India Vs Australi 5th Test: സ്ഥിരം ചതിക്കുഴിയില്‍ വീണ് കോലി, ഏറുകൊണ്ട് നിലംപരിശായി ഇന്ത്യന്‍ താരങ്ങള്‍; ബുംറയാണ് താരം!

India Vs Australia 5th Test: ഈ പരമ്പരയിൽ ഏഴ് തവണയാണ് വിരാട് കോലി സമാനമായ രീതിൽ പുറത്തായിട്ടുള്ളത്. ആദ്യ മത്സരത്തിലെ സെഞ്ചുറിയല്ലാതെ പറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമാക്കാനും കഴിഞ്ഞിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Jan 3, 2025, 01:55 PM IST
  • ഓസ്ട്രേലിയൻ ബോളർമാർ തന്ന എസ്ക്ട്ര റൺസ് ആണ് ഇന്ത്യൻ സ്കോർ ബോർഡിലെ രണ്ടാമത്തെ ഉയർന്ന സ്കോർ
  • ജസ്പ്രീത് ബുംറ 22 റൺസ് എടുത്ത് മികച്ച ചെറുത്തുനിൽപ് നടത്തി
  • ഓസ്ട്രേലിയൻ ബോളർമാരുടെ പന്ത് കൊണ്ട് പലതവണ ഋഷഭ് പന്തിന് പരിക്കേറ്റു
India Vs Australi 5th Test: സ്ഥിരം ചതിക്കുഴിയില്‍ വീണ് കോലി, ഏറുകൊണ്ട് നിലംപരിശായി ഇന്ത്യന്‍ താരങ്ങള്‍; ബുംറയാണ് താരം!

സിഡ്‌നി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ എല്ലാവരും പുറത്തായി. 185 റണ്‍സ് ആണ് ആകെ സ്‌കോര്‍ ചെയ്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് 9 റണ്‍സ് എടുക്കുന്നതിനിടയില്‍ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് നഷ്ടമായി. ബുംറയ്ക്കാണ് വിക്കറ്റ്.

രോഹിത് ശര്‍മയ്ക്ക് പകരം ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ആയിരുന്നു അവസാന ടെസ്റ്റിന് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിനെ തുടര്‍ന്ന് രോഹിതിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് എന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ടീമിന്റെ താത്പര്യപ്രകാരം രോഹിത് സ്വയം മാറിനില്‍ക്കുകയായിരുന്നു എന്നാണ് ടോസിന് ശേഷം ബുറം പറഞ്ഞത്.

അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. വെറും 4 റണ്‍സ് എടുത്ത കെഎല്‍ രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് പുറത്താക്കിയത്. 10 റണ്‍സ് എടുത്ത യശസ്വി ജെയ്‌സ്വാള്‍ എട്ടാം ഓവറില്‍ ബോളണ്ടിന്റെ പന്തില്‍ മടങ്ങി. രോഹിത്തിന് പകരക്കാരനായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ മികച്ച ഇന്നിങ്‌സിന് തുടക്കമിട്ടെങ്കിലും 20 റണ്‍സ് എടുത്ത് പുറത്തായി. 

17 റണ്‍സ് എടുത്ത വിരാട് കോലിയും അധികം വൈകാതെ മടങ്ങി. ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ സ്മിത്തിന് ക്യാച്ച് നല്‍കിയായിരുന്നു കോലിയുടെ പുറത്താവല്‍. ഈ സീരീസിലെ മിക്ക ഇന്നിങ്‌സുകളിലും സമാനമായ പന്തിലാണ് കോലി പുറത്തായിട്ടുള്ളത്. കോലിയുടെ ദൗര്‍ബല്യം മനസ്സിലാക്കിക്കൊണ്ടാണ് ഓരോ ഓസ്‌ട്രേലിയന്‍ ബോളറും ഓഫ് സൈഡില്‍ പ്രകോപിപ്പിക്കുന്ന പന്തുകള്‍ എറിഞ്ഞുകൊണ്ടേയിരുന്നത്. 

ഋഷഭ് പന്തിന്റെ ഇന്നിങ്‌സ് ആയിരുന്നു ഇന്ത്യന്‍ ടീമിന് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത്. 98 പന്തില്‍ 40 റണ്‍സ് എടുത്താണ് ബോളണ്ടിന്റെ പന്തില്‍ പന്ത് പുറത്താകുന്നത്. ഇതിനിടെ ഓസ്‌ട്രേലിയന്‍ ബോളിങ് ആക്രമണത്തില്‍ പലതവണ പന്തിന് പരിക്കേല്‍ക്കുകയും ചെയ്തു. വാഷിങ്ടണ്‍ സുന്ദറും സിറാജും ബുംറയും ഉള്‍പ്പെടെ പല ഇന്ത്യന്‍ താരങ്ങള്‍ക്കും ഇത്രത്തില്‍ പരിക്കേറ്റിരുന്നു.

ആദ്യ മത്സരങ്ങളില്‍ എല്ലാം ഇന്ത്യന്‍ പ്രതീക്ഷയായി വാലറ്റം കാത്തനിതീഷ് കുമാര്‍ റെഡ്ഡിയ്ക്ക് ഇത്തവണ തിളങ്ങാന്‍ ആയില്ല. ബോളണ്ടിന്റെ ആദ്യ പന്തില്‍ തന്നെ സ്ലിപ്പില്‍ ക്യാച്ച് നല്‍കി നിതീഷ് മടങ്ങി. വാഷിങ്ടണ്‍ സുന്ദര്‍ മികച്ച രീതിയില്‍ ബാറ്റ് വീശി പ്രതീക്ഷ നല്‍കിയെങ്കിലും നിര്‍ഭാഗ്യകരമായ ഒരു തേര്‍ഡ് അമ്പയര്‍ തീരുമാനത്തില്‍ 14 റണ്‍സിന് പുറത്തായി. ഏറ്റവും ഒടുവില്‍ ജസ്പ്രീത് ബുംറ തന്നെ വേണ്ടി വന്നു വലിയ നാണക്കേടില്ലാത്ത ഒരു സ്‌കോറിലേക്ക് എത്തിക്കാന്‍. 17 പന്തില്‍ ബുംറ നേടിയത് 22 റണ്‍സാണ്. മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറും അടക്കമായിരുന്നു ബുംറയുടെ ഇന്നിങ്‌സ്. സ്കോട്ട് ബോളണ്ട് നാല് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റും പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും നഥാൻ ലിയോൺ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഞെട്ടിച്ചുകൊണ്ടായിരുന്നു തുടങ്ങിയത്. ബുംറയുടെ ആദ്യ പന്ത് തന്നെ കോണ്‍സ്റ്റാസ് ബൗണ്ടറിയിലേക്ക് പായിച്ചു. ഇതിനിടെ ബുംറയും കോണ്‍സ്റ്റാസപം തമ്മില്‍ ചെറിയ വാക്കുതര്‍ക്കവും ഉണ്ടായി. എന്നാല്‍ ആ ഓവറിന്റെ അവസാന പന്തില്‍ ഖവാജയെ പുറത്താക്കി ബുംറ മറുപടി കൊടുക്കുകയും ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News