ബംഗളുരു: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുലിനെ പരിഹസിക്കുന്ന കാർട്ടൂൺ നീക്കം ചെയ്ത ഉഡുപ്പി ജില്ലയിലെ കുന്ദാപുര മുനിസിപ്പാലിറ്റി നടപടി വിവാദത്തിൽ. പ്രശസ്ത കാർട്ടൂണിസ്റ്റായ സതീഷ് ആചാര്യ വരച്ച കോൺഗ്രസ് മുക്ത ഇന്ത്യ എന്ന അടിക്കുറിപ്പുള്ള പരസ്യബോർഡാണ് കോൺഗ്രസ് ഭരിക്കുന്ന കുന്ദാപുര മുനിസിപ്പാലിറ്റി നീക്കം ചെയ്തത്.
സംഭവത്തെക്കുറിച്ച് എ.ഐ.സി.സിയുടെ മാധ്യമ ചുമതലയുള്ള അജയ് മാക്കന് പരാതി നൽകിയെങ്കിലും പ്രതികരിച്ചില്ലെന്ന് സതീഷ് ആചാര്യ പറഞ്ഞു.താൻ പല രാഷ്ട്രീയക്കാരേയും പരിഹസിക്കുന്ന കാർട്ടൂണുകൾ കോർണറിൽ പ്രസിദ്ധീകരിക്കാറുണ്ട്. ആരും ഇതുവരെ ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചിട്ടില്ല. എന്നാൽ ഈ കാർട്ടൂൺ പ്രസിദ്ധപ്പെടുത്തിയതിന്‍റെ പിറ്റേന്ന് തന്നെ പ്രാദേശിക കോൺഗ്രസ് നേതാവ് ഫോണിലൂടെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. താനതിന് തയ്യാറായില്ലെന്നും സതീഷ് ആചാര്യ പറഞ്ഞു.പിറ്റേന്ന് തന്നെ കുന്ദാപുര മുനിസിപ്പാലിറ്റി തന്‍റെ കാർട്ടൂൺ നീക്കം ചെയ്യുകയായിരുന്നുവെന്ന് സതീഷ് ആചാര്യ ആരോപിച്ചു. എന്നാൽ നഗര സൗന്ദര്യവത്ക്കരണത്തിന്‍റെ ഭാഗമായാണ് ഹോർഡിങുകളും ബോർഡുകളും നീക്കം ചെയ്തതെന്ന് കുന്ദാപുര മുനിസിപ്പാലിറ്റി അധികൃതർ പ്രതികരിച്ചു.
കുന്ദാപുര സ്വദേശിയായ കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യ 'കാർട്ടൂൺ കോർണറിൽ' തന്‍റെ പ്രമുഖ കലാസൃഷ്ടികൾ പതിവായി പ്രദർശിപ്പിക്കാറുണ്ട്. ഭീമാകാരനായി ഭീഷണിപ്പെടുത്തിക്കൊണ്ട് അടുക്കുന്ന മോദിയിൽ നിന്ന് രക്ഷപ്പെടാനായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പുറകിൽ ഒളിക്കുന്ന രാഹുലിന്‍റെ കാർട്ടൂൺ കഴിഞ്ഞ ദിവസമാണ് സതീഷ് ആചാര്യ ഇവിടെ പ്രദർശിപ്പിച്ചത്. കാർട്ടൂണിൽ സിദ്ധരാമയ്യയും രാഹുലും പരസ്പരം സഹായത്തിനായി നിലവിളിച്ചുകൊണ്ട് മോദിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് ദൃശ്യം.
'This skeleton' says a lot about the misplaced priorities of Congress party in India. pic.twitter.com/YZkXa7SIeS
— Satish Acharya (@satishacharya) June 9, 2016