ന്യൂഡല്‍ഹി: ലോകമാകമാനം അതി ഭീകരമാംവിധം പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ തടയാന്‍ കര്‍ശന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.
കൊറോണ സാരമായി ബാധിച്ചിരിക്കുന്ന നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ തത്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ 16 വിദേശികള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഇത്. ഇറ്റലിയില്‍ നിന്നുള്ള 16 സന്ദര്‍ശകര്‍ക്കാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചത്.
ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് അനുവദിച്ച എല്ലാ വിസകളും ഇ-വിസകളും താത്കാലികമായി റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മാർച്ച് 11-നോ അതിനുമുന്‍പോ അനുവദിച്ച എല്ലാ വിസകളും ഇ-വിസകളുമാണ് താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
അതേസമയം, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് മുന്‍പേ തന്നെ ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. അതിന്പുറമെയാണ് ഇപ്പോള്‍ 3 രാജ്യങ്ങളെക്കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യയില്‍ നിലവില്‍ 50 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത് ഇവരില്‍ 16 പേര്‍ ഇറ്റലിയില്‍ നിന്നുള്ളവരാണ്.