ന്യൂഡൽഹി: കേരള പോലീസിനെതിരെ (Kerala Police) ഗുരുതര ആരോപണമുന്നയിച്ച സിപിഐ (CPI) നേതാവും ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയ്ക്കെതിരെ (Annie Raja) അച്ചടക്ക നടപടി വേണ്ടെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് യോഗം. സംഭവത്തിൽ ആനി രാജ വിശദീകരണം നൽകിയിരുന്നു. പാർട്ടി (Party) നയം ലംഘിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര സെക്രട്ടേറിയറ്റ് (Secretariat) യോഗത്തിൽ ആനിയുടെ വിശദീകരണം. വിശദീകരണം ബോധ്യപ്പെട്ടതിനെ തുടർന്ന് ആനി രാജയ്ക്കെതിരെ പാർട്ടി നടപടിയുണ്ടാവില്ലെന്ന് വ്യക്തമാക്കി.
കേരള പോലീസിൽ ആർഎസ്എസ് ഗ്യാങ് ഉണ്ടെന്ന് സംശയിക്കുന്നുവെന്നായിരുന്നു ആനി രാജയുടെ വിവാദ പരാമർശം. തന്റെ ഭാഗം ന്യായീകരിക്കാൻ സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ രേഖ ആനി രാജ ആയുധമാക്കി. ആനിയുടെ പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. സംസ്ഥാന നേതാക്കളുമായി കൂടിയാലോചിക്കാതെയാണ് പ്രസ്താവനയെന്നും അതിൽ കുറ്റപ്പെടുത്തി.
എന്നാൽ, താൻ അഭിപ്രായം പ്രകടമാക്കിയത് രാഷ്ട്രീയ കാര്യങ്ങളിലല്ല. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കേണ്ടത് അത്തരത്തിലുള്ള കാര്യങ്ങളിലാണ്. ഇത് രാഷ്ട്രീയ കാര്യം അല്ലാത്ത കൊണ്ട് തന്നെ സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കേണ്ട കാര്യമില്ലെന്നും ദേശീയ എക്സിക്യുട്ടീവിൽ അവർ വിശദീകരണം നൽകി. കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചായിരുന്നു തന്റെ പ്രതികരണം. മഹിളാ ഫെഡറേഷന്റെ ഭാരവാഹിയെന്ന നിലയിൽ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാൻ സംസ്ഥാന നേതൃത്വത്തോട് ആലോചിക്കേണ്ട കാര്യമില്ല.
Also Read: പോലീസിലുള്ള സിപിഐയുടെ വിശ്വാസം നഷ്ടമായി, ആനി രാജയുടെ പ്രസ്താവന തെളിവ് - MT Ramesh
വിവിധ കോണുകളിൽനിന്നു് വരുന്ന പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് ഒരു സാമൂഹിക പ്രശ്നത്തിൽ ഊന്നിയുള്ള അഭിപ്രായം പറഞ്ഞത്. ഒരു വിഷയം ശ്രദ്ധയിൽ കൊണ്ടുവരുന്നതിനപ്പുറം ആരെയെങ്കിലും ലക്ഷ്യമിട്ടുള്ളതായിരുന്നില്ല പ്രസ്താവനയെന്നും ആനി വിശദീകരിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സമൂഹത്തിൽ വലത് വ്യതിയാനം സംഭവിക്കുന്നതായി തെരഞ്ഞെടുപ്പ് (Election) അവലോകന റിപ്പോർട്ടിൽ സിപിഎം (CPM) വിലയിരുത്തിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് പോലീസിലും (Police) കാണുന്നതെന്നാണ് പറഞ്ഞത്. പോലീസിന്റെ വീഴ്ചകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി (Chief Minister) മുൻപ് പറഞ്ഞിട്ടുണ്ടെന്നും ആനി ചൂണ്ടിക്കാട്ടി. ഈ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ നടപടി വേണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റും ദേശീയ എക്സിക്യുട്ടീവ് യോഗവും തീരുമാനിക്കുകയായിരുന്നു.
Also Read: ആനി രാജയ്ക്ക് നേരെ ഡല്‍ഹിയില്‍ ഗുണ്ടാ ആക്രമണം
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ആനി രാജ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇടതുപക്ഷ നേതാവാണ്, അതിനാല്‍ അവര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരിക്കാം. അതിനാലായിരിക്കാം അവര്‍ അത്തരം ഒരു പ്രസ്താവന നടത്തിയത്. അത് എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...