കോൺഗ്രസ് രക്ഷപ്പെടുമോ? ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ നേതൃനിരയിൽ വരുമോ? 'പികെ'യുടെ പദ്ധതിയെന്ത്..?

2024 പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി "കോൺഗ്രസിന്റെ തിരുച്ചുവരവിന്" നേതൃത്വം പാർട്ടിയെ പുനർനിർമ്മിക്കുകയും ജനാധിപത്യവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും പികെയുടെ പദ്ധതി അടിവരയിടുന്നു. 

Written by - ടി.പി പ്രശാന്ത് | Edited by - ടി.പി പ്രശാന്ത് | Last Updated : Apr 22, 2022, 04:18 PM IST
  • ബഹുജനങ്ങൾക്കായി ഒരു പുതിയ കോൺഗ്രസ് എന്ന ആശയമാണ് പികെ മുന്നോട്ടുവച്ചിട്ടുള്ളത്.
  • കോൺഗ്രസ് പ്രസിഡന്റും വർക്കിംഗ് കമ്മിറ്റിയും ഉൾപ്പെടെ എല്ലാ സ്ഥാനങ്ങൾക്കും നിശ്ചിത കാലാവധി ഉണ്ടാകും.
  • സ്വജനപക്ഷപാതത്തെ പ്രതിരോധിക്കാൻ പാർട്ടിയിൽ 'ഒരു കുടുംബം, ഒരു ടിക്കറ്റ്' എന്ന രീതിയും പിന്തുടരും.
കോൺഗ്രസ് രക്ഷപ്പെടുമോ?  ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ നേതൃനിരയിൽ വരുമോ? 'പികെ'യുടെ പദ്ധതിയെന്ത്..?

കോൺഗ്രസിനെ രക്ഷപ്പെടുത്താൻ പ്രശാന്ത് കിഷോർ മുന്നോട്ടുവച്ചിരിക്കുന്ന പദ്ധതികൾ പാർട്ടിയെ മികച്ച ബഹുജനാ അടിത്തറയുള്ളതാക്കി തീർക്കുമെന്ന് പ്രതീക്ഷയിൽ നേതാക്കൾ. പാർട്ടിയെ രാഷ്ട്രീയ പോരാട്ടത്തിന് സ്ഫുടം ചെയ്തെടുക്കാൻ നിരവധി തീരുമാനങ്ങൾ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ മുന്നോട്ടുവച്ചിട്ടുണ്ട്. സഖ്യ വിപുലീകരണം, പാർട്ടിയുടെ തത്വങ്ങൾ വീണ്ടെടുക്കൽ, താഴെത്തട്ടിലുള്ള നേതാക്കളുടേയും അണികളുടേയും സംഘത്തെ രൂപപ്പെടുത്തുക, സമൂഹമാധ്യമങ്ങളെയും മറ്റ് മാധ്യമങ്ങളെയും പിന്തുണയ്ക്കുന്ന പ്രചാരണരീതി,  ഡിജിറ്റൽ പ്രചരണത്തിന് പ്രാധാന്യം കൊടുക്കുക എന്നിവയെല്ലാമാണ് പാർട്ടിയുടെ വീണ്ടെടുപ്പിനായുള്ള  ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കാൻ  പ്രധാനമായും പ്രാവർത്തികമാക്കേണ്ട നിർദ്ദേശങ്ങൾ.  കോൺഗ്രസ് 2.0 പ്ലാൻ നടപ്പിലാക്കാൻ പ്രശാന്ത് കിഷോറിനെ തന്നെ പാർട്ടിയിലേക്ക് കൊണ്ടുവരാനാണ് കോൺഗ്രസ് നീക്കം. 

2024 പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി "കോൺഗ്രസിന്റെ തിരുച്ചുവരവിന്" നേതൃത്വം പാർട്ടിയെ പുനർനിർമ്മിക്കുകയും ജനാധിപത്യവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും പികെയുടെ പദ്ധതി അടിവരയിടുന്നു.  കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധിയെയും പാർലമെന്ററി ബോർഡ് ചീഫായി രാഹുൽ ഗാന്ധിയും വർക്കിംഗ് പ്രസിഡന്റ്/ വൈസ് പ്രസിഡന്റ് പദവികളിൽ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ നേതൃനിരയിൽ വേണമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിർദ്ദേശം. 

കോൺഗ്രസ് പ്രസിഡന്റും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയും ഉൾപ്പെടെ എല്ലാ സ്ഥാനങ്ങൾക്കും നിശ്ചിത കാലാവധി ഉണ്ടാകും. ഇങ്ങനെ ബഹുജനങ്ങൾക്കായി ഒരു പുതിയ കോൺഗ്രസ് എന്ന ആശയമാണ് പികെ മുന്നോട്ടുവച്ചിട്ടുള്ളത്.  നിലവിൽ പാർട്ടിയിൽ പിടിമുറുകിയിട്ടുള്ള സ്വജനപക്ഷപാതത്തെ പ്രതിരോധിക്കാൻ 'ഒരു കുടുംബം, ഒരു ടിക്കറ്റ്' എന്ന രീതിയും പാർട്ടിയിൽ പിന്തുടരും. ഇത് ഇത് പലരുടേയും സ്ഥാനങ്ങൾക്ക് ഇളക്കമുണ്ടാക്കുമോയെന്നും കൂട്ടക്കൊഴിച്ചിലിന് വഴിയൊരുക്കുമോയെന്നും മുതിർന്ന നേതാക്കൾക്ക് ആശങ്കയുണ്ട്.

1984 മുതൽ 2019 വരെ പാർട്ടിയുടെ വലിയ തകർച്ചയുടെ കാരണങ്ങൾ നിരത്തിയാണ് പാർട്ടി നേതൃത്വത്തിന് മുന്നിൽ പ്രശാന്ത് കിഷോർ കോൺഗ്രസ് 2.0 പ്ലാൻ എങ്ങനെയാണെന്ന് അവതരിപ്പിച്ചിട്ടുള്ളത്. പാർട്ടിക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം നഷ്ടമപ്പെട്ടതും ഘടനാപരമായ ബലഹീനതയും പൈതൃക നേട്ടങ്ങളെ മുതലെടുക്കാനുള്ള പോരായ്മയുമൊക്കെ അക്കമിട്ട് നിരത്തിയായിരുന്നു പ്രശാന്ത് കിഷോറിന്റെ അവതരണം. 

കോൺഗ്രസിന്റെ മൂല്യങ്ങളും അടിസ്ഥാനതത്വങ്ങളും സംരക്ഷിച്ച് എല്ലാ തലങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പിലൂടെ പാർട്ടിയെ പുനഃസംഘടിപ്പിക്കാനാണ് ശ്രമം. താഴേതട്ടിൽ ജനങ്ങളുമായി അർത്ഥപൂർണമായി ഇടപെടാൻ കഴിയുന്ന തരത്തിൽ 15,000 നേതാക്കളെയും ഒരു കോടിയിലധികം അണികളെ സജ്ജമാക്കിയെടുക്കും. പാർട്ടി  പ്രവർത്തനങ്ങളെ ഏകോപനമാണ് ഇവരിലൂടെ പ്രാവർത്തികമാക്കുക.

Trending News