"പിഎം മോദി"യുടെ നിര്‍മ്മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ജീവിതകഥ' പറയുന്ന "പിഎം നരേന്ദ്ര മോദി"യുടെ നിർമ്മാതാക്കൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. നിർമ്മാതാക്കളുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

Last Updated : Mar 27, 2019, 01:37 PM IST
"പിഎം മോദി"യുടെ നിര്‍മ്മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ജീവിതകഥ' പറയുന്ന "പിഎം നരേന്ദ്ര മോദി"യുടെ നിർമ്മാതാക്കൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. നിർമ്മാതാക്കളുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

പിഎം നരേന്ദ്രമോദിയുടെ പ്രൊഡക്ഷൻ ഹൗസിനും മ്യൂസിക് കമ്പനിക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സിനിമയുടെ പരസ്യം നല്‍കിയ രണ്ട് പത്രങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 30 വരെയാണ് മറുപടി നല്‍കാന്‍ സമയം നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാണ് ആരോപണം. 

തിരഞ്ഞെടുപ്പ് കാലത്തെ ഏത് രാഷ്ട്രീയ പരസ്യത്തിനും – ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ വഴിയുള്ളതായാലും – തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെ അംഗീകാരം വേണമെന്ന് ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു. ഇതിന് വിരുദ്ധമായാല്‍ അത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. അതാര് ചെയ്താലും വിശദീകരണം നല്‍കേണ്ടി വരുമെന്നും രണ്‍ബീര്‍ സിംഗ് വ്യക്തമാക്കി.

ഇതോടെ അടുത്തമാസം 5ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതത്വത്തിലായി.

അതേസമയം, പിഎം നരേന്ദ്രമോദി റിലീസ് ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നുകാട്ടി കോൺഗ്രസാണ് ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഈ സിനിമ ഒരു കലാ സൃഷ്ടി എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ പ്രചരണായുധമായാണ് ഉപയോഗിക്കുന്നത് എന്ന് കോണ്‍ഗ്രസ് പറയുന്നു. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്വി, ആര്‍പിഎന്‍ സിംഗ്, രണ്‍ദീപ് സിംഗ് സൂര്‍ജെവാല എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. സിനിമയുടെ ലക്ഷ്യം രാഷ്ട്രീയം മാത്രമാണ്, തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുക – കപില്‍ സിബല്‍ പറഞ്ഞു.

ചിത്രം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചിത്രം നിരോധിക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം.

 

Trending News