കശ്മീര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്കു നേരെ കല്ലെറിയല്‍ ആക്രമണം അഴിച്ചു വിടുന്നവരെ നേരിടാന്‍ ഇനി വനിത കമാന്‍ഡോകളും. സൈനികര്‍ക്കു നേരെ കല്ലെറിയുന്ന സംഘങ്ങളില്‍ സ്ത്രീകളും വ്യാപകമായി കൂടിയതോടെയാണ് ഇവരെ നേരിടാന്‍ വനിത കമാന്‍ഡോസിനെ രംഗത്തിറക്കുന്നത്.
രാത്രി കാലങ്ങളിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കണ്ണു മൂടിക്കെട്ടി കൊണ്ടുള്ള പരിശീലനവും, ഒരു മിനിട്ടിനുള്ളില്‍ ആയുധങ്ങളുടെ തകരാറുകള്‍ പരിഹരിച്ച് ശരിയാക്കുന്നതുള്‍പ്പെടെയുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കുന്നുണ്ട്. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് കമാന്‍ഡോസിന്‍റെ നേതൃത്വത്തിലാണ് വനിത കമാന്‍ഡോസിന് പരിശീലനം നല്‍കുന്നത്.
കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സൈനികര്‍ക്കു നേരെയും ആള്‍ക്കാര്‍ക്കു നേരെയും വിഘടനവാദികളായ ആളുകള്‍ കല്ലെറിയുന്ന സംഭവങ്ങള്‍ ഇപ്പോഴാണ് കൂടുതലായത്. കഴിഞ്ഞ മെയ് 7ന് ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി ആര്‍.തിരുമണി നര്‍ബല്‍ മേഖലയില്‍ ഇത്തരത്തില്‍ നടന്നൊരു കല്ലേറില്‍ കൊല്ലപ്പെട്ടിരുന്നു.
മെയ് 2ന് ഷോപ്പിയാനിലെ സവൂര ഗ്രാമത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വാഹനത്തിനു നേരെ കല്ലേറ് ഉണ്ടായിരുന്നു. ഏപ്രില്‍ 30ന് അനന്ത്‌നാഗില്‍ വാഹനങ്ങള്‍ക്കു നേരെയുണ്ടായ കല്ലേറില്‍ ഏഴ് വിനോദ സഞ്ചാരികള്‍ക്ക് പരിക്കേറ്റിരുന്നു.