ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കുറഞ്ഞത് 130 സീറ്റുകള്‍ നേടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.
2014ലെ തിരഞ്ഞെടുപ്പില്‍ നേടിയതിലും മൂന്നിരട്ടി സീറ്റുകള്‍ നേടുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം ആവര്‍ത്തിക്കുമെന്നും പറഞ്ഞു. മധ്യപ്രദേശില്‍ ആകെയുള്ള 29ല്‍ 22 സീറ്റും കോണ്‍ഗ്രസ് നേടുമെന്നാണ് കമല്‍നാഥിന്‍റെ നിരീക്ഷണം.
2018 ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചിരുന്നു.
സംസ്ഥാനത്തെ ആര്‍ എസ് എസിന്‍റെ പ്രവര്‍ത്തനം ശക്തമായി തടയുമെന്നഭിപ്രയപ്പെട്ട കമല്‍ നാഥ് പൊതു സ്ഥലങ്ങളില്‍ ശാഖകള്‍ തുറക്കാന്‍ ആര്‍ എസ് എസിനെ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡയെ ശക്തമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ ഒരു വിധത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും ബിജെപി അതാണ് തുടരുന്നതെന്നും അഭിപ്രായപ്പെട്ടു.
കൂടാതെ, മധ്യപ്രദേശില്‍ ഗോവധത്തിന് ഇനി മുതല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധത്തിന് യുവാക്കളുടെ പേരില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തത് വിവാദമായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ പി. ചിദംബരം, നസീം ഖാന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 2 സീറ്റുകള്‍ മാത്രമാണ് നേടുവാന്‍ കഴിഞ്ഞത്. ബിജെപിയ്ക്ക് 22 സീറ്റുകളാണുള്ളത്.
ശക്തമായ ഭരണവിരുദ്ധ വികാരവും, കാര്‍ഷിക മേഖലിയെ പ്രതിസന്ധിയുമാണ് 15 വര്‍ഷം അധികാരത്തിലിരുന്ന ബിജെപിയെ താഴെയിറക്കിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന്‍റെ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.