ന്യൂഡൽഹി: ഒഡിഷ ട്രെയിന്‍ ദുരന്തം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രതിപക്ഷത്തിന്റെ വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് സംഭവം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാർശ ചെയ്തതായി മന്ത്രി അറിയിച്ചു. റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണ്. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.
275 പേരാണ് ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ 88 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരുടെ ചിത്രങ്ങൾ ഒഡീഷ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും നടത്താനാണ് തീരുമാനം. ട്രെയിൻ അപകടത്തിൽ ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങളും ഒഡീഷ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ കമ്മീഷനെ നിയമിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകനായ വിശാൽ തിവാരിയാണ് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നവീൻ പട്നായിക് ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 5 ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സഹായമായി ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം നൽകുന്നത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒഡീഷ സർക്കാരും ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവ സ്ഥലം സന്ദർശിക്കുകയും ഉന്നതതല യോഗം ചേരുകയും ചെയ്തു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര റെയിൽവേ മന്ത്രിയും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഉണ്ടായിരുന്നു. ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണക്കാരായവരെ കണ്ടെത്തി കർശന ശിക്ഷ നൽകുമെന്ന് നരേന്ദ്രമോദി അറിയിച്ചിരുന്നു.
മൂന്ന് ട്രെയിനുകളാണ് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടത്. ഒഡീഷയിലെ ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറുകയായിരുന്നു. ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന് പതിക്കുകയായിരുന്നു. അടുത്തിടെ രാജ്യത്ത് സംഭവിക്കുന്ന ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഒഡീഷയിൽ ബാൽസോറിൽ ജൂൺ രണ്ടിന് രാത്രിയിൽ ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...