പെരുമാറ്റച്ചട്ട ലംഘനം: യോഗിക്കും മായാവതിയ്ക്കും വിലക്ക്

പെരുമാറ്റചട്ട ലംഘനത്തില്‍ എന്തു നടപടിയെടുത്തുവെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് പിന്നാലെ നടപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍!!

Last Updated : Apr 15, 2019, 03:26 PM IST
പെരുമാറ്റച്ചട്ട ലംഘനം: യോഗിക്കും മായാവതിയ്ക്കും വിലക്ക്

ന്യൂഡല്‍ഹി: പെരുമാറ്റചട്ട ലംഘനത്തില്‍ എന്തു നടപടിയെടുത്തുവെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് പിന്നാലെ നടപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍!!

ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അദ്ധ്യക്ഷ മായാവതിക്കുമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. രണ്ടുപേര്‍ക്കുമെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് അനുസരിച്ച് മായാവതി 48 മണിക്കൂറും യോഗി ആദിത്യനാഥ് 72 മണിക്കൂറും പ്രചാരണത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. 16ന് രാവിലെ 6 മണി മുതലാണ് വിലക്ക് നിലവില്‍ വരിക.  

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രസംഗത്തില്‍ ഇരുവരും പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇരുവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. 24 മണിക്കൂറിനകം ഇരുവരും വിശദീകരണം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 

മീററ്റിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്. അലി എന്ന അറബി വാക്കും ഹിന്ദു ദൈവമായ ഹനുമാനുമായി ബന്ധപ്പെട്ട ബജരംഗബലി എന്ന വാക്കും തമ്മില്‍ താരതമ്യം ചെയ്തായിരുന്നു പ്രസംഗം. കോണ്‍ഗ്രസിനും സമാജ്‌വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്കും അലിയിലാണ് വിശ്വാസമെങ്കില്‍ ഞങ്ങള്‍ക്ക് ഹനുമാനിലാണ് വിശ്വാസം എന്നായിരുന്നു യോഗിയുടെ പരാമര്‍ശം. 

അതേസമയം യു.പിയില്‍ നടന്ന എസ്.പി-ബി.എസ്.പി സംയുക്ത റാലിയില്‍ മതസ്പര്‍ദ്ധ ഉളവാക്കുന്ന രീതിയില്‍ സംസാരിച്ചതിനാണ് മായാവതിക്ക് നോട്ടിസ്. കഴിഞ്ഞ 13ന് ബുലന്ദ്‌ശഹറില്‍ നടന്ന തിരഞ്ഞടുപ്പ് റാലിയിലായിരുന്നു മായാവതിയുടെ വിവാദ പ്രസംഗം. ഞങ്ങള്‍ക്ക് അലിയും വേണം ബജരംഗബലിയും വേണം, കാരണം അവര്‍ ദളിത് സമുദായത്തില്‍നിന്നുള്ളവരാണ്. ഞങ്ങളുടെ അലിയുമുണ്ട്, ബജരംഗബലിയുമുണ്ട്. കൂടാതെ, ബജരംഗബലിയുടെ ജാതി ഏതെന്ന് വ്യക്തമാക്കിയത് യോഗി ആദിത്യനാഥാണെന്നും മായാവതി പറഞ്ഞു.

 

Trending News