അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ലൈംഗികവിവാദവും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിയ്ക്കുകയാണ്. ഇപ്പോള്‍ ബിജെപി നേതാക്കള്‍ക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങിയിരിക്കുകയാണ് പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍. ഗാന്ധിനഗറില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന റാലിയില്‍ ചില ബിജെപി നേതാക്കള്‍ക്കെതിരെ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ഹര്‍ദിക് പട്ടേല്‍ അറിയിച്ചിരിക്കുന്നത്.
എന്തിനെക്കുറിച്ചാണെന്നോ ആരെക്കുറിച്ചാണെന്നോ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ഒരു വലിയ സ്ഫോടനം സൃഷ്ടിക്കുന്ന വിവരങ്ങളാകും അതെന്നും ഹര്‍ദിക് പട്ടേല്‍ അറിയിച്ചു. ഗാന്ധിനഗറിലെ മാന്‍സയിലാണ് ശനിയാഴ്ച റാലി നടക്കുക. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ജന്മദേശമാണ് മാന്‍സ.
പട്ടേല്‍ സമരത്തിന് നേതൃത്വം നല്കുന്ന ഹാര്‍ദിക് പട്ടേലിന്റെ അശ്ലീല സിഡി പുറത്തായതോടെയാണ് രാഷ്ട്രീയചര്‍ച്ചകള്‍ വഴി മാറിയത്. ഹാര്‍ദിക് പട്ടേലിന്റേതെന്ന് അവകാശപ്പെട്ട് ചില സെക്സ് ടേപ്പുകള്‍ ബിജെപി കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍, ഇത്തരമൊരു വിവാദം തന് പ്രതീക്ഷിച്ചിരുന്നതാണെന്നും ദൃശ്യങ്ങളില്‍ കാണുന്നത് താനല്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ബിജെപിയുടെ വിലകുറഞ്ഞ തെരഞ്ഞെടുപ്പ് തന്ത്രമാണിതെന്നാണ് ഹര്‍ദിക് അനുയായികള്‍ ആരോപിച്ചത്.
ഹാര്‍ദ്ദിക് പട്ടേലിന് പിന്തുണയുമായി ഗുജറാത്തിലെ ദളിത് യുവനേതാവ് ജിഗ്നേശ് മേവാനിയും രംഗത്തെത്തിയിരുന്നു. തന്റെ ലൈംഗിക വീഡിയോ എപ്പോഴാണ് പുറത്തു വരുന്നതെന്ന് ചോദിക്കുന്നവരോട് ഹാസ്യരൂപത്തില്‍ മറുപടി പറയാനും ജിഗ്നേശ് മറന്നില്ല. സിഡി വരുമ്പോള്‍ കാണണം എന്നാണ് അത്തരക്കാരോട് ജിഗ്നേശ് മറുപടി പറഞ്ഞത്.
അതേസമയം, പട്ടേൽസംവരണ നേതാവ് ഹാർദിക് പട്ടേലിന്റേത് സർദാർ വല്ലഭ്ഭായി പട്ടേലിന്റെ പൈതൃകമാണെന്ന പരാമര്‍ശവുമായി കോൺഗ്രസ് നേതൃത്വവും രംഗത്തെത്തി. ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ശക്തിസിംഗ് ഗോഹിലാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.