശ്വാസവോട്ടെടുപ്പ് നടന്നത്.
Also Read: Bihar Politics: ബീഹാറില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്, RJD നേതാക്കളുടെ വീടുകളില്‍ CBI റെയ്ഡ്
പ്രമേയം ശബ്ദവോട്ടോടെ പാസായതിന് ശേഷവും വോട്ടെടുപ്പ് നടന്നിരുന്നു. എന്നാല്‍, അതിന്‍റെ ആവശ്യകതയെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്ക്കരിയ്ക്കുകയും സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
അതേസമയം, വിശ്വാസവോട്ടെടുപ്പ് ചർച്ചയ്ക്കിടെ ബിജെപിയെ അതിരൂക്ഷമായി വിമർശിക്കാനും നിതീഷ് കുമാർ മറന്നില്ല. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ന് സ്വാതന്ത്ര്യം ആഘോഷിക്കുന്നവർ എവിടെയായിരുന്നുവെന്ന് നിതീഷ് കുമാർ ചോദിച്ചു. ഞങ്ങൾ (RJD - JD(U) ബീഹാറിന്‍റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു. രാജ്യത്തുടനീളമുള്ള നേതാക്കൾ എന്നെ വിളിച്ച് ഈ തീരുമാനത്തെ അഭിനന്ദിച്ചു, 2024 ലെ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിച്ചു, നിതീഷ് പറഞ്ഞു.
ആർജെഡി-ജെഡിയു പങ്കാളിത്തത്തോടെ മഹാസഖ്യം ഏറ്റവും ദൈർഘ്യമേറിയ ഇന്നിംഗ്സ് കളിക്കാൻ പോകുകയാണ് എന്നും അത് ദീര്‍ഘകാലം നിലനിൽക്കുമെന്നും ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. ഈ പങ്കാളിത്തം ബീഹാറിന്‍റെയും രാജ്യത്തിന്‍റെയും വികസനത്തിന് വേണ്ടി പ്രവർത്തിക്കും. ഇത്തവണ ആരും റണ്ണൗട്ടാകുന്നില്ല, തേജസ്വി യാദവ് കൂട്ടിച്ചേർത്തു.
തന്‍റെ പേരില്‍ ഗുരുഗ്രാമില്‍ ഷോപ്പിംഗ് മാള്‍ ഉണ്ടെന്ന മാധ്യമ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ആരോപണങ്ങളില്‍ നിരാശ പ്രകടിപ്പിച്ച അദ്ദേഹം ഈ മാള്‍ ഹരിയാനയിൽ നിന്നുള്ള ഒരാളുടേതാണ് എന്നും ഒരു ബിജെപി എംപിയാണ് അത് ഉദ്ഘാടനം ചെയ്തത് എന്നും പറഞ്ഞു.
വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഈ പുതിയ മഹാസഖ്യ സർക്കാരിന് 164 എംഎൽഎമാരുടെ പിന്തുണ ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...