ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ മാത്രം ചൂണ്ടിക്കാട്ടി, ഇന്ദിരാഗന്ധിയുടെ ഭരണ കാലത്തെ വിലയിരുത്താനാവില്ലെന്ന് ശിവസേന എം.പി സഞ്ജയ് റൗത്.
പാര്‍ട്ടിയുടെ മുഖപത്രമായ സാമനയിലെ സ്ഥിരം കോളത്തിലൂടെയാണ് ശിവസേന എംപി സഞ്ജയ് റൗത് ഇക്കാര്യം തുറന്നടിച്ചത്. ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയുടെ മുഖപത്രം വളരെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 25, 26 തിയതികളില്‍ അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷികം കരിദിനമായി ബിജെപി ആചരിച്ചിരുന്നു. കേന്ദ്രത്തില്‍ അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ ഇത്ര ശക്തമായി രംഗത്തെത്തിയത്. ഇതാണ് അദ്ദേഹം ബിജെപിയെ വിമര്‍ശിക്കാന്‍ കാരണം. സാമനയിലെ മുഖപ്രസംഗം തെല്ലൊന്നുമല്ല ബിജെപി നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുന്നത്.
അടിയന്തരാവസ്ഥ പിന്‍വലിച്ച് 1977ല്‍ തെരഞ്ഞെടുപ്പ് നടത്തിയതും ഇന്ദിരയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അവര്‍ ജനാധിപ്യത്തിന് അനുകൂലമായിരുന്നുവെന്നും സഞ്ജയ് റൗത് കൂട്ടിച്ചേര്‍ത്തു.
‘ഇന്ദിരാഗാന്ധി ചെയ്തതു പോലെ ആരും രാജ്യത്തിനായി ചെയ്തിട്ടില്ല. എന്നാല്‍ അവരുടെ അടിയന്തരാവസ്ഥ തീരുമാനം അവര്‍ നല്‍കിയ സംഭാവനകളെ ഇല്ലാതാക്കുന്നില്ല. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, രാജേന്ദ്ര പ്രസാദ്, അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, വീര്‍ സവര്‍ക്കര്‍ എന്നിവരുടെ സംഭാവനകള്‍ തിരസ്കരിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓരോ സര്‍ക്കാറിനും അപ്പോഴത്തെ സാഹചര്യമനുസരിച്ച് ചില തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരും. ആരാണ് ശരിയും തെറ്റും തീരുമാനിക്കുന്നത്. അടിയന്തരാവസ്ഥ നാം എന്നേ മറക്കേണ്ടതായിരുന്നു’- സഞ്ജയ് പറഞ്ഞു.
അടിയന്തരാവസ്ഥയെ കറുത്ത ദിനമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കില്‍ അത്തരത്തിലുള്ള നിരവധി ദിനങ്ങള്‍ കേന്ദ്രസര്‍ക്കാറിനു കീഴില്‍വന്നുപോയതായി അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനം നടപ്പാക്കിയ ദിവസത്തെയും കറുത്ത ദിനമെന്നാണ് വിളിക്കേണ്ടത്. നോട്ട് നിരോധനം മൂലം പാവപ്പെട്ട എത്രയോ ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. വ്യാപാരങ്ങള്‍ നഷ്ടത്തിലായി. കള്ളപ്പണം വരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ അതിനു പകരം ആളുകള്‍ വരിയില്‍ നിന്ന് മരിക്കുകയാണ് ഉണ്ടായത്. രാജ്യം ഇപ്പോഴും നോട്ട് നിരോധനം വരുത്തി വച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലായിരുന്നുവെങ്കില്‍ ഇന്നത്തെ അവസ്ഥ അതില്‍ നിന്നും വ്യത്യസ്തമല്ല എന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയെപ്പറ്റി സംസാരിക്കാന്‍ അര്‍ഹതയുള്ള ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെപ്പോലെയുള്ള നേതാക്കള്‍ നിശബ്ദരാവുമ്പോള്‍ ആ കാലഘട്ടത്തിന് ശേഷം ജനിച്ചവര്‍ വാതോരാതെ സംസാരിക്കുന്നതായും അദ്ദേഹം പരിഹസിച്ചു. അദ്ദേഹം ലക്ഷ്യമിട്ടത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫടനവിസിനെയായിരുന്നു എന്ന് വ്യക്തം. കാരണം 26 ന് മുംബൈയില്‍ അദ്ദേഹം അടിയന്തരാവസ്ഥയെ അതിരൂക്ഷമായി വിമര്‍ശിച്ച് സംസാരിച്ചിരുന്നു.
അക്കാലത്ത് തന്‍റെ പത്രം നിര്‍ത്തലാക്കേണ്ടിവന്നിട്ട് പോലും ബാലാസാഹെബ് താക്കറെ അടിയന്തരാവസ്ഥയെ എതിര്‍ത്തില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയും ബിജെപി നേതാക്കളും കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും എപ്പോഴും ലക്ഷ്യം വയ്ക്കുന്നുവെങ്കില്‍ അതിന് കാരണം പഴയ കോണ്‍ഗ്രസിന്‍റെ അസ്ഥിക്കൂടമായ ഇന്നത്തെ കോണ്‍ഗ്രസിനെ, അതായത് 2014 ലെ തെരഞ്ഞെടുപ്പില്‍ 50 സീറ്റ് പോലും നേടാത്ത പാര്‍ട്ടിയെ ഇപ്പോഴും ബിജെപി ഭയപ്പെടുന്നുവെന്നാണ് അദ്ദേഹം പരിഹസിച്ചു.
സര്‍ക്കാര്‍ രാജ്യം നേടിയ വികസനത്തെപ്പറ്റിയാണ് സംസാരിക്കേണ്ടത്, അല്ലാതെ അന്‍പതുവര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളെപ്പറ്റിയല്ല എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും നേരത്തെ ഇന്ദിരയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ദിര ഇന്ത്യന്‍ ഹിറ്റ്ലറെന്നായിരുന്നു ജെയ്റ്റ്ലിയുടെ പരാമര്‍ശം.