നോട്ടുനിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തുവെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ചു?

കള്ളനോട്ടും കള്ളപ്പണവും നിര്‍ത്തലാക്കാന്‍ നടപ്പിലാക്കിയ നോട്ട് നിരോധനം, ഇന്ത്യയിലെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചുവെന്ന കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പിന്‍വലിച്ചു.  

Last Updated : Nov 28, 2018, 03:27 PM IST
നോട്ടുനിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തുവെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ചു?

ന്യൂഡല്‍ഹി: കള്ളനോട്ടും കള്ളപ്പണവും നിര്‍ത്തലാക്കാന്‍ നടപ്പിലാക്കിയ നോട്ട് നിരോധനം, ഇന്ത്യയിലെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചുവെന്ന കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പിന്‍വലിച്ചു.  

അതുകൂടാതെ, നോട്ടുനിരോധനം കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ 20നാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഈ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്. ബിജെപിയില്‍ നിന്നടക്കം കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ലമെന്‍റിന്‍റെ ധനകാര്യ സ്റ്റാന്‍റി൦ഗ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രാലയം പിന്‍വലിച്ചത്. പുതിയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. 

നിലവില്‍ പ്രയോഗത്തിലിരുന്ന കറന്‍സി നോട്ടുകളില്‍ 86% നോട്ട് നിരോധന സമയത്ത് കടലാസ് മാത്രമായി മാറിയപ്പോള്‍ അത് ഏറ്റവുമധികം ദുരിതത്തിലാക്കിയത് പാവം കാര്‍ഷകരെയാണ് എന്നായിരുന്നു കേന്ദ്ര കാര്‍ഷിക മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. വിത്തുകളും ധാന്യങ്ങളും വാങ്ങിക്കാന്‍ കര്‍ഷകര്‍, പ്രത്യേകിച്ച് ചെറുകിട കര്‍ഷകര്‍ കറന്‍സി നോട്ടുകളെയാണ് ആശ്രയിക്കുന്നത്. കേന്ദ്രത്തിന്‍റെ നീക്കം ചെറുകിട കര്‍ഷകരെ സാരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

നോട്ടുനിരോധനം രണ്ടാം വാര്‍ഷികത്തിലേക്ക് കടക്കവേ കഴിഞ്ഞ 20നാണ് മന്ത്രാലയം പാര്‍ലമെന്‍റിന്‍റെ ധനകാര്യ സ്റ്റാന്‍റി൦ഗ് കമ്മിറ്റിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‍ലി അദ്ധ്യക്ഷനായ  സമിതിയിലെ ബിജെപി അംഗങ്ങള്‍ റിപ്പോര്‍ട്ടില്‍ കൃത്യതയില്ലെന്നും കൃഷിമന്ത്രാലയ സെക്രട്ടറിയുടെ ഒപ്പില്ലാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടിലെ നോട്ട് നിരോധനം സംബന്ധിച്ച കാര്യങ്ങള്‍ വീരപ്പമൊയ്‍ലി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതും വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് നോട്ട് നിരോധനം കാര്‍ഷികമേഖലയെ ദോഷകരമായി ബാധിച്ചില്ലെന്ന് മന്ത്രാലയം നിലപാട് മാറ്റിയത്. വിളകളുടെ ഉദ്പാദനമടക്കം മുന്‍വര്‍ഷങ്ങളില്‍ കൂടുകയാണ് ചെയ്തതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കര്‍ഷകരെ ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. കാര്‍ഷിക ഉത്പ്പാദനങ്ങളുടെ വിലയെ നോട്ട് നിരോധനം ബാധിച്ചില്ലെന്നും പുതിയ റിപ്പോര്‍ട്ടിലൂടെ മന്ത്രാലയം അവകാശപ്പെടുന്നുണ്ടെന്നാണ് സൂചന. 

എന്നാല്‍ പുതിയ റിപ്പോര്‍ട്ടിനെതിരെ വലിയ പ്രതിഷേധമുയര്‍ത്താനാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ തീരുമാനം.

കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിംഗും വീരപ്പ മൊയ്‌ലിയുമടക്കം 31 അംഗങ്ങളാണ് സ്റ്റാന്‍ഡി൦ഗ് കമ്മിറ്റിയില്‍ ഉള്ളത്. കള്ളപ്പണത്തിന്‍റെ ഒഴുക്ക് തടയാനെന്ന പേരിലാണ് 500, 1000 രൂപയുടെ കറന്‍സി നോട്ടുകളെല്ലാം പിന്‍വലിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് നിരോധം ഏര്‍പ്പെടുത്തിയത്. ഈ നീക്കം കര്‍ഷകരേയും ചെറുകിട വ്യവസായികളേയും സാരമായി ബാധിച്ചുവെന്ന് പ്രതിപക്ഷം മുന്‍പും വിമര്‍ശിച്ചിരുന്നു.

 

Trending News