ന്യൂഡൽഹി: കോവിഷീൽഡ് ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകുന്നത് ചർച്ച ചെയ്യാൻ വിദഗ്ധസമിതി യോഗം ചേരും. കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) കീഴിലുള്ള സബ്‌ജക്‌റ്റ് എക്‌സ്‌പർട്ട് കമ്മിറ്റിയാണ് (SEC) വെള്ളിയാഴ്ച (ഡിസംബർ 10) ആദ്യ യോഗം ചേരുന്നത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII) അടുത്തിടെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (DCGI) കോവിഷീൽഡിന്റെ ബൂസ്റ്റർ ഡോസിന് അംഗീകാരം ലഭിക്കുന്നതിനായി അപേക്ഷ നൽകിയിരുന്നു. രാജ്യത്ത് ഇപ്പോൾ കോവിഡ് വാക്‌സിൻ മതിയായ സ്റ്റോക്ക് ഉണ്ടെന്നും കോവിഡിന്റെ പുതിയ വകഭേദത്തെ ചെറുക്കാൻ ബൂസ്റ്റർ ഡോസ് ആവശ്യമാണെന്നും കമ്പനിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: International Flights | ഒമിക്രോൺ ഭീതി, അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ജനുവരി 31 വരെ നീട്ടി
കോവിഷീൽഡിന്റെ ബൂസ്റ്റർ ഡോസിന്റെ അനുമതിക്കായി അപേക്ഷിച്ച ഇന്ത്യയിലെ ആദ്യത്തെ വാക്സിൻ നിർമ്മാണ കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഇത് സംബന്ധിച്ച സബ്ജക്റ്റ് എക്സ്പർട്ട് കമ്മിറ്റിയുടെ യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ആരംഭിക്കും. പല വിദഗ്‌ധരും ഇന്ത്യയിൽ ബൂസ്റ്റർ ഡോസുകൾ ശുപാർശ ചെയ്തിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ശേഷമാണ് ബൂസ്റ്റർ ഡോസ് എന്ന ആവശ്യം ശക്തമായത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.
അതേസമയം, ഇന്ത്യയിലെ കോവിഡ്-19 വാക്സിനേഷൻ വ്യാഴാഴ്ച 131 കോടി (131,09,90,768) ഡോസ് കടന്നു. ഇന്നലെ വൈകിട്ട് ഏഴ് മണി വരെ 67 ലക്ഷത്തിലധികം (67,11,113) ഡോസുകൾ നൽകിയതായി സർക്കാർ അറിയിച്ചു. ഇന്ത്യ ഇതുവരെ 140 കോടിയിലധികം കൊവിഡ്-19 വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള പത്രക്കുറിപ്പിൽ പിന്നീട് അറിയിച്ചു.
ALSO READ: Omicron | ഡൽഹിക്ക് പുറമെ രാജസ്ഥാനിലും ഒമിക്രോൺ രോഗബാധ; രാജ്യത്തെ ആകെ കേസുകൾ 21 ആയി
വാർത്താക്കുറിപ്പ് അനുസരിച്ച്, കേന്ദ്ര സർക്കാർ വഴിയും, നേരിട്ടുള്ള സംസ്ഥാന സംഭരണ വിഭാഗത്തിലൂടെയും ഇതുവരെ 140 കോടിയിലധികം (1,40,01,00,230) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. 19 കോടിയിലധികം (19,08,75,946) കോവിഡ് വാക്‌സിൻ ഡോസുകളും സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്റ്റോക്കുണ്ട്. കോവിഡ് 19 വാക്‌സിനേഷൻ ഡ്രൈവിന്റെ പുതിയ ഘട്ടത്തിൽ, രാജ്യത്തെ വാക്‌സിൻ നിർമ്മാതാക്കൾ ഉൽപ്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75 ശതമാനവും കേന്ദ്ര സർക്കാർ, സംസ്‌ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വിതരണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...