സി.ബി.എസ്‌.ഇ. പത്താംക്ലാസ്: അടുത്ത വര്‍ഷം മുതല്‍ കണക്കിന് രണ്ടുതരം പരീക്ഷ

കണക്ക് പരീക്ഷയെഴുതുന്ന കുട്ടികളിലുണ്ടാകുന്ന ആത്മസംഘര്‍ഷം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദ്വിതല പരീക്ഷയെന്നും സി.ബി.എസ്.ഇ. അറിയിച്ചു. 

Last Updated : Jan 12, 2019, 02:05 PM IST
സി.ബി.എസ്‌.ഇ. പത്താംക്ലാസ്: അടുത്ത വര്‍ഷം മുതല്‍ കണക്കിന് രണ്ടുതരം പരീക്ഷ

ന്യൂഡല്‍ഹി: അടുത്തവര്‍ഷം മുതല്‍ പത്താംക്ലാസില്‍ കണക്കിന് രണ്ടുതരം ബോര്‍ഡ് പരീക്ഷകളുണ്ടാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.) അറിയിച്ചു. 

സ്റ്റാന്‍ഡേര്‍ഡ്, ബേസിക് തലങ്ങളിലായിരിക്കും പരീക്ഷ. സ്റ്റാന്‍ഡേഡ് തലത്തിലുള്ള പരീക്ഷ ജയിക്കുന്നവര്‍ക്കേ സീനിയര്‍ സെക്കന്‍ഡറി തലത്തില്‍ കണക്ക് പഠനവിഷയമായി തിരഞ്ഞെടുക്കാനാകൂ. 

നിലവിലുള്ള പരീക്ഷയാണ് സ്റ്റാന്‍ഡേര്‍ഡ് തലം. തുടര്‍പഠനത്തിന് കണക്ക് പാഠ്യവിഷയമാക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കാണ് താരതമ്യേന ലഘുവായ ബേസിക് തല പരീക്ഷ നടത്തുന്നത്. സിലബസില്‍ മാറ്റമില്ല. 

ഇന്റേണല്‍ അസസ്മെന്റും രണ്ടുതലത്തിലും പരീക്ഷ എഴുതുന്നവര്‍ക്ക് ഒന്നുതന്നെയായിരിക്കും. ബേസിക് തലത്തില്‍ പരീക്ഷയെഴുതിയവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് തല പരീക്ഷയെഴുതാനും അവസരമുണ്ട്. 

ഇത്തരക്കാര്‍ക്ക് കമ്പാര്‍ട്ട്മെന്റ് പരീക്ഷയില്‍ സ്റ്റാന്‍ഡേര്‍ഡ് തല പരീക്ഷയെഴുതാം. കണക്ക് പരീക്ഷയെഴുതുന്ന കുട്ടികളിലുണ്ടാകുന്ന ആത്മസംഘര്‍ഷം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദ്വിതല പരീക്ഷയെന്നും സി.ബി.എസ്.ഇ. അറിയിച്ചു.

Trending News