ന്യൂഡല്‍ഹി: ഉത്തരേന്ത്യയെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്ന വായുമലിനീകരണത്തെ തുടര്‍ന്ന് കേന്ദ്രത്തിനും ഡല്‍ഹി, ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്. സ്ഥിതി ഗൗരവതരമാണെന്നും വായുമലിനീകരണം നിയന്ത്രിക്കാന്‍ തുടര്‍ച്ചയായ നടപടികള്‍ ആവശ്യമാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
മലിനീകരണം നിയന്ത്രിക്കുന്നതിന് പര്യാപ്തമായ നടപടികള്‍ സ്വീകരിക്കാത്തതുമൂലമാണ് അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ എത്തിയതെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിന് തുല്യമാണിതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. മലിനീകരണം നിയന്ത്രിക്കുന്നതിന് അടിയന്തരസ്വഭാവമുള്ള നടപടികള്‍ക്കൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.