ഡൽഹി: ജഹാംഗീർപുരിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കാനെത്തിയെ ബുൾഡോസറുകൾ തടഞ്ഞ് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. കോടതി വിധി ഉയര്‍ത്തിക്കാട്ടിക്കാട്ടിയാണ് ബൃന്ദ കാരാട്ട് ബുള്‍ഡോസറുകൾ തടഞ്ഞത്. പൊളിക്കല്‍ നടപടി നിര്‍ത്തിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവുണ്ടെന്നും പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാകില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഹനുമാൻ ജയന്തിക്കിടെ വർഗീയകലാപമുണ്ടായ ഡൽഹി ജഹാംഗീർപുരിയിലെ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താനാണ് ബുൾഡോസറുകളുമായി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ രാവിലെ 9.30യോടെ എത്തിയത്. വർഗീയ കലാപമുണ്ടാക്കിയ 'കലാപകാരി'കളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത മേയർക്ക് അയച്ച കത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ, കെട്ടിടങ്ങൾ പൊളിക്കാന്‍ ബുൾഡോസറുകളുമായി എത്തിയത്. 9 ബുൾഡോസറുകളും 1500 ലധികം പോലീസും മറ്റ് സുരക്ഷാ സംവിധാനവുമാണ് ബിജെപി ഭരിക്കുന്ന ഉത്തര ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ജഹാംഗീർപുരിയിൽ ഒരുക്കിയത്. നാലഞ്ച് കെട്ടിടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കുകയും ചെയ്തു.
Read also: രാജ്യത്ത് 700 സ്ഥലങ്ങളിൽ അപ്രന്റീസ്ഷിപ്പ് മേള; ഒരു ലക്ഷത്തിലധികം പേർക്ക് അവസരം
ഇതിനിടെ കൈയ്യേറ്റം നടന്നിട്ടില്ലെന്ന് കാണിച്ച് പൊളിക്കൽ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ അടിയന്തര ഹര്‍ജിയെത്തി. പൊളിക്കൽ നടപടികൾ ഉടൻ തന്നെ നിർത്തിവയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നും പൊളിക്കൽ നടപടി തുടർന്നു. ഉച്ചക്ക് 12 മണിയോടെ സ്ഥലത്തെത്തിയ ബൃന്ദ കാരാട്ട് സുപ്രീംകോടതി ഉത്തരവ് ഉയർത്തിക്കാട്ടിയാണ് പ്രതിഷേധിച്ചത്. പോലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും കെട്ടിടം പൊളിക്കുന്നത് നിര്‍ത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു. ബൃന്ദ ബുള്‍ഡോസറിന്റെ മുന്നിൽ നിന്ന് മുന്നോട്ടുള്ള വഴി തടയുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് ഡൽഹി പൊലീസിലെ സ്പെഷ്യല്‍ കമ്മീഷണറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ബൃന്ദാ കാരാട്ടുമായി ചര്‍ച്ച നടത്തി. പൊളിക്കല്‍ നടപടികള്‍ നിർത്തി വയ്ക്കാൻ ചർച്ചയിൽ ധാരണയായതായി ബൃന്ദാ കാരാട്ട് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. സുപ്രീംകോടതിയിൽ ഹർജി നാളെ വീണ്ടും പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...