ആധാറിന്‍റെ ഭരണഘടനാ സാധുത: വാദം പൂര്‍ത്തിയായി, വിധി പിന്നീട്

ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന 'നമ്മൾ, ഭാരതത്തിലെ ജനങ്ങൾ' എന്ന വരികളെ ആധാറിന് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന ചോദ്യമെറിഞ്ഞാണ് മുതിര്‍ന്ന അഭിഭാഷകനായ ശ്യാം ദിവാന്‍ വാദം അവസാനിപ്പിച്ചത്.

Last Updated : May 10, 2018, 07:38 PM IST
ആധാറിന്‍റെ ഭരണഘടനാ സാധുത: വാദം പൂര്‍ത്തിയായി, വിധി പിന്നീട്

ന്യൂഡല്‍ഹി: ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. ഹര്‍ജികളില്‍ വിധി പറയുന്നത് കോടതി മാറ്റി വച്ചു. 

ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന 'നമ്മൾ, ഭാരതത്തിലെ ജനങ്ങൾ' എന്ന വരികളെ ആധാറിന് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന ചോദ്യമെറിഞ്ഞാണ് മുതിര്‍ന്ന അഭിഭാഷകനായ ശ്യാം ദിവാന്‍ വാദം അവസാനിപ്പിച്ചത്. 'നമ്മൾ, ഭാരതത്തിലെ ജനങ്ങൾ' എന്നത് വിരല്‍ചൂണ്ടുന്നത് ജനാധിപത്യത്തിലേക്കും ജനാധിപത്യ വ്യവസ്ഥയിലെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിലേക്കുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

2012 ല്‍ ആരംഭിച്ച നിയമയുദ്ധമാണ് ഇപ്പോള്‍ പരിസമാപ്തിയിലേക്ക് നീങ്ങുന്നത്. വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്നതാണ് ആധാര്‍ എന്ന വസ്തുത ഉയര്‍ത്തിപ്പിടിച്ച് നടത്തിയ നിയമപോരാട്ടത്തിനിടെ വിവര ചോര്‍ച്ചയടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. ആധാറിന്‍റെ ഭരണഘടന സാധുതയെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ പൗരന്‍റെ സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രധാന വിധി കരുത്ത് നല്‍കി. 

ആധാറിന്‍റെ വാദങ്ങള്‍ക്കിടയില്‍ പലപ്പോഴായി കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു. ഏറ്റവും ഒടുവില്‍ ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായും മൊബൈൽ ഫോണുമായും ബന്ധിപ്പിക്കേണ്ട അവസാന തീയതി അനിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ നീട്ടി വച്ചു.  

കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഹാജരായപ്പോള്‍ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പി ചിദംബരം, രാകേഷ് ദ്വിവേദി, ശ്യം ദിവാന്‍, അരവിന്ദ് ദത്തര്‍ തുടങ്ങിയവര്‍ ഹര്‍ജിക്കാര്‍ക്കായി ഹാജരായി. 

Trending News