ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘര്‍ഷമുണ്ടാകുന്നത്. CAA വിരുദ്ധ പ്രക്ഷോഭകരും നിയമത്തെ അനുകൂലിക്കുന്നവരും തുടര്‍ച്ചയായ രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു.സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് എട്ട് കമ്പനി സിആര്‍പി എഫിനെ വിന്യസിച്ചിട്ടുണ്ട്.ഒരു കമ്പനി വനിതാ ദ്രുത കര്‍മ്മസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. ഗോകുല്‍പുരിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. തലയ്ക്കു പരിക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലാണ് കൊല്ലപെട്ടത്.സംഘര്‍ഷത്തിനിടെ ഒരു നാട്ടുകാരനും കൊല്ലപെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.മരണ സംഖ്യ മൂന്നായെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഭജന്‍പുരയില്‍ പ്രതിഷേധക്കാര്‍ പെട്രോള്‍ പമ്പിന് തീയിട്ടതായും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം, സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് ഡിസിപി വേദ് പ്രകാശ് സൂര്യ പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
നോർത്ത് ഈസ്റ്റ് ഡല്‍ഹിയിലെ മൗജ്പൂർ, കർദാം പുരി, ചന്ദ് ബാഗ്, ദയാൽപൂർ എന്നിവിടങ്ങളിൽ അക്രമങ്ങളും തീപിടുത്തങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കണമെന്നും വ്യാജ കിംവദന്തികളിൽ വിശ്വസിക്കരുതെന്നും ഡല്‍ഹി പോലീസ് അഭ്യര്‍ഥിച്ചു.