ഇന്ദിരാഗാന്ധി ഇന്ത്യയിലെ ഹിറ്റ്‌ലര്‍: അരുണ്‍ ജയ്‌റ്റ്‌ലി

ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മപ്പെടുത്തി ബിജെപി നേതാവ് അരുണ്‍ ജയ്‌റ്റ്‌ലി. 

Last Updated : Jun 25, 2018, 06:05 PM IST
ഇന്ദിരാഗാന്ധി ഇന്ത്യയിലെ ഹിറ്റ്‌ലര്‍: അരുണ്‍ ജയ്‌റ്റ്‌ലി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മപ്പെടുത്തി ബിജെപി നേതാവ് അരുണ്‍ ജയ്‌റ്റ്‌ലി. 

1975 ജൂണ്‍ 25 നായിരുന്നു മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 21 മാര്‍ച്ച് 1977 വരെ അത് തുടര്‍ന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ആ ഇരുണ്ട കാലയളവിനെ അനുസ്മരിച്ചുകൊണ്ട് ഇന്ന് ബിജെപി കറുത്ത ദിനം ആചരിക്കുകയാണ്. 

അതേസമയം, അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ ബിജെപി നേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. ഇന്ദിരാഗാന്ധിയെ നാസി ഭരണാധാകാരി ഹിറ്റ്‌ലറിനോട് ഉപമിച്ച അദ്ദേഹം ഇന്ദിരയും ഹിറ്റ്‌ലറും ജനാധിപത്യത്തെ ഏകാധിപത്യമാക്കാന്‍ ഭരണഘടനയെ ഉപയോഗിച്ചുവെന്നും തന്‍റെ ബ്ളോഗിലൂടെ ആരോപിച്ചു.

ഹിറ്റ്ലറിനു സമാനമായ രീതിയിലാണ് ഇന്ദിര ഇന്ത്യയിലും അടിയന്തരാവസ്ഥ നടപ്പാക്കിയത്. അതുകൂടാതെ ഇന്ത്യയെ കുടുംബാധിപത്യത്തിന്‍റെ കേന്ദ്രമാക്കി മാറ്റാനാണ് ഇന്ദിരാ ഗാന്ധി ശ്രമിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 352 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര,​ ആര്‍ട്ടിക്കിള്‍ 359ന്‍റെ സഹായത്തോടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി. 

'ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ' എന്നാണ് അന്നത്തെ എഐസിസി പ്രസിഡന്റ് ദേവകാന്ത് ബറുവ വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ദിരയ്ക്കെഴുതിയ കത്തില്‍ ജെ.പി (ജയ്‌പ്രകാശ്‌ നാരായണ്‍) അത് തിരുത്തി. 'നിങ്ങള്‍ രാജ്യത്തെ നിങ്ങളോട് തുല്യമാക്കരുത്. ഇന്ത്യ അനശ്വരയാണ്, എന്നാല്‍ നിങ്ങള്‍ അങ്ങനെയല്ല' എന്നും ജെ.പി മറുപടി നല്‍കിയിരുന്നുവെന്നും ജെയ്റ്റലി പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച്‌ പുനര്‍വിചിന്തനം നടത്തണമെന്ന് ജയ്റ്റ്‌ലി ആവശ്യപ്പട്ടു.

 

 

Trending News