നക്സല്‍ ഭീഷണി ഇല്ലാതാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം

രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

Last Updated : Aug 27, 2019, 01:02 PM IST
നക്സല്‍ ഭീഷണി ഇല്ലാതാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം

ന്യൂഡല്‍ഹി: രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ക്രമസമാധാന പാലനത്തിൽ സംസ്ഥാനങ്ങൾ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതിനാൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സമന്വയത്തിലൂടെ മാത്രമേ നക്സല്‍ ഭീഷണി ഇല്ലാതാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.  ഇടതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ രാജ്യത്ത് കുറഞ്ഞുവരുന്നുണ്ട് എങ്കിലും അത് പൂർണ്ണമായും ഇല്ലാതാക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

നക്സല്‍വാദികള്‍ക്കെതിരായ നീക്കങ്ങളുടെ പുരോഗതി വിലയിരുത്താനായി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.  
 
നക്സല്‍ സാന്നിധ്യമുളള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരു൦ ഉന്നത ഉദ്യോഗസ്ഥരു൦ യോഗത്തില്‍ പങ്കെടുത്തിരുന്നു.

മുഖ്യമന്ത്രിമാരായ നിതീഷ് കുമാര്‍ (ബിഹാര്‍), നവീന്‍ പട്‌നായിക് (ഒഡീഷ), യോഗി ആദിത്യനാഥ് (ഉത്തര്‍ പ്രദേശ്‌), കമല്‍നാഥ് (മധ്യപ്രദേശ്), രഘുബര്‍ ദാസ് (ജാര്‍ഖണ്ഡ്), ഭൂപേഷ് ഭാഗേല്‍ (ഛത്തീസ്ഗഢ്) എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. 

കൂടാതെ, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ മാവോവാദി സാന്നിധ്യം ശക്തമായ പത്ത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് അജയ് കുമാര്‍ ഭല്ല, ഐ.ബി മേധാവി അരവിന്ദ് കുമാര്‍, അര്‍ധ സൈനിക വിഭാഗങ്ങളുടെ ഡയറക്ടര്‍ ജനറല്‍മാര്‍ തുടങ്ങിയവരും എത്തിയിരുന്നു

കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റശേഷം അമിത് ഷാ വിളിച്ചുചേര്‍ക്കുന്ന ഇത്തരത്തിലുള്ള ആദ്യ യോഗമാണിത്. നക്സല്‍വാദികള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ സ്വീകരിച്ചുവരുന്ന നീക്കങ്ങളുടെ പുരോഗതി യോഗത്തില്‍ അമിത് ഷാ നേരിട്ട് വിലയിരുത്തി.

ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്തിന് ശേഷം രാജ്യത്ത് മാവോവാദി ആക്രമണങ്ങള്‍ ഗണ്യമായി കുറഞ്ഞതായി കണക്കുകള്‍ നിരത്തി യോഗം വിലയിരുത്തി. 2009നും 2013നുമിടെ 8782 മാവോവാദി ആക്രമണങ്ങള്‍ രാജ്യത്ത് നടന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പറയുന്നത്. എന്നാല്‍ 2014നും 2018നുമിടെ അക്രമങ്ങളില്‍ 50% കുറവ് കാണുന്നുണ്ട്. അതായത് ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് 4969 ആക്രമണങ്ങളാണ് നടന്നത്.

2009നും 2013നുമിടെ സുരക്ഷാ സൈനികരടക്കം 3326 പേര്‍ക്ക് നക്സല്‍ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍ 2014 -18 കാലത്ത് 1321 പേര്‍ മാത്രമാണ് മരിച്ചത്. മരണങ്ങള്‍ 60.4% കുറഞ്ഞു. 2010ല്‍ നക്സല്‍ ആക്രമണങ്ങല്‍ നടന്നത് 96 ജില്ലകളില്‍ ആയിരുന്നുവെങ്കില്‍, അത് 2018 ആയപ്പോഴേയ്ക്കും 60 ആയി കുറഞ്ഞതായും യോഗം വിലയിരുത്തി.

Trending News