സ്ത്രീയ്ക്ക് അശുദ്ധി കല്‍പ്പിക്കുന്ന ആചാരങ്ങള്‍ ലംഘിക്കപ്പെടണം: ബിജെപി എംപി

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ശബ്ദം ബിജെപിയില്‍ നിന്ന്!!

Last Updated : Jan 2, 2019, 05:07 PM IST
സ്ത്രീയ്ക്ക് അശുദ്ധി കല്‍പ്പിക്കുന്ന ആചാരങ്ങള്‍ ലംഘിക്കപ്പെടണം: ബിജെപി എംപി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ശബ്ദം ബിജെപിയില്‍ നിന്ന്!!

ശബരിമല സ്ത്രീപ്രവേശനത്തെ ശക്തമായി അനുകൂലിക്കുന്നുവെന്ന് ബിജെപി എംപി ഉദിത് രാജ് അഭിപ്രായപ്പെട്ടു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എംപിയും ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗവും  പട്ടികജാതി-വര്‍ഗ കോണ്‍ഫെഡറേഷന്‍റെ അഖിലേന്ത്യാ ചെയര്‍മാന്‍ കൂടിയാണ് ഉദിത് രാജ്.

നിയമത്തിന്‍റെയും ഭരണഘടനയുടേയും കാഴ്ചപ്പാടില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യസ്ഥാനമാണുള്ളത്. അവിടെ ഒരു തരത്തിലുമുള്ള വേര്‍തിരിവുമില്ല. ഒരു പ്രത്യേക സ്ഥലത്തോ ക്ഷേത്രങ്ങളിലോ മാത്രമല്ല ദൈവത്തിന്‍റെ സാന്നിധ്യമുണ്ടാവുക, ദൈവം സര്‍വവ്യാപിയാണ്. ആര്‍ത്തവത്തിന്‍റെ കാര്യം പറഞ്ഞ് എങ്ങനെയാണ് സ്ത്രീകളെ മാറ്റി നിര്‍ത്താനാവുകയെന്നും, സ്ത്രീക്ക് അശുദ്ധി കല്‍പ്പിക്കുന്ന ആചാരങ്ങള്‍ ലംഘിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ ഖേദകരമാണ്. സതി, സ്ത്രീധനം പോലുള്ള ദുരാചാരങ്ങള്‍ മാത്രമായേ ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നതും കാണാനാകൂ. എല്ലാവും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിന്നും വന്നവരാണെന്ന് പ്രതിഷേധക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ച്‌ പ്രാര്‍ഥന നടത്തിയതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.  യുവതീപ്രവേശനത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് ബിജെപി കനത്ത പ്രതിഷേധം ഉയര്‍ത്തുമ്പോഴാണ് പാര്‍ട്ടി എംപിയുടെ ഈ പ്രതികരണം. 

ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി പിന്തുണയോടെ തീവ്ര ഹിന്ദു സംഘടനകള്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

 

 

Trending News