ദ്വാരക: ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ചതിനാല്‍ വ്യാപാരികള്‍ക്ക് ഇത്തവണ ദീപാവലി നേരത്തെ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഉദ്ദേശത്തോടു കൂടി എടുക്കുന്ന തീരുമാനങ്ങളെ സ്വാഭാവികമായും ജനങ്ങള്‍ പിന്തുണയ്ക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു പ്രധാനമന്ത്രി.
കയറും ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേദ, സിദ്ധമരുന്നുകള്‍ ഉള്‍പ്പെടെ 27 ഉത്പന്നങ്ങളുടെ നിരക്ക് കുറക്കാനുള്ള തീരുമാനം ഇന്നലെ ചേര്‍ന്ന് ജി എസ് ടി കൗണ്‍സില്‍ സ്വീകരിച്ചിരുന്നു. മൂന്നു മാസത്തിനുള്ളില്‍ അവലോകനം നടത്തി ആവശ്യമായ മാറ്റങ്ങള്‍ ജി.എസ്.ടിയില്‍ വരുത്തുമെന്ന് പ്രഖ്യാപനവേളയില്‍ തന്നെ ഉറപ്പു നല്‍കിയിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അതാണ് ഇപ്പോള്‍ നടപ്പിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനത്തിന്‍റെ നല്ല ഫലം അനുഭവിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ആരും ദാരിദ്ര്യത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ല. ദാരിദ്ര്യത്തിനെതിരെ പോരാടുകയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ദ്വാരകയിലെത്തിയ പ്രധാനമന്ത്രി ദ്വാരകേശ്വര്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു.