ന്യൂഡല്‍ഹി: റെയിൽവേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കൂടുതൽ സൗകര്യങ്ങളൊരുക്കി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനമായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐ.ആർ.സി.ടി.സി) വെബ്സൈറ്റിൽ തത്കാൽ ക്വോട്ടയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പണം പിന്നീട് നല്കുന്ന സംവിധാനമാണ് ഇന്ത്യന്‍ റയില്‍വേ തയാറാക്കിയിരിക്കുന്നത്.
നിലവില്‍ റയില്‍വേയുടെ ഈ സേവനം ജനറല്‍ റിസർവേഷനുകൾക്ക് മാത്രമേ ലഭ്യമാക്കിയിരുന്നുള്ളൂ. തത്കാൽ ബുക്കിംഗ് ചെയ്യുന്നവര്‍ക്കായി ഓൺലൈൻ പേയ്മെന്റ് ഗേറ്റ് വഴിയുള്ള പണമിടപാട് മാത്രമാണ് നല്‍കിയിരുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ഈ സംവിധാനത്തിലൂടെയുള്ള പണമിടപാട് നടത്തുമ്പോള്‍ പിഴവ് സംഭവിച്ചാല്‍ അവരുടെ ടിക്കറ്റ് സ്ഥിരീകരിക്കാന്‍ ഐ.ആർ.സി.ടി.സിയ്ക്ക് ആകുമായിരുന്നില്ല. പ്രീ-പെയ്ഡ് സംവിധാനം നിലവില്‍ വരുമ്പോള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനത്തെ ആശ്രയിക്കുന്നവര്‍ക്ക് ഈ സൗകര്യം ഏറെ പ്രയോജനപ്രദമാകും.
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്ത് കാഷ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സംവിധാനങ്ങള്‍ വഴി പണം നൽകാനാവുമെന്ന് ഐ.ആർ.സി.ടി.സി പേയ്മെന്റ് പ്രൊവൈഡർ ആൻഡ്രൂൾ ടെക്നോളജീസ് പറഞ്ഞു.
ഐ.ആർ.സി.ടി.സിയുടെ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പെട്ടുന്നുള്ള യാത്രയ്ക്ക് തയ്യാറാവുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമെന്ന് കരുതുന്നു. പലപ്പോഴും പണം ഡെബിറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും ഒന്നിലധികം കാരണങ്ങളാൽ ടിക്കറ്റ് ലഭിക്കാതെ വരുന്നതും പുതിയ സവിശേഷതകൊണ്ട് ഇല്ലാതെയാകും. ക്യാന്‍സലാക്കുന്ന ടിക്കറ്റിന്റെ റീഫണ്ടിംഗ് നടപടികള്‍ ഏഴ് മുതൽ 15 വരെയുള്ള ദിവസങ്ങളിലായിരിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.