Covid | രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; നിയന്ത്രണങ്ങൾ ശക്തമാക്കി വിവിധ സംസ്ഥാനങ്ങൾ

ശനിയാഴ്ച ഇന്ത്യയിൽ 3,37,704 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 23, 2022, 09:28 AM IST
  • നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിയന്ത്രണങ്ങൾ ശക്തമാക്കി
  • രാത്രി കർഫ്യൂ ഏർപ്പെടുത്തിയോ വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തിയോ ആണ് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കിയത്
  • കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
  • ഞായറാഴ്ച സംസ്ഥാനത്ത് അവശ്യ സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ
Covid | രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; നിയന്ത്രണങ്ങൾ ശക്തമാക്കി വിവിധ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിയന്ത്രണങ്ങൾ ശക്തമാക്കി. രാത്രി കർഫ്യൂ ഏർപ്പെടുത്തിയോ വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തിയോ ആണ് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ശനിയാഴ്ച ഇന്ത്യയിൽ 3,37,704 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഗുജറാത്ത്: ​ഗുജറാത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് രാത്രി കർഫ്യൂ ആരംഭിക്കാൻ ഒരുങ്ങുകയാണ്. രാത്രി 10 മുതൽ രാവിലെ ആറ് മണിവരെയാണ് കർഫ്യൂ. പോലീസിനോട് ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെട്ടതായി മുതിർന്ന ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം സംസ്ഥാനത്തെ 10 പ്രധാന നഗരങ്ങളിൽ ഇതിനകം നിയന്ത്രണങ്ങൾ നിലവിലുണ്ട്. നിലവിൽ അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ജാംനഗർ, ജുനഗഡ്, ഭാവ്‌നഗർ എന്നിവിടങ്ങളിലാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

ഡൽഹി: ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) സ്വകാര്യ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ഡൽഹിയിൽ കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ അയവു വരുത്തി. എന്നാൽ ജാ​ഗ്രത തുടരണമെന്നും കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

ബിഹാർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിലവിലുള്ള നിയന്ത്രണങ്ങൾ ഫെബ്രുവരി ആറ് വരെ നീട്ടിയതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ജനുവരി നാല് മുതലാണ് ബിഹാറിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജനുവരി 21 വരെയായിരുന്നു ആദ്യം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് കോവിഡ് വ്യാപനവും സംസ്ഥാനത്തെ സാഹചര്യവും അവലോകനം ചെയ്തതിന് ശേഷം നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും 2022 ഫെബ്രുവരി ആറ് വരെ നീട്ടുകയായിരുന്നു.

നിലവിലുള്ള രാത്രി കർഫ്യൂ തുടരുമെന്നും എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. കോച്ചിംഗ് സെന്ററുകളിൽ ഫിസിക്കൽ ക്ലാസുകൾ അനുവദിക്കില്ല. 50 ശതമാനം ശേഷിയുള്ള സ്കൂളുകളിലും കോളേജുകളിലും കോച്ചിംഗ് സെന്ററുകളിലും ഭരണപരമായ പ്രവർത്തനങ്ങൾ നടത്താമെന്ന് ഉത്തരവിൽ പറയുന്നു. റസ്റ്റോറന്റുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി എട്ട് മണിക്ക് അടയ്ക്കണം. വിവാഹങ്ങളിൽ പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. പാർക്കുകൾ, നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ, മൃഗശാലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഫെബ്രുവരി ആറ് വരെ അടച്ചിടുമെന്ന് ഉത്തരവിൽ പറയുന്നു.

കർണാടക: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ പിൻവലിക്കാൻ കർണാടക സർക്കാർ വെള്ളിയാഴ്ച തീരുമാനിച്ചു, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിദഗ്ധരുമായും മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് വാരാന്ത്യ കർഫ്യൂ പിൻവലിച്ചത്. എന്നാൽ രാത്രി കർഫ്യൂ തുടരും. രാത്രി 10 മുതൽ രാവിലെ അഞ്ച് മണി വരെയാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സിനിമാ ഹാളുകൾ, പബ്ബുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഉൾക്കൊള്ളാവുന്നവരുടെ 50 ശതമാനം മാത്രമേ പ്രവേശനം അനുവദിക്കൂ.

പ്രതിഷേധങ്ങൾ, റാലികൾ, ഘോഷയാത്രകൾ എന്നിവയ്ക്കുള്ള നിരോധനവും തുടരുമെന്നും സർക്കാർ അറിയിച്ചു. ജനുവരി 31 വരെ പ്രാബല്യത്തിൽ വരുന്ന സർക്കാർ ഉത്തരവ് പ്രകാരം, 200 ൽ കൂടുതൽ ആളുകളെ തുറസ്സായ സ്ഥലങ്ങളിലും 100 പേരെ അടച്ചിട്ട സ്ഥലങ്ങളിലും ഉൾപ്പെടുത്തി, കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വിവാഹ ചടങ്ങുകൾ നടത്താൻ അനുവാദമുണ്ട്. പൂർണമായി വാക്സിൻ എടുത്തവർക്ക് മാത്രമേ സിനിമാ ഹാളുകളിലും റെസ്റ്റോറന്റുകളിലും പ്രവേശനം ഉണ്ടാകൂ.

കേരളം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച സംസ്ഥാനത്ത് അവശ്യ സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളുള്ള ജോലി ചെയ്യുന്ന സ്ത്രീകൾ, കാൻസർ രോഗികൾ, ഗുരുതരാവസ്ഥയിലുള്ളവർ എന്നിവരെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കാനും സർക്കാർ തീരുമാനിച്ചു.

മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒത്തുചേരലുകൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും കോവിഡ് മാദനണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും സർക്കാർ നിർദേശം നൽകി. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കാൻ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുമെന്നും സർക്കാർ അറിയിച്ചു.

എ വിഭാഗത്തിൽ പെടുന്ന ജില്ലകളിൽ എല്ലാ സാമൂഹിക, സാംസ്കാരിക, മത, രാഷ്ട്രീയ, പൊതു പരിപാടികളിലും വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 50 പേർക്ക് വരെ പങ്കെടുക്കാം. ബി, സി വിഭാഗത്തിലുള്ള ജില്ലകളിൽ ഇത്തരം ഒത്തുചേരലുകൾ അനുവദിക്കില്ല. അത്തരം പ്രദേശങ്ങളിൽ, മതപരമായ ആരാധനകൾ ഓൺലൈനിൽ മാത്രമേ നടത്താവൂ, വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ അനുവദിക്കും. സി കാറ്റഗറിയിൽ ഉൾപ്പെടുന്ന ജില്ലകളിൽ സിനിമാ തിയേറ്ററുകൾ, നീന്തൽക്കുളങ്ങൾ, ജിമ്മുകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. 10, 12 ക്ലാസുകൾ, ബിരുദ, ബിരുദാനന്തര തലത്തിലുള്ള അവസാന വർഷ ക്ലാസുകൾ ഒഴികെ സി കാറ്റഗറി ജില്ലകളിൽ ഉൾപ്പെടുന്ന എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ)  ഓൺലൈനായി  മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കാൻ അനുവാദമുണ്ട്.

തെലങ്കാന: കോവിഡ് വ്യാപനത്തെ തുടർന്ന് റാലികൾ, പൊതുയോഗങ്ങൾ എന്നിവ നിരോധിച്ചുകൊണ്ട് നേരത്തെയുള്ള ഉത്തരവുകൾ ജനുവരി 31 വരെ നീട്ടിയതായി തെലങ്കാന സർക്കാർ അറിയിച്ചു. ജനുവരി ഒന്നിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൊതുഗതാഗത സംവിധാനങ്ങൾ, കടകൾ, മാളുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം. ശാരീരിക അകലം പാലിക്കൽ, വ്യക്തി ശുചിത്വം എന്നിവ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ജമ്മു കശ്മീർ: കോവിഡ് വ്യാപനം തടയുന്നതിനായി ജമ്മു കശ്മീർ ഭരണകൂടം വാരാന്ത്യങ്ങളിൽ അവശ്യ സർവീസുകൾ ഒഴികെയുള്ളവ നിരോധിച്ചു. ചീഫ് സെക്രട്ടറി അരുൺ കുമാർ മേത്തയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ (എസ്‌ഇസി) യോ​ഗത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ട് മുതൽ തിങ്കളാഴ്ച ആറ് മണി വരെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഗതാഗതം പൂർണമായി നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. അവശ്യ സർവീസുകളെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗർഭിണികളായ സ്ത്രീ ജീവനക്കാരെ ഫിസിക്കൽ അറ്റൻഡൻസിൽ നിന്ന് ഒഴിവാക്കുമെന്നും പ്രവൃത്തി ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്നും ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്‌കൂളുകളിലും കോളേജുകളിലും ഓൺലൈൻ ക്ലാസുകൾ തുടരും.

മഹാരാഷ്ട്ര: കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ പൂനെ ജില്ലയിലെ സ്‌കൂളുകളിൽ ഫിസിക്കൽ ക്ലാസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ശനിയാഴ്ച പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ല. സ്ഥിതിഗതികൾ അടുത്ത ആഴ്ച അവലോകനം ചെയ്യുമെന്നും അതിനുശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഹരിയാന: ഹരിയാന സർക്കാർ സംസ്ഥാനത്ത് ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ ജനുവരി 28 വരെ നീട്ടി. ജിമ്മുകളും സ്പാകളും 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാൻ അനുവദിച്ചു. മദ്യവിൽപ്പനശാലകൾ ഇപ്പോൾ രാത്രി 10 വരെ തുറക്കാം. നേരത്തെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മാളുകളും മാർക്കറ്റുകളും വൈകുന്നേരം ആറ് മണി വരെ തുറന്ന് പ്രവർത്തിക്കാം. പാൽ, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. ദേശീയ അന്തർദേശീയ ഇവന്റുകളിൽ പങ്കെടുക്കുന്നതിനായി കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കുമ്പോൾ ഒഴികെ എല്ലാ സ്പോർട്സ് കോംപ്ലക്സുകളും നീന്തൽക്കുളങ്ങളും ജിമ്മുകളും സ്റ്റേഡിയങ്ങളും അടച്ചിടുമെന്നും നേരത്തെ ഉത്തരവിൽ പറഞ്ഞിരുന്നു. അടിയന്തര/അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ, സ്വകാര്യ ഓഫീസുകൾ 50 ശതമാനം ജീവനക്കാരുടെ ഹാജരോടെ പ്രവർത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ രാത്രി കർഫ്യൂ നിലവിലുണ്ട്.

ഉത്തർപ്രദേശ്: സംസ്ഥാനത്ത് വർധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് ഉത്തർപ്രദേശ് സർക്കാർ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നത് ജനുവരി 30 വരെ നീട്ടി. ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തര) അവനീഷ് കുമാർ അവസ്ത് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News